പ്രതിദിനം ഒരു സിഗരറ്റ് പാക്കറ്റ് പുകച്ച് തള്ളിയാല്‍ ഉണ്ടാകുന്ന ഗുരുതര പ്രശ്‌നങ്ങള്‍ക്ക് സമാനമാണ് ദീര്‍ഘ നേരമുള്ള ഇരിപ്പ് എന്ന് എത്ര പേര്‍ക്കറിയാം? ദീര്‍ഘ നേരമുള്ള ഇരിപ്പ് ശരീരത്തിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ പലരും ഇതിനെക്കുറിച്ച് ബോധവാന്മാരല്ല എന്നതാണ് യാഥാര്‍ഥ്യം.

ജോലി സ്ഥലത്തായാലും, ടി.വി.യുടെ മുന്നിലായാലും, കാറിലായാലും മണിക്കൂറുകള്‍ നീളുന്ന ഇരിപ്പ് ഒഴിവാക്കേണ്ടത് തന്നെയാണ്. യാതൊരു ശാരീരിക പ്രവര്‍ത്തനങ്ങളുമില്ലാതെ ഒരു ദിവസം എട്ട് മണിക്കൂറിലധികം ഇരിക്കുന്നത് അമിതവണ്ണവും പുകവലിയും ഉയര്‍ത്തുന്നതിന് സമാനമായ അപകട സാധ്യതകള്‍ ഉണ്ടാക്കുമെന്ന് നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അമിത രക്തസമ്മര്‍ദ്ദം, കുടവയര്‍, ഉയര്‍ന്ന കൊളെസ്‌ട്രോള്‍ തോത്, ഹൃദ്രോഗം, അര്‍ബുദം തുടങ്ങി ദീര്‍ഘനേരത്തെ ഇരിപ്പ് ഭാവിയില്‍ ഒരാള്‍ക്ക് സമ്മാനിക്കാവുന്ന രോഗങ്ങള്‍ നിരവധിയാണ്.

എത്ര മാത്രം കുറച്ച് കിടക്കുകയോ ഇരിക്കുകയോ ചെയ്യുന്നോ അത്രയും ആരോഗ്യകരമായ ജീവിതം സാധ്യമാണ്. ദീര്‍ഘനേരം ഇരിക്കുന്നത് കാലുകളിലെയും മറ്റും ഗ്ലൂട്ടിയാല്‍ പേശികളെ ദുര്‍ബലപ്പെടുത്തും. ഈ പേശികള്‍ ദുര്‍ബലമാകുന്നത് എളുപ്പം വീഴാനും പരിക്കേല്‍ക്കാനുമുള്ള സാധ്യത വര്‍ധിപ്പിക്കും. ശരീരം അധികം അനങ്ങാതെ ഇരിക്കുന്നത് കൊഴുപ്പും പഞ്ചസാരയുമൊക്കെ ദഹിക്കാതിരിക്കാന്‍ കാരണമാകും. ഇടുപ്പിനും സന്ധികള്‍ക്കും പ്രശ്‌നങ്ങളുണ്ടാക്കാനും ദീര്‍ഘനേരത്തെ ഇരിപ്പ് വഴിവയ്ക്കും. ശരിയായ വിധത്തിലല്ല ഇരിക്കുന്നതെങ്കില്‍ പുറം വേദന അടക്കമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ദീര്‍ഘ നേരത്തെ ഇരിപ്പ് ശ്വാസകോശത്തിനും ഗര്ഭപാത്രത്തിനും വന്‍കുടലിനും അര്‍ബുദമുണ്ടാകാന്‍ കാരണമാകുമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഈ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം എന്ന് പറയുന്നത്, വെറുതെ ഇരിക്കാതെ എന്തെങ്കിലുമൊക്കെ ചെയ്ത് ശരീരത്തെ ഊര്‍ജ്ജസ്വലമാക്കി വയ്ക്കുക എന്നതാണ്. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യേണ്ടവര്‍ അര മണിക്കൂര്‍ കൂടുമ്പോഴെങ്കിലും ഒന്ന് എഴുന്നേറ്റ് നടക്കാന്‍ ശ്രമിക്കുക.