കോഴിക്കോട്: മദ്രസാ വിദ്യാര്‍ഥികള്‍ വെളുത്ത നിറത്തിലുള്ള മുഖ മക്കനയും പര്‍ദയും ധരിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍. കറുപ്പു നിറത്തിലുള്ള മുഖ മക്കനയും പര്‍ദയും ധരിച്ച കുട്ടികളെ റോഡിലൂടെ വണ്ടിയോടിക്കുന്ന ഡ്രൈവര്‍മാര്‍ക്കു കാണാന്‍ ബുദ്ധിമുട്ടായതിനു പിന്നാലെയാണ് കമ്മീഷന്റെ നിര്‍ദേശം. രാവിലെയും രാത്രിയും മദ്രസയില്‍ പോകുന്ന കുട്ടികള്‍ക്കാണ് ഈ യൂണിഫോം ബാധകമാവുക. ജോയിന്റ് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ പത്രപ്രസ്താവനയെ തുടര്‍ന്ന് ബാലാവകാശ കമ്മീഷന്‍ സ്വമേധയാ പരിഗണിച്ച കേസിലാണ് ഉത്തരവ്.
കറുത്ത മുഖമക്കനയും പര്‍ദയും ധരിച്ച് കുട്ടികള്‍ പോകുന്നത് ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ പെട്ടെന്ന് പെടില്ല. അതിനാല്‍ തന്നെ അത് അപകടത്തിന് കാരണമാകും. ഇതു മറികടക്കാനാണ് വെള്ള മുഖമക്കനയും പര്‍ദയും ധരിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. കറുത്ത വസ്ത്രം ധരിക്കുന്നതിനു പകരം വെളുത്ത വസ്ത്രം ധരിച്ചാല്‍ ഡ്രൈവര്‍മാര്‍ക്ക് പെട്ടെന്ന് കാണാന്‍ കഴിയുമെന്നും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്താനാകുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
വഖഫ് ബോര്‍ഡില്‍ നിന്നും സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡില്‍ നിന്നും ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് തേടിയിരുന്നു. അടുത്ത അധ്യയന വര്‍ഷം മുതലാണ് ഈ യൂണിഫോം നിലവില്‍ വരിക. കുട്ടികള്‍ നിയമം പാലിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് റോഡ് സേഫ്റ്റി അതോറിറ്റി കമ്മീഷണറാണെന്നും ബാലാവകാശ കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.
Be the first to write a comment.