ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് കഴിഞ്ഞതിന് ശേഷം വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച മുറിയില്‍ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്ന ആരോപണം ശരിവെച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വൈദ്യുത തകരാര്‍ മൂലമാണ് ക്യാമറകള്‍ പ്രവര്‍ത്തിക്കാതിരുന്നതെന്നാണ് കമ്മീഷന്‍ നല്‍കുന്ന വിശദീകരണം.

വെള്ളിയാഴ്ച രാവിലെ 8.19നും 9.35നും ഇടക്കാണ് സിസിടിവി ക്യാമറകളും സ്‌ട്രോങ് റൂമിന് പുറത്ത് സ്ഥാപിച്ച എല്‍.ഇ.ഡി സ്‌ക്രീനും പ്രവര്‍ത്തനരഹിതമായതെന്നാണ് ഭോപ്പാല്‍ ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത്. വൈദ്യുതിയില്ലാത്ത സാഹചര്യത്തില്‍ ജനറേറ്ററോ ഇന്‍വെര്‍ട്ടറോ ഉപയോഗിച്ച് സിസിടിവി പ്രവര്‍ത്തിപ്പിക്കണമെന്ന് നിര്‍ദേശിച്ചിരുന്നുവെന്നും കളക്ടറുടെ റിപ്പോര്‍ട്ട് പറയുന്നു.

വോട്ടിങ് മെഷീനില്‍ വ്യാപക അട്ടിമറി നടന്നതായി പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. അതിനിടെ മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തിലെ വോട്ടിങ് മെഷീനുകള്‍ വോട്ടെടുപ്പ് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം സ്‌ട്രോങ് റൂമിലെത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും കമ്മീഷന്‍ അറിയിച്ചു. മധ്യപ്രദേശില്‍ നവംബര്‍ 28നായിരുന്നു തെരഞ്ഞെടുപ്പ്. ഡിസംബര്‍ 11ന് ഫലം പ്രഖ്യാപിക്കും.