കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യം പുതിയ കോവിഡ് വൈറസ് വകഭേദം രൂപപ്പെടുന്നതിനു കാരണമായേക്കാമെന്ന കേന്ദ്ര ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പും വാക്‌സീനുകളുടെ പ്രതിരോധശേഷിയും വീണ്ടും ആശങ്കയാകുന്നു. വൈറസ് പെരുകുന്നത് പുതിയ വകഭേദങ്ങള്‍ രൂപപ്പെടുന്നതിനു കാരണമാകും. ഇതിനിടയിലാണ് മൂന്നാം തരംഗത്തിന്റെ ആശങ്കയും നിലനില്‍ക്കുന്നത്. ഇടയ്ക്ക് കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞത് അല്‍പം അശ്വാസം ഉണ്ടാക്കിയെങ്കിലും ഇപ്പോള്‍ വീണ്ടും വര്‍ധന ഉണ്ടാകുന്ന സാഹചര്യമാണുള്ളത്.

വൈറസ് വ്യാപനം എത്ര വേഗത്തിലാണ് എന്നതിന്റെ സൂചികയായ ആര്‍ വാല്യുവില്‍ നേരിയ വര്‍ധന കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനിടയിലാണ് അസ്ട്രാസെനക, ഫൈസര്‍ വാക്‌സീനുകളുടെ പൂര്‍ണ ഡോസെടുത്ത് 6 ആഴ്ചയ്ക്കു ശേഷം ഇവ നല്‍കുന്ന പ്രതിരോധത്തില്‍ കുറവു വന്നു തുടങ്ങുമെന്നു വ്യക്തമാക്കി ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ വന്ന പഠനം. 2-3 മാസത്തിനു ശേഷം ആന്റിബോഡി അളവു പകുതിയില്‍ താഴെയാകും. ഇതു തുടര്‍ന്നാല്‍ വാക്‌സീന്‍ ഉറപ്പു നല്‍കുന്ന പ്രതിരോധശേഷി സംശയത്തിലാകുമെന്ന ആശങ്കയാണ് ഗവേഷകര്‍ പങ്കുവയ്ക്കുന്നത്.

എങ്കിലും വൈറസ് ബാധ കടുക്കുന്നതു തടയാന്‍ ഇരു വാക്‌സീനുകള്‍ക്കും കഴിയുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. പ്രതിരോധ ശേഷി മെച്ചപ്പെടുത്താനുള്ള ബൂസ്റ്റര്‍ ഡോസ് ആവശ്യമാണെന്ന നിഗമനത്തിലേക്കാണ് റിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നത്. 70 വയസ്സു കഴിഞ്ഞവര്‍ക്കും കോവിഡ് പിടിപെടാന്‍ ഏറെ സാധ്യതയുള്ളവര്‍ക്കും ബൂസ്റ്റര്‍ ഡോസില്‍ മുന്‍ഗണന നല്‍കണമെന്നും യുകെയില്‍ നടത്തിയ പഠനത്തിലൂടെ ഗവേഷകര്‍ ശുപാര്‍ശ ചെയ്യുന്നു.