കൊച്ചി: ദിലീപിനെതിരെ വീണ്ടും ആഞ്ഞടിച്ച് ലിബര്‍ട്ടി ബഷീര്‍. നടിക്കെതിരായ ദിലീപിന്റെ ആക്രമണം പാളിപ്പോയതുകൊണ്ടാണ് സംയുക്തവര്‍മ്മ, ഗീതുമോഹന്‍ദാസ്, ശ്രീകുമാര്‍ എന്നിവര്‍ രക്ഷപ്പെട്ടതെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

ഇതിലും വലിയ ക്വട്ടേഷനാണ് അയാള്‍ ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ നടിക്കെതിരായ ആക്രമണം പാളിയതുകൊണ്ട് പല ക്വട്ടേഷനുകളും നടന്നില്ല. സംയുക്തവര്‍മ്മയും, ശ്രീകുമാറും, ഗീതുമോഹന്‍ദാസുമൊക്കെ ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടതെന്നും ബഷീര്‍ പറഞ്ഞു. ഇന്നത്തെ കോടതിവിധിയോടെ ദിലീപ്കുറ്റക്കാരനാണെന്ന് കേരളത്തിലെ മുഴുവന്‍ ആളുകള്‍ക്കും മനസ്സിലായി. താനും കൊടിയേരിയും ഗൂഢാലോചന നടത്തിയാണ് ദിലീപിനെ അറസ്റ്റു ചെയ്തതെന്നാണ് പി.സി ജോര്‍ജ്ജ് പറഞ്ഞത്. എന്നാല്‍ ഹൈക്കോടതിവിധിയോടെ ഇതെല്ലാം കള്ളമാണെന്ന് തെളിഞ്ഞു. നിഷാമിന്റെ കേസില്‍ സംഭവിച്ചതുപോലെയാകും ഇതിലും സംഭവിക്കുക. ദിലീപ് കാലാകാലങ്ങളായി ജയിലില്‍ തന്നെ കിടക്കും. കേസ് ഡയറിയില്‍ നടനെതിരായ കുറ്റങ്ങള്‍ കൃത്യമായി എഴുതിയിട്ടുള്ളതിനാലായിരിക്കും കോടതി ജാമ്യം നിഷേധിച്ചത്. ദിലീപിന്റെ എല്ലാ കാര്യങ്ങളും അപ്പുണ്ണിക്ക് അറിയാം. അയാളെ കിട്ടിയാല്‍ ദിലീപ് ചെയ്തതും ചെയ്യാനിരുന്നതുമായ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ വെളിപ്പെടുമെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ ദിലീപിനെതിരായി ഗുരുതരമായ നിരീക്ഷണങ്ങളാണ് കോടതി നടത്തിയത്.