X

ത്രികോണച്ചുഴി തീര്‍ത്ത് വംഗനാട്

സക്കീര്‍ താമരശ്ശേരി

തൃണമൂല്‍ കോണ്‍ഗ്രസിന്റെയും മമത ബാനര്‍ജിയുടെയും സമഗ്രാധിപത്യമാണ് വംഗനാടെന്ന് അറിയപ്പെടുന്ന പശ്ചിമ ബംഗാളിലിപ്പോള്‍. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തുടങ്ങിയ മമതയുടെ അശ്വമേധത്തെ പിടിച്ചുകെട്ടാന്‍ ആര്‍ക്കു കഴിയുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ഏപ്രില്‍ 11 മുതല്‍ മേയ് 19 വരെ ഏഴ് ഘട്ടങ്ങളിലും വോട്ടെടുപ്പ് നടക്കുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ ഒന്നാണ് ബംഗാള്‍. ബി.ജെ.പിക്കെതിരെ പ്രതപക്ഷത്തിന്റെ മഹാസഖ്യമൊന്നും ഇവിടെയില്ല. ഉത്തര്‍പ്രദേശും മഹാരാഷ്ട്രയും കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം ലോക്‌സഭാ സീറ്റുകളുള്ള സംസ്ഥാനം. 42 സീറ്റ്. 40 ശതമാനം വനിതാ സംവരണവും സിനിമാ താരങ്ങള്‍ നിറഞ്ഞ സ്ഥാനാര്‍ത്ഥി പട്ടികയുമായി മമത രംഗത്തെത്തിയതും സി.പി.എമ്മിന്റെ 26 എം.എല്‍.എമാരില്‍ ഒരാളായ ഖഗന്‍ മുര്‍മുവും തൃണമൂല്‍ പുറത്താക്കിയ എം.പി അനുപം ഹസ്ര, കോണ്‍ഗ്രസ് എം.എല്‍.എ ദുലാല്‍ ചന്ദ്ര ബാര്‍ എന്നിവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതും കോണ്‍ഗ്രസ്- സി.പി.എം സഹകരണവുമാണ് ബംഗാളിലെ പുതിയ വാര്‍ത്ത. ദേശീയതലത്തില്‍ ബി.ജെ.പി വിരുദ്ധ ചേരിയുടെ നേതൃത്വത്തില്‍ തന്റെ അനിഷേധ്യ സ്ഥാനം അരക്കിട്ടുറപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മമത തുടരുന്നതിനിടെയാണ് തെരഞ്ഞെടുപ്പെത്തുന്നത്.

സി.പി.എം-കോണ്‍ഗ്രസ് ഭായി ഭായി
ബംഗാളിലെ ആറ് സീറ്റില്‍ പരസ്പരം മല്‍സരം വേണ്ടെന്ന സി.പി.എമ്മിന്റെ അഭ്യര്‍ത്ഥന കോണ്‍ഗ്രസ് അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ തവണ സിപിഎം ജയിച്ച റായ്ഗഞ്ച്, മുര്‍ഷിദബാദ് മണ്ഡലങ്ങളില്‍ സി.പി.എം തന്നെ മല്‍സരിക്കും. റായ്ഗഞ്ചില്‍ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം മുഹമ്മദ് സലീമും മുര്‍ഷിദബാദില്‍ ബദറുദോസ ഖാനും ഇത്തവണയും ജനവിധി തേടും. 2014 ല്‍ റായ്ഗഞ്ചില്‍ കോണ്‍ഗ്രസിന്റെ ദീപാ ദാസ്മുന്‍ഷി 1634 വോട്ടിനാണ് മുഹമ്മദ് സലിമിനോടു തോറ്റത്. മാള്‍ഡ ജില്ല അടക്കമുള്ള പരമ്പരാഗത ശക്തി കേന്ദ്രങ്ങളും നിലവിലെ നാല് സീറ്റുകളും നിലനിര്‍ത്താനുള്ള പോരാട്ടമാണ് കോണ്‍ഗ്രസ് നടത്തുന്നത്.

വോട്ടുതേടി താരനിര
മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ശതാബ്ധി റോയ്, ദീപക് അധികാരി തുടങ്ങിയ താരനിരയെയാണ് മമത അണിനിരത്തിയിരിക്കുന്നത്. ഇവരില്‍ ശതാബ്ധി റോയ്, ദീപക് അധികാരി എന്നിവര്‍ നിലവില്‍ എം.പിമാരാണ്. ജാദവ്പൂരില്‍ മിമി ചക്രബര്‍ത്തി, ബാസിര്‍ഹാട്ടില്‍ നുസ്രത് ജഹാന്‍ എന്നിവര്‍ മല്‍സരിക്കും. നേരത്തെ എം.പിമാരായിരുന്ന സന്ധ്യ റോയ്, തപസ് പോള്‍ എന്നീ താരങ്ങളെ ഒഴിവാക്കി. ഇന്ദ്രജിത് ഗുപ്ത, സോമനാഥ് ചാറ്റര്‍ജി, മമത ബാനര്‍ജി തുടങ്ങിയ രാഷ്ട്രീയ അതികായര്‍ വിജയം കണ്ട മണ്ഡലമാണ് ജാദവ്പൂര്‍. 1984ല്‍ സോമനാഥ് ചാറ്റര്‍ജിയെ ജാദവ്പൂരില്‍ അട്ടിമറിച്ചുകൊണ്ടാണ് മമത ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധ നേടിയത്. യു.എസിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ഹിസ്റ്ററി പ്രൊഫസറായ സുഗത ബോസ് ആണ് ഇവിടെ തൃണമൂലിന്റെ സിറ്റിങ് എംപി. ഇത്തവണ സുഗത ബോസ് മത്സരിക്കുന്നില്ല. 10 എം.പിമാര്‍ക്ക് മമത ഇത്തവണ സീറ്റ് നല്‍കിയില്ല എന്നതും ശ്രദ്ധേയമാണ്. 2014ല്‍ സി.പി.എമ്മിലെ മുതിര്‍ന്ന നേതാവും ലോക്‌സഭ കക്ഷി നേതാവുമായിരുന്ന ബസുദേബ് ആചാര്യയെ അട്ടിമറിച്ച് ലോക്‌സഭയിലെത്തിയ മുണ്‍മൂണ്‍ സെന്നിനെ ഇത്തവണ മമത ഇറക്കിയിരിക്കുന്നത് ബി.ജെ.പിയുടെ ബാബുള്‍ സുപ്രിയോയില്‍ നിന്ന് അസന്‍സോള്‍ പിടിച്ചെടുക്കാനാണ്. ബാങ്കുറയില്‍ മന്ത്രി സുബ്രത മുഖര്‍ജിയും തൃണമൂലിനായി അങ്കംകുറിക്കും. കഴിഞ്ഞ വര്‍ഷം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നേറ്റമുണ്ടാക്കിയ ബാങ്കുറ, ഝാര്‍ഗ്രാം, മിഡ്‌നാപൂര്‍, ബോല്‍പൂര്‍ എന്നിവടങ്ങളിലെല്ലാം കരുതലോടെയുള്ള മാറ്റങ്ങളാണ് മമത നടത്തിയത്.

ബി.ജെ.പിയുടെ സ്വപ്‌നങ്ങള്‍
നിയമസഭയിലെ രണ്ടാം കക്ഷിയായ കോണ്‍ഗ്രസിനെയും (42 സീറ്റ്) മൂന്നാം കക്ഷിയായ സി.പി.എമ്മിനെയും മറികടന്ന് തൃണമൂലിന്റെ എതിരാളി തങ്ങളാണെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. ബംഗാള്‍ പിടിച്ചെടുക്കുക എന്നത് ബി.ജെ.പിയുടെ ചിരകാല സ്വപ്‌നമാണ്. ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ നാടിനെ 2019ലെങ്കിലും കാവി പുതപ്പിക്കാന്‍ കഴിയുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. സി.പി.എം കോട്ടയായ ത്രിപുര പിടിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്തുകൊണ്ട് ബംഗാള്‍ വീഴില്ല എന്നാണ് ബി.ജെ.പിയുടെ ചോദ്യം. ഈ തെരഞ്ഞെടുപ്പില്‍ തൃണമൂലിനേക്കാള്‍ കൂടുതല്‍ സീറ്റ് നേടാം എന്ന വ്യാമോഹമൊന്നും ബി.ജെ.പിക്കില്ല. അതേസമയം ആദ്യമായി ബംഗാളിലെ രണ്ടാമത്തെ വലിയ കക്ഷിയാകാം എന്ന പ്രതീക്ഷ അവര്‍ വെച്ചുപുര്‍ത്തുന്നു. അസന്‍സോളും ഡാര്‍ജിലിങുമാണ് ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകള്‍. ഡാര്‍ജിലിങില്‍ ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചയുടെ പിന്തുണയില്ലാതെ ബിജെപിക്ക് ജയിക്കാനാകില്ല. ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച നേതാവും ഡാര്‍ജിലിങ് എം.എല്‍.എയുമായ അമര്‍ സിങ് റായിയെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കി മമത ഞെട്ടിച്ചു. ഇതോടെ ബി.ജെ.പിക്ക് ഇത്തവണ ഈ സീറ്റ് നഷ്ടപ്പെടാന്‍ സാധ്യതയേറെയാണ്.

ഫാസിസ്റ്റുകള്‍ക്ക് താക്കീത്
ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ രഥയാത്ര പദ്ധതികളെ സംഘര്‍ഷ സാധ്യത ചൂണ്ടിക്കാട്ടി കോടതിയില്‍ തടയാന്‍ കഴിഞ്ഞതും സര്‍ക്കാരിന്റെ നിലപാടിന് അംഗീകാരം കിട്ടിയതും മമതയുടെ രാഷ്ട്രീയ വിജയമാണ്. അമിത് ഷായുടെ ഹെലികോപ്റ്ററിന് ഇറങ്ങാന്‍ അനുമതി നിഷേധിച്ചും മമത ബി.ജെ.പിയെ ഒതുക്കി.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ജാര്‍ഖണ്ഡില്‍ ഹെലികോപ്റ്റര്‍ ഇറക്കി റോഡ് മാര്‍ഗം വരേണ്ടി വന്നു. ബ്രിഗേഡ് പരേഡില്‍ മമത സംഘടിപ്പിച്ച പ്രതിപക്ഷ ഐക്യ റാലിയും വര്‍ഗീയ വാദികള്‍ക്ക് താക്കീതായി. ഇടതുപക്ഷം തനിക്കൊരു വെല്ലവിളിയേ അല്ല എന്ന് പറയാനായി അവരെ രാഷ്ട്രീയ ചര്‍ച്ചകളില്‍ പൂര്‍ണമായും അവഗണിക്കുന്നതും ദീദിയുടെ വിജയമാണ്.

chandrika: