വയോജനങ്ങളില്‍ കൂടുതലായി കണ്ടുവരുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് സോഡിയം കുറയുന്നത്. രക്തസമ്മര്‍ദ്ദം നിലനിര്‍ത്തുന്നതിനാവശ്യമായ ഏറ്റവും പ്രധാനപ്പെട്ട മൂലകമാണ് സോഡിയം.125 മുതല്‍ 135 വരെയാണ് രക്തത്തിലെ സോഡിയത്തിന്റെ ശരാശരി അളവ്. ഇതില്‍ കുറവ് വന്നാല്‍ ശാരീരികമായ പ്രശ്‌നങ്ങളിലൂടെ രോഗസാധ്യത പ്രകടമാക്കുന്നു. ക്ഷീണം,തളര്‍ച്ച, തലവേദന, ഛര്‍ദി എന്നിവയാണ് സോഡിയം കുറയുന്നതിന്റെ പ്രാഥമിക ലക്ഷണം. സാധാരണ അളവിനേക്കാള്‍ ഗണ്യമായ കുറവുണ്ടെങ്കില്‍ അസാധാരണമായ പെരുമാറ്റം, അപസ്മാര ലക്ഷണങ്ങള്‍, അഗാധമായ അബോധാവസ്ഥ തുടങ്ങിയവയിലേക്ക് നയിക്കും. മസ്തിഷ്‌ക്കത്തെ ബാധിക്കുന്ന മെനിഞ്ചൈറ്റിസ്, മസ്തിഷ്‌കജ്വരം, ന്യൂമോണിയ, സ്‌ട്രോക്ക്, അര്‍ബുദങ്ങള്‍ തുടങ്ങിയവയും സോഡിയത്തിന്റെ അളവു കുറക്കുന്ന പ്രധാന ഘടകങ്ങളാണ്.

ഛര്‍ദ്ദിയും വയറിളക്കവുമുള്ള സാഹചര്യങ്ങളില്‍ ജലാംശത്തോടൊപ്പം ലവണാംശവും നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. തിളപ്പിച്ചാറിയ വെള്ളത്തില്‍ ഒരു നുള്ള് ഉപ്പും ഒരു ടീസ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് തയാറാക്കുന്ന മിശ്രിതം ഓരോ തവണ ഛര്‍ദ്ദിയോ വയറിളക്കമോ ഉണ്ടാകുമ്പോള്‍ നല്‍കണം. കൂടാതെ കഞ്ഞി വെള്ളത്തിലോ കരിക്കിന്‍ വെള്ള്തതിലോ ഉപ്പിട്ടു നല്‍കുന്നത് സോഡിയം നഷ്ടമാകുന്നത് തടയാന്‍ സഹായിക്കും.

വീട്ടിലെ വയോജനങ്ങളില്‍ എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യം അവരുടെ പെരുമാറ്റത്തിലോ സംസാരത്തിലോ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോയെന്നാണ്. പരസ്പര ബന്ധമില്ലാത്ത കാര്യങ്ങള്‍ സംസാരിക്കുന്നതും സോഡിയം കുറവിന്റെ ലക്ഷണങ്ങളിലൊന്നാണ്.