X

കുപ്പായമിട്ട കാരാട്ട് ഫൈസല്‍ പുറത്ത്; പകരം ഐഎന്‍എല്‍ നേതാവ്

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ സംശയത്തിന്റെ നിഴലിലുള്ള കാരാട്ട് ഫൈസലിന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച് എല്‍ഡിഎഫ്. ഐഎന്‍എല്‍ പ്രാദേശിക നേതാവ് ഒപി റഷീദ് പകരം മത്സരിക്കും. കൊടുവള്ളി നഗരസഭയിലേക്കാണ് കാരാട്ട് ഫൈസല്‍ മത്സരിക്കാന്‍ തയ്യാറായിരുന്നത്. പോസ്റ്ററുകള്‍ അടിച്ച് പ്രചാരണം തുടങ്ങിയ ശേഷമാണ് ഫൈസല്‍ ഗോദയില്‍ നിന്ന് പിന്മാറുന്നത്.

പിടിഎ റഹീം, കാരാട്ട് റസാഖ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് കാരാട്ട് ഫൈസലിനെ ചുണ്ടപ്പുറം ഡിവിഷനിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത ഫൈസലിനെ സ്ഥാനാര്‍ത്ഥിയാക്കിയത് വിവാദങ്ങള്‍ക്കിടയാക്കി. ഇതിന് പിന്നാലെ സിപിഎം സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയിലാണ് ഫൈസലിനെ പിന്‍വലിക്കാന്‍ തീരുമാനമായത്.

കൊടുവള്ളി സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റാണ് പുതിയ സ്ഥാനാര്‍ത്ഥി ഒ.പി.റഷീദ്. എന്നാല്‍ ഇത് എല്‍ഡിഎഫിന്റെ ഡമ്മി സ്ഥാനാര്‍ഥിയാണെന്നാണ് യുഡിഎഫ് ആരോപണം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പറമ്പത്തുകാവില്‍നിന്നാണ് ഫൈസല്‍ വിജയിച്ചത്. ഇത്തവണ അവിടെ വനിതാ സംവരണമായതോടെയാണ് ചുണ്ടപ്പുറം ഡിവിഷനില്‍ പരിഗണിച്ചത്.

അതിനിടെ, സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഫൈസല്‍ മത്സരരംഗത്തുണ്ടാകുമോ എന്നതില്‍ വ്യക്തതയില്ല.

Test User: