കൊച്ചി: നിര്‍മ്മാതാവിന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോയ കേസില്‍ പള്‍സര്‍ സുനിയെ റിമാന്‍ഡ് ചെയ്തു. അടുത്ത മാസം രണ്ട് വരെയാണ് റിമാന്‍ഡ് കാലാവധി. കേസിലെ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് പള്‍സര്‍ സുനിയെ എറണാകുളം എസിജെഎം കോടതിയില്‍ ഹാജരാക്കിയത്.

കേസിലെ കൂട്ടുപ്രതികളായ അഷ്‌റഫ്, എബിന്‍ കുര്യാക്കോസ്, ബിബിന്‍ വി പോള്‍, ഇ കെ സുനീഷ് എന്നിവരുടെ കസ്റ്റഡി കാലാവധി ശനിയാഴ്ച്ച അവസാനിച്ചിരുന്നു. പ്രതികള്‍ യുവ നടിയെ തട്ടിക്കൊണ്ടുപോകാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും അത് നടക്കാതെ പോവുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട് യുവനടിയില്‍ നിന്നും പോലീസ് വരും ദിവസങ്ങളില്‍ മൊഴിയെടുത്തേക്കും

കൊച്ചിയില്‍ 2011ല്‍ നിര്‍മ്മാതാവിന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രാരംഭ ഘട്ട അന്വേഷണങ്ങളെല്ലാം പോലീസ് പൂര്‍ത്തിയാക്കി. അന്വേഷണത്തിന്റെ ഭാഗമായി കോടതി പള്‍സര്‍ സുനിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. കസ്റ്റഡി കാലാവധി പൂര്‍ത്തിയായതോടെ റിമാന്‍ഡ് നീട്ടാന്‍ കോടതി ഉത്തരവിടുകയായിരുന്നു. കേസിലെ തെളിവെടുപ്പ് പൊലീസ് പൂര്‍ത്തിയാക്കിയിരുന്നു. ഈ കേസില്‍ പള്‍സര്‍ സുനി സമര്‍പ്പിച്ച ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ സിജെഎം കോടതി മറ്റന്നാള്‍ പരിഗണിക്കും.