ലക്‌നൗ: ബിജെപിയുടെ വന്‍ വിജയത്തിന് പിന്നാലെ ഉത്തര്‍ പ്രദേശിലെ ഗ്രാമങ്ങളില്‍ മുസ്‌ലിം വിരുദ്ധ പോസ്റ്ററുകള്‍. ‘ മുസ്‌ലിംകള്‍ ഉടന്‍ നാടുവിടണം’ എന്ന് ആഹ്വാനം ചെയ്താണ് പോസ്റ്റുകള്‍ പ്രത്യക്ഷപെട്ടിരിക്കുന്നത്.
യുപിയിലെ ബാരിയേലി ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലാണ് വ്യാപകമായ പോസ്റ്റര്‍ പ്രചരണം. ജിയാന്‍ഗ്ലാ ഗ്രാമത്തില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ ഈ വര്‍ഷമവസാനം വരെ നാടുവിട്ടു പോകാന്‍ മുസ്‌ലിംങ്ങള്‍ക്ക് സമയം നല്‍കിയിരിക്കുന്നു എന്നും പറഞ്ഞിട്ടുണ്ട്. പ്രദേശത്തെ ഭൂരിപക്ഷ സമുദായത്തിന്റെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ബിജെപിയാണ് അധികാരത്തില്‍ അതുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവിടുത്തെ മുസ്‌ലിംങ്ങളോട് ചെയ്യുന്നത് ഇവിടുത്തെ ഹിന്ദുക്കളും ചെയ്യും എന്ന് പോസ്റ്ററില്‍ എഴുതിയിരിക്കുന്നതായി വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥലത്തെ ബിജെപി എംപിയുടെ പേരിലാണ് പോസ്റ്ററുകള്‍. ഭൂരിപക്ഷ സമുദായക്കാരാണ് ഇതില്‍ ഒപ്പിട്ടിരിക്കുന്നതെന്ന അവകാശവാദവും ഇതിലുണ്ട്. നാടുവിട്ടു പോയില്ലങ്കില്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും പോസ്റ്ററില്‍ ഭീഷണിപ്പെടുത്തുന്നുണ്ട്.

bjp_uttar_pradesh_2_14896
തിങ്കളാഴ്ച രാവിലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്റര്‍ പ്രചാരണത്തെ തുടര്‍ന്ന് പൊലീസ് കേസെടുത്തു. പോസ്റ്ററുകളും നീക്കം ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സമാധാനപരമായിട്ടാണ് ഇവിടെ എല്ലാവരും കഴിയുന്നതെന്നും അത് തകര്‍ക്കാനുള്ള ചിലരുടെ ശ്രമമാണിതെന്നുമാണ് ഗ്രാമവാസികള്‍ പറയുന്നു.
മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് ബിഎസ്പിയും എസ്പിയും ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പോസ്റ്റര്‍ പ്രചരണം. മുസഫര്‍നഗറും മൊറാദാബാദും ഉള്‍പെടെ വംശീയ കലാപം നടന്ന ആറ് മണ്ഡലങ്ങളില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചത് സംശയങ്ങള്‍ക്കിടയാക്കിയിരുന്നു.