ഇടതു സര്‍ക്കാറിന്റെ മദ്യനയ പ്രഖ്യാപനം മലപ്പുറം ഉപതെരഞ്ഞെടുപ്പിനു ശേഷം മതി എന്ന മന്ത്രിസഭാ തീരുമാനം ആശങ്കാജനകവും അതിലേറെ ദുരൂഹത നിറഞ്ഞതുമാണ്. ഏപ്രില്‍ ഒന്നിനു പ്രഖ്യാപിക്കേണ്ട പുതിയ മദ്യനയം 12നു ശേഷത്തേക്കു മാറ്റിവച്ചത് സര്‍ക്കാറിന്റെ നിഗൂഢത മറച്ചുവക്കാനെന്ന കാര്യം തീര്‍ച്ചയാണ്. പ്രഖ്യാപനം വൈകിപ്പിക്കുന്നതിനു കാരണം വ്യക്തമാക്കാതെയാണ് മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് നിര്‍ദേശിച്ചത്. പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കുറ്റമറ്റ മദ്യനയം ഉടനുണ്ടാകുമെന്ന് വീമ്പു പറഞ്ഞ സര്‍ക്കാര്‍ മലക്കം മറിഞ്ഞത് മലപ്പുറത്തെ തിരിച്ചടി മുമ്പില്‍ കണ്ടതിനാലാണ്. മദ്യ മാഫിയകളെയും ബാര്‍ മുതലാളിമാരെയും പ്രീതിപ്പെടുത്താന്‍ രൂപപ്പെടുത്തിയ പുതിയ നയം മലപ്പുറം ഉപതെരഞ്ഞെടുപ്പിനു മുമ്പ് പ്രഖ്യാപിച്ചാല്‍ പൊതുജനം പാഠംപഠിപ്പിക്കുമെന്ന് സര്‍ക്കാറിനറിയാം. യു.ഡി.എഫിന്റെ ഉരുക്കുകോട്ടയില്‍ തട്ടിനോക്കാനുള്ള കരുത്തുപോലും ഇടതുമുന്നണിക്ക് ഇല്ലാതാകുമെന്നു തീര്‍ച്ചയാണ്. ഇതാണ് മദ്യനയത്തെ മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്താന്‍ പിണറായിയെ പ്രേരിപ്പിച്ച ഘടകം. എന്നാല്‍ പ്രഖ്യാപനം മാറ്റിവെച്ചതിലൂടെ പൊതുജനത്തിന്റെ ആശങ്ക വര്‍ധിച്ചുവെന്ന സത്യം തിരിച്ചറിയാതെ പോയതിന് സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടി വരും.
മദ്യനയം മാറ്റിവെച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ചര്‍ച്ചകളില്‍ പ്രധാനമായും രണ്ടു ന്യായങ്ങളാണ് ഇടതുപക്ഷം നിരത്തുന്നത്. വകുപ്പ് മന്ത്രിയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ചാണിതെന്ന് പ്രഥമ വാദം. ഉപതെരഞ്ഞെടുപ്പിലുയരുന്ന പ്രചാരണ വിഷയങ്ങളുടെ ഗൗരവം നഷ്ടപ്പെടാതിരിക്കാനാണെന്ന് മറ്റൊരു വാദം. ഇവ രണ്ടും വിചിത്രമാണെന്ന കാര്യം അരിയാഹാരം കഴിക്കുന്നവര്‍ക്ക് നന്നായറിയാം. എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ചികിത്സയിലാണെങ്കിലും അദ്ദേഹത്തിന്റെ വകുപ്പ് നിശ്ചലമാണെന്നതാണോ സര്‍ക്കാര്‍ നിലപാട്? മറ്റൊരു മന്ത്രിക്ക് എക്‌സൈസിന്റെ അധിക ചുമതല നല്‍കിയത് ആലങ്കാരികം മാത്രമാണോ? എല്ലാ വകുപ്പുകളും അടക്കി ഭരിക്കുന്ന മുഖ്യമന്ത്രിക്ക് ഈ വകുപ്പ് അപ്രാപ്യമാണെന്ന് കരുതേണ്ടതുണ്ടോ? പെട്ടെന്ന് തട്ടിക്കൂട്ടുന്നതല്ല സര്‍ക്കാര്‍ നയങ്ങളെന്ന് എല്ലാവര്‍ക്കുമറിയാം. അങ്ങനെയെങ്കില്‍ നേരത്തെ തയാറാക്കിയ മദ്യനയം പ്രഖ്യാപിക്കാന്‍ മന്ത്രിയെ കാത്തിരിക്കേണ്ട കാര്യമുണ്ടോ? മുഖ്യമന്ത്രിക്ക് പ്രഖ്യാപിക്കാവുന്നതല്ലേയുള്ളൂ? സ്വാഭാവികമായും ഉയര്‍ന്നുവരുന്ന ചോദ്യങ്ങളാണിവ. എന്നാല്‍ മന്ത്രിസഭാ യോഗത്തില്‍ പിണറായിക്കു നേരെ ഉയര്‍ന്നുവരാത്ത ഇത്തരം ചോദ്യങ്ങള്‍ പൊതു സമൂഹത്തിന്റെ പ്രതികരണങ്ങളിലുണ്ടാവില്ലെന്ന മൗഢ്യമായ വിശ്വാസമാണ് ഇടതുപക്ഷത്തെ നയിക്കുന്നത്. അതുകൊണ്ടാണ് നയ പ്രഖ്യാപനത്തിലെ കരണംമറിച്ചില്‍ വകുപ്പ് മന്ത്രിയുടെ അഭാവം കാരണമെന്ന് ഇടതുപക്ഷം കണ്ടെത്തിയത്. ഇതു ന്യായീകരിച്ചു നടക്കുന്ന നേതാക്കള്‍ക്കു പക്ഷേ, മലപ്പുറം ഉപതെരഞ്ഞെടുപ്പു ഗോദയില്‍ മുട്ടുവിറക്കുമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. ഐക്യജനാധിപത്യ മുന്നണി മാത്രമല്ല, ഇടതു സര്‍ക്കാറിന്റെ ഈ കപടമുഖം പിച്ചിച്ചീന്തിയെറിയാന്‍ പ്രബുദ്ധ ജനത ഒന്നടങ്കം രംഗത്തുവരുന്നത് കാത്തിരുന്നു കാണാം.
മദ്യനയ പ്രഖ്യാപനം മാറ്റിയതിനു രണ്ടാമതു പറയുന്ന വാദമാണ് ഏറെ വിചിത്രം. മദ്യനയം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉയര്‍ന്നുവരുന്ന വിഷയങ്ങളുടെ ഗൗരവം നഷ്ടപ്പെടുന്നത് എങ്ങനെയാണ്? കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ ഭരണം തുറന്നെതിര്‍ക്കുന്നതു പോലെ പിണറായി സര്‍ക്കാറിന്റെ നെറികെട്ട ഭരണവും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. മദ്യനയം പ്രഖ്യാപിച്ചാല്‍ ഇടതു സര്‍ക്കാറിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും. ബി.ജെ.പിയുടെ വര്‍ഗീയ ധ്രുവീകരണവും സി.പി.എമ്മിന്റെ കഠാര രാഷ്ട്രീയവും ജനങ്ങളുടെ സൈ്വരജീവിതത്തിനു ഒരുപോലെ ഭീഷണിയുയര്‍ത്തുന്നതാണ്. ദേശീയ തലത്തില്‍ ഫണം വിടര്‍ത്തിയാടുന്ന ഫാസിസത്തെയും സംസ്ഥാന തലത്തില്‍ സ്വേഛാധിപത്യം കൊണ്ട് മുഷ്ടിചുരുട്ടുന്ന മാര്‍ക്‌സിസത്തെയും പിടിച്ചുകെട്ടേണ്ടുതുണ്ട്. പൊതുജനത്തെ പെരുവഴിയിലേക്ക് തള്ളിവിടുന്ന തലതിരിഞ്ഞ പരിഷ്‌കാരങ്ങളുമായി പൊറുതിമുട്ടിക്കുന്ന കേന്ദ്ര സര്‍ക്കാറും പട്ടിണിയും പീഡനവും പൊലീസ് രാജും കൊണ്ട് വാവിട്ടുകരയുന്ന ജനതക്കുമുമ്പില്‍ നിഷ്‌ക്രിയമായി നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാറും പൊതുവിചാരണ നേരിടുക തന്നെ വേണം. ഇതിനുള്ള അവസരമാണ് ഉപതെരഞ്ഞെടുപ്പെന്ന് വോട്ടര്‍മാര്‍ക്കറിയാം. അതിനാല്‍ പ്രചാരണത്തിന് തെരഞ്ഞെടുക്കുന്ന വിഷയങ്ങളുടെ പ്രസക്തിയെ കുറിച്ച് ഇടതുപക്ഷം ആകുലപ്പെടേണ്ട ആവശ്യമില്ല.
