ന്യൂഡല്‍ഹി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയിത്രക്കെതിരെ ബിജെപി പരാതി നല്‍കി. ഗൊഗോയിക്കെതിരെ പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് മുന്‍ നിയമ മന്ത്രി പിപി ചൗധരി അവകാശ ലംഘന നടപടി പരാതി നല്‍കിയത്. ബിജെപി എംപി നിഷികാന്ത് ദുബെയും പരാതി നല്‍കിയിട്ടുണ്ട്. മുന്‍ ചീഫ് ജസ്റ്റിസിനെതിരെയുള്ള പരമാര്‍ശങ്ങള്‍ അടങ്ങിയ വിഡിയോ മഹുവ ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് ബിജെപി പരാതിയുമായി രംഗത്തെത്തിയത്.

അതേസമയം, ബിജെപി ഭീഷണിപ്പെടുത്തിയാലും മൗനമായിരിക്കില്ലെന്ന് മഹുവ ട്വീറ്റ് ചെയ്തു. രാജ്യത്തിന്റെ ഇരുണ്ട സമയത്ത് അവകാശ ലംഘനത്തിന് നടപടി ആരംഭിച്ചാല്‍ ഭാഗ്യമാണെന്നും തന്നെ ഭയപ്പെടുത്താനാകില്ലെന്നും മഹുവ മറുപടി നല്‍കി.

രാമക്ഷേത്ര ഉത്തരവിനെക്കുറിച്ച് പരാമര്‍ശിക്കവെയാണ് മഹുവ മുന്‍ ജഡ്ജിക്കെതിരെ പാര്‍ലമെന്റില്‍ രംഗത്തെത്തിയത്.