കൊച്ചി: മുര്‍ഷിദാബാദിലും കൊച്ചിയിലും നടത്തിയ റെയ്ഡില്‍ ഒമ്പത് അല്‍ഖാഇദ ഭീകരര്‍ പിടിയിലായതായി എന്‍ഐഎ. ആറ് പേരെ മുര്‍ഷിദാബാദില്‍ നിന്നും മൂന്ന് പേരെ കൊച്ചിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദി ഗ്രൂപ്പുകളെ കുറിച്ച് വിവരം കിട്ടിയതിന് തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായതെന്ന് എന്‍ഐഎ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മൊഷര്‍ഫ് ഹസന്‍ എന്നിവരാണ് കൊച്ചിയില്‍ നിന്ന് പിടിയിലായത്. കെട്ടിടനിര്‍മാണ തൊഴിലാളികളായി ജോലി ചെയ്യുകയായിരുന്നു ഇവര്‍. മിനിഞ്ഞാന്ന് രാത്രി തന്നെ ഇവരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക് അല്‍ഖാഇദയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയാണ് എന്‍ഐഎ പറയുന്നത്.

ഡല്‍ഹിയില്‍ ഇവര്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നു എന്നാണ് എന്‍ഐഎ പറയുന്നത്. ഡിജിറ്റല്‍ ഡിവൈസുകളും ആയുധങ്ങളും ദേശവിരുദ്ധ ലേഖനങ്ങളും ഇവരില്‍ നിന്ന് കണ്ടെടുത്തതായി എന്‍ഐഎ സംഘം വ്യക്തമാക്കി. ഡല്‍ഹി കേന്ദ്രീകരിച്ചാണ് ഇവരുടെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നതിനാല്‍ ഇവരെ ഡല്‍ഹി എന്‍ഐഎ യൂണിറ്റിന് കൈമാറുമെന്നാണ് വിവരം.