ക്വാലാലംപൂര്‍: 2014 മാര്‍ച്ച് എട്ടിന് ക്വാലാലംപൂരില്‍നിന്ന് ബീജിങിലേക്കുള്ള യാത്രമധ്യേ കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ദിശ മനപ്പൂര്‍വം തെറ്റിച്ചതാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. 239 യാത്രക്കാരുമായി വിമാനം എങ്ങോട്ടാണ് അപ്രത്യക്ഷമായതെന്നോ ആരാണ് ദിശ തെറ്റിച്ചതെന്നോ റിപ്പോര്‍ട്ടില്‍ പറയുന്നില്ല.
വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ദുരൂഹതയായി അവശേഷിക്കുന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ അന്വേഷണം അപൂര്‍ണമാണെന്നും എംഎച്ച്370 ഇന്‍വെസ്റ്റിഗേഷന്‍ സംഘത്തിന്റെ മേധാവി കോക് സൂ ചോന്‍ പറഞ്ഞു. നിശ്ചിത റൂട്ടില്‍നിന്ന് വിമാനം ദിശ മാറി സഞ്ചരിക്കാന്‍ കാരണം എന്താണെന്ന് വ്യക്തമല്ല. റെഡാറിനെ വെട്ടിച്ചായിരുന്നോ വിമാനത്തിന്റെ തുടര്‍ന്നുള്ള സഞ്ചാരമെന്ന ചോദ്യവും ഉത്തരമില്ലാതെ തുടരുകയാണ്. പൈലറ്റുമാര്‍ ഉള്‍പ്പെടെ വിമാന ജീവനക്കാരുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കാണാനും സാധിച്ചിട്ടില്ല. വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീണിട്ടുണ്ടാകുമെന്ന് തന്നെയാണ് അന്വേഷണ സംഘത്തിന്റെ ഉറച്ച വിശ്വാസം. പക്ഷെ, ദിശ തിരിച്ചുവിടുന്നതിന് മുമ്പ് വിമാനത്തിന്റെ ട്രാന്‍സ്‌പോണ്ടര്‍ ആരോ മനപൂര്‍വം ഓഫ് ചെയ്തിരിക്കാം. മൂന്നാമതൊരാളുടെ ഇടപെടലും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. ദുരന്തത്തിലേക്കുള്ള യാത്രക്കൊടുവില്‍ വിമാനം മിനുട്ടില്‍ 25,000 അടി വേഗത്തില്‍ കടലില്‍ പതിച്ചിരിക്കാമെന്ന് ഓസ്‌ട്രേലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബ്യൂറോ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. പൈലറ്റുമാര് മനപ്പൂര്‍വം എന്തെങ്കിലും ചെയ്തതായി അന്വേഷണ സംഘം കരുതുന്നില്ല. തകര്‍ന്നു വീഴുന്നതിന് തൊട്ട് മുമ്പ് നടത്തിയ യാത്രയുടെ സാറ്റ