ഭോപ്പാല്‍: മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് ഏഴുപേര്‍ മരിച്ചു. സിദ്ധിയില്‍ നിന്നും സത്‌നയിലേക്ക് 54 യാത്രക്കാരുമായി പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് പാലത്തില്‍ നിന്ന് കനാലിലേക്ക് പതിക്കുകയായിരുന്നു. മറ്റുളളവര്‍ക്ക് വേണ്ടിയുളള തിരച്ചില്‍ തുടരുകയാണ്.

രാവിലെ എട്ടരയോടെയാണ് ബസ് കനാലിലേക്ക് മറിഞ്ഞത്. ബസ് പൂര്‍ണമായും കനാലില്‍ മുങ്ങിയതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഏഴുപേര്‍ കനാല്‍ തീരത്തേക്ക് നീന്തിക്കയറിയതായും റിപ്പോര്‍ട്ട് ഉണ്ട്. സംസ്ഥാന ദുരന്ത പ്രതികരണ സേനയും നീന്തല്‍ വിദഗ്ധരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.