മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലുന്നവര്‍ക്ക് മതസൗഹാര്‍ദ്ദത്തിന്റെ പാഠങ്ങള്‍ നല്‍കുകയാണ് തിരൂരുകാര്‍. തിരൂര്‍ പുറത്തൂര്‍ സ്വദേശികളായ മേപ്പറമ്പത്ത് അനില്‍കുമാര്‍-രമ്യ ദമ്പതികളുടെ കുഞ്ഞിന്റെ ചികിത്സയ്ക്കായി സഹായം അഭ്യര്‍ഥിച്ചിരിക്കുന്നത് മഹല്ല് കമ്മിറ്റിക്കാരാണ്. അഭ്യര്‍ഥനയുമായി പുറത്തൂര്‍ ജുമാ മസ്ജിദ് കമ്മിറ്റി സെക്രട്ടറി മഹല്ല് നിവാസികള്‍ക്ക് കത്ത് നല്‍കി.

22687709_1472842099470284_7489358230977140421_n

അനില്‍കുമാറിന്റെ നാലുമാസം പ്രായമുള്ള കുഞ്ഞിനെ അസുഖം മൂലം ആസ്പത്രിയിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അസുഖത്തില്‍ ചെറിയൊരു മാറ്റമുണ്ടാവുകയും ഇതിന്റെ ഫലമായി ഓക്‌സിജന്റെ സഹായത്തോടെ ആസ്പത്രിയില്‍ അഡ്മിറ്റുമാണെന്ന് മഹല്ല് കമ്മിറ്റിയുടെ കത്തില്‍ പറയുന്നു. വാടകവീട്ടില്‍ കഴിയുന്ന ഇവര്‍ക്ക് കുഞ്ഞിന്റെ ചികിത്സക്ക് സഹായം നല്‍കണമെന്നാണ് കത്തിലെ അഭ്യര്‍ഥന.

പുറത്തൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു അനില്‍കുമാര്‍. കിട്ടുന്ന ചെറിയ വരുമാനത്തിലാണ് ജീവിതം. കുഞ്ഞിന് അസുഖം ബാധിച്ചതിനാല്‍ ആകെയുള്ള വീടും സ്ഥലവും വില്‍ക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍ക്കാര്‍ മഹല്ല് കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. മലപ്പുറം ജില്ലയിലെ വിവിധ മഹല്ല് കമ്മിറ്റികള്‍ക്കും സമീപത്തെ പളളി ഖത്തീബുമാര്‍ക്കും മഹല്ല് കമ്മിറ്റി സഹായം അഭ്യര്‍ത്ഥിച്ച് കത്ത് കൈമാറിക്കഴിഞ്ഞു. വെളളിയാഴ്ചകളില്‍ ജുമുഅ നമസ്‌കാരത്തിന് ശേഷം കുഞ്ഞിന്റെ ചികിത്സ സഹായ പിരിവും നടക്കുന്നുമെന്നാണ് വിവരം.