ദുബൈ: മേക്കപ്പ് ഇല്ലാതെ കാണാന്‍ കൊള്ളില്ലെന്നു പറഞ്ഞ് അറബ് യുവാവ് ഭാര്യയെ ഒഴിവാക്കി. യുവതിക്ക് കൗണ്‍സലിംഗ് നല്‍കിയ സൈക്കോളജിസ്റ്റിനെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട ചെയ്തത്. 34 കാരന്‍ 28കാരിയായ വധുവിനെയാണ് വിവാഹ മോചനം നടത്തിയതെന്ന് ഡോക്ടര്‍ പറഞ്ഞു. വ്യാജ കണ്ണിമകള്‍ അടക്കം ഉപയോഗിച്ച് അമിത മേക്കപ്പിലൂടെ തന്നെ കബളിപ്പിക്കുകയായിരുന്നു എന്നാണ് യുവാവിന്റെ പരാതി. വിവാഹമോചനത്തെ തുടര്‍ന്നുണ്ടായ മാനസിക ആഘാതത്തില്‍ നിന്ന് യുവതിയെ മോചിപ്പിക്കാനാണ് ഡോക്ടറുടെ സഹായം തേടിയത്.

അല്‍മംസാര്‍ ബീച്ചില്‍ ഉല്ലാസത്തിന് പോയതായിരുന്നു ദമ്പതികള്‍. വെള്ളത്തിലിറങ്ങിയ യുവതിയുടെ മുഖം നനഞ്ഞതിനെ തുടര്‍ന്ന് മേക്കപ്പ് നഷ്ടപ്പെട്ടതോടെ യുവതിയുടെ സ്വാഭാവിക മുഖം ദര്‍ശിച്ച ഭര്‍ത്താവ് ഞെട്ടി. ഇതോടെയാണ് താന്‍ കബളിപ്പിക്കപ്പെട്ടെന്ന തോന്നല്‍ യുവാവിനുണ്ടായത്. വധു കൃത്രിമ കണ്‍പീലികള്‍ ധരിക്കുകയും വിവാഹത്തിനു മുന്‍പ് സൗന്ദര്യ വര്‍ധക ശസ്ത്രക്രിയകള്‍ നടത്തുകയും ചെയ്തിരുന്നു. ആറുമാസം മാത്രമാണ് ദമ്പതികളുടെ വിവാഹം നീണ്ടു നിന്നത്.