ശ്രീനഗര്‍: കല്ലേറില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവിനെ സൈനിക ജീപ്പിനു മുന്നില്‍ ബന്ധിച്ച് മനുഷ്യകവചമാക്കിയ സംഭവത്തിലൂടെ കുപ്രസിദ്ധിയാര്‍ജിച്ച മേജര്‍ ലീതുല്‍ ഗോഗോയ് ശ്രീനഗറിലെ ഹോട്ടലില്‍ പെണ്‍കുട്ടിക്കൊപ്പം പിടിയില്‍. ഗ്രാന്റ് മമത ഹോട്ടലില്‍ വെച്ചാണ് ഗോഗോയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തോടൊപ്പം കണ്ട പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഹോട്ടലില്‍ മുറിയെടുത്ത ഗോഗോയെ കാണാന്‍ ഒരു പുരുഷനോടൊപ്പമെത്തിയ പെണ്‍കുട്ടിക്ക് ഹോട്ടലധികൃതര്‍ പ്രവേശനാനുമതി നിഷേധിച്ചുവെന്നും ഇതേത്തുടര്‍ന്നുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് പൊലീസിന് ഇടപെടേണ്ടി വന്നത് എന്നുമാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ഗോഗോയ്‌ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബിസിനസ് യാത്രയില്‍ എന്ന പേരില്‍ മേജര്‍ ഗോഗോയ് ഡീലക്‌സ് സ്യൂട്ട് ആണ് എടുത്തതെന്ന് ഹോട്ടല്‍ രേഖകള്‍ സൂചിപ്പിക്കുന്നു. പരാതി ലഭിച്ച് പൊലീസ് എത്തുമ്പോള്‍ മുറിയിലുള്ളത് ഗോഗോയ് ആണെന്ന കാര്യം അറിയുമായിരുന്നില്ല. കശ്മീര്‍ ഐ.ജി എസ്.പി പാനി സംഭവത്തില്‍ സമഗ്രാന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം ഏപ്രിലിലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനിടെയാണ് മേജര്‍ ലീതുല്‍ ഗോഗോയിന്റെ നേതൃത്വത്തില്‍, വോട്ട് ചെയ്യാന്‍ പോയ യുവാവിനെ പിടികൂടി സൈനിക ജീപ്പിന്റെ മുന്നില്‍ കെട്ടിയിട്ട് കിലോമീറ്ററുകളോളം സഞ്ചരിച്ചത്. സൈനിക ജീപ്പിനു നേരെ പ്രദേശവാസികളുടെ കല്ലേറുണ്ടാകാതിരിക്കാനാണ് ഇതെന്നായിരുന്നു സൈന്യത്തിന്റെ വിശദീകരണം. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ അന്തര്‍ദേശീയ തലത്തിലടക്കം ഇത് ചര്‍ച്ചയായി. എന്നാല്‍, ലീതുല്‍ ഗോഗോയ്ക്ക് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പുരസ്‌കാരം നല്‍കുകയാണുണ്ടായത്.