മദ്യനയം ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ ഫാസിസത്തെ പ്രതിരോധിക്കുന്നതില്‍ വീഴ്ചപറ്റുമോ എന്ന് സന്ദേഹിക്കുന്ന സി.പി.എമ്മിന് എന്തുകൊണ്ട് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന അഞ്ചു സംസ്ഥാനങ്ങളില്‍ ഈ വേവലാതിയുണ്ടായില്ല. മതേതര മുന്നണികളോട് മുഖംതിരിഞ്ഞ് നിന്ന് ബി.ജെ.പിക്ക് വളംവച്ചുകൊടുക്കുകയല്ലേ ഇടതുപക്ഷം ചെയ്തത്? ഉത്തരേന്ത്യയില്‍ ഫാസിസത്തെ തളര്‍ത്താന്‍ മലപ്പുറത്ത് ബീഫ് ഫെസ്റ്റ് നടത്തി നിര്‍വൃതിയടയുകയാണ് സഖാക്കള്‍. ഇതറിയാവുന്നവര്‍ക്കു മുമ്പില്‍ മുടന്തന്‍ ന്യായങ്ങള്‍ നിരത്തി ഇനിയും വഞ്ചന തുടരാമെന്നത് വ്യാമോഹമാണ്. മദ്യനയം മാറ്റിവച്ചതു സര്‍ക്കാറിന്റെ കാപട്യം മറച്ചുവക്കാനുള്ള മറുതന്ത്രമാണെന്ന മര്‍മമറിയാവുന്നവരാണ് മലപ്പുറത്തുകാര്‍ എന്ന കാര്യം മറക്കേണ്ട. ഇതുയര്‍ത്തിക്കാണിച്ച് പ്രചാരണത്തിറങ്ങുന്ന പൊതുജനത്തിനു മുമ്പില്‍ ഇടതുമുന്നണിക്ക് ഉത്തരം കിട്ടാതെ വിയര്‍ക്കേണ്ടിവരുമെന്നത് വഴിയേ കാണാമെന്നു ഓര്‍മപ്പെടുത്തട്ടെ.
ഇടതുപക്ഷത്തിന്റെയും മദ്യ രാജാക്കന്മാരുടെയും ശക്തമായ വെല്ലുവിളികള്‍ക്കും കോടതികളുടെ വിടാതെയുള്ള വിമര്‍ശങ്ങള്‍ക്കുമിടയിലാണ് സമ്പൂര്‍ണ മദ്യനിരോധ നയത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഉറച്ചുനിന്നത്. രാഷ്ട്രീയ നേട്ടത്തേക്കാളുപരി പൊതുസമൂഹത്തിന്റെ നന്മ ലക്ഷ്യം വെച്ചാണ് ഇച്ഛാശക്തിയോടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മദ്യ നിരോധന നയം നടപ്പാക്കിത്തുടങ്ങിയത്. എന്നാല്‍ ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ ഇത് മുച്ചൂടും മാറ്റിയെഴുതാനുള്ള തത്രപ്പാടിലാണ്. മദ്യനിരോധമല്ല, വര്‍ജനമാണ് ലക്ഷ്യമെന്നു പറയുന്ന പിണറായി സര്‍ക്കാര്‍ സമ്പൂര്‍ണ മദ്യ മാഫിയാ നയത്തിനു വേണ്ടിയാണ് ഈ ഒളിച്ചുകളി തുടരുന്നത്. ഇതു തിരിച്ചറിയാനുള്ള രാഷ്ട്രീയ ബോധം കേരളത്തിലെ ഉദ്ബുദ്ധ ജനതക്കുണ്ട്. ബാറുകള്‍ അടച്ചുപൂട്ടുന്നതിന്റെ മുമ്പുള്ള കേരളത്തിന്റെ അവസ്ഥയും അടച്ചുപൂട്ടിയതിന്റെ ശേഷം സാമൂഹിക, കുടുംബ പശ്ചാത്തലങ്ങളിലുണ്ടായ സമാധാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും അളവും അറിയുന്ന ജനതക്കു മുമ്പില്‍ ഇടതുപക്ഷത്തിന് ഇനി പിടിച്ചുനില്‍ക്കാന്‍ പാടുപെടേണ്ടി വരും. മദ്യമാഫിയക്കു മുമ്പില്‍ മുട്ടുമടക്കി നയപ്രഖ്യാപനം മാറ്റിവച്ച പിണറായി സര്‍ക്കാറിനെതിരെ പ്രതിരോധക്കോട്ട പണിയാന്‍ സമാധാന ജീവിതമാഗ്രഹിക്കുന്ന പൊതുസമൂഹം ഒറ്റക്കെട്ടായി വിധിയെഴുതുക തന്നെ ചെയ്യും.