മധുര: ക്ഷേത്രാചാരങ്ങളുടെ ഭാഗമായി തമിഴ്‌നാട്ടില്‍ പെണ്‍കുട്ടികളെ പൂജാരിയോടൊപ്പം താമസിപ്പിച്ചത് അര്‍ധനഗ്നരാക്കി. മധുരയിലെ വെള്ളല്ലൂര്‍ ക്ഷേത്രത്തിലാണ് വിവാദ സംഭവം നടന്നത്. രണ്ടാഴ്ചയോളമാണ് പെണ്‍കുട്ടികളെ പൂജാരിയോടൊപ്പം താമസിപ്പിച്ചത്. ദേവീ പ്രീതിക്കായാണ് ഇത്തരത്തില്‍ പെണ്‍കുട്ടികളെ താമസിപ്പിക്കുന്നത്.

പട്ടുസാരികൊണ്ട് തെറ്റുടുക്കുന്നതല്ലാതെ പെണ്‍കുട്ടികളെ മേല്‍ക്കുപ്പായമിടാന്‍ അനുവദിച്ചിട്ടില്ലെന്ന് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളിലൂടെ പുറത്തുവന്നു. മാറുമറയ്ക്കാന്‍ ചില ആഭരണങ്ങള്‍ മാത്രമാണ് കുട്ടികള്‍ക്ക് നല്‍കിയിട്ടുള്ളത്. നാടിന്റെ ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടിയാണെന്ന വിശ്വാസ പ്രകാരം മാതാപിതാക്കളാണ് ഇത്തരത്തില്‍ പെണ്‍കുട്ടികളെ കൊണ്ടുവരുന്നത്.

കോവൈ പോസ്റ്റ് എന്ന മാധ്യമമാണ് വിവരം പുറത്തുവിട്ടത്. വീഡിയോ ശ്രദ്ധയില്‍പെട്ടതോടെ ജില്ലാഭരണകൂടം വിഷയത്തിലിടപെട്ടു. ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ അവസാനഘട്ടത്തിലേക്കെത്തിയതിനാല്‍ ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്നും മുന്നോട്ട് ഈ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നും സാമൂഹ്യക്ഷേമവകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചു.