ലക്‌നൗ: ഉത്തര്‍ പ്രദേശിലെ ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരത്തരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ച് സംസാരിക്കുന്നവരെ നേരിടുമെന്നാണ് യോഗി പറയുന്നത്. മരിച്ചവരേയും യോഗി അടിച്ചിടുമോ എന്നായിരുന്നു മഹുവയുടെ ചോദ്യം. ട്വിറ്ററിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം.

‘കഴിഞ്ഞ ഞായറാഴ്ച്ച നടന്ന ഓണ്‍ലൈന്‍ യോഗത്തില്‍ യോഗി ആശുപത്രികളോട് പറഞ്ഞു ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ച് സംസാരിക്കുന്നത് നിര്‍ത്തണമെന്ന്. അല്ലെങ്കില്‍ കടുത്ത നടപടിയെടുക്കുമെന്നാണ് യോഗി പറയുന്നത്. നിങ്ങള്‍ എന്തുചെയ്യും അജയ് ബിഷ്ട് ജി, മരിച്ചവരേയും നിങ്ങള്‍ അടിച്ചിടുമോ?’ മഹുവ മൊയ്ത്ര ട്വീറ്റിലൂടെ ചോദിച്ചു.

ചിലര്‍ സംസ്ഥാനത്തെ ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരത്തുകയാണെന്ന് യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്നും യഥാര്‍ഥ പ്രശ്‌നം കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പുമാണെന്നായിരുന്നു യോഗി പറഞ്ഞത്.