തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടുമെന്ന് ഉറപ്പായി. തിയ്യതി പിന്നീട് തീരുമാനിക്കും. പൊലീസ്, ആരോഗ്യ വിദഗ്ധര്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തിയതിന് ശേഷമായിരിക്കും തിയ്യതി തീരുമാനിക്കുക.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടിയാലോചന നടത്തും. സര്‍ക്കാറുമായി ആലോചിച്ച് തിയ്യതി സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തും. നവംബര്‍ അവസാനമോ ഡിസംബറിലോ ആയിരിക്കും തെരഞ്ഞെടുപ്പ് നടക്കുക എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

നേരത്തെ ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചിച്ചിരുന്നത്. എന്നാല്‍ കോവിഡ് വ്യാപന നിരക്ക് കുതിച്ചുയര്‍ന്നതോടെ തെരഞ്ഞെടുപ്പ് നീട്ടാന്‍ തീരുമാനിക്കുകയായിരുന്നു. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ വോട്ടര്‍മാര്‍ ബൂത്തുകളിലെത്താന്‍ മടിക്കുമെന്നും അതിനാല്‍ തെരഞ്ഞെടുപ്പ് നീട്ടണമെന്നും യുഡിഎഫ് നേതാക്കള്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ അറിയിച്ചിരുന്നു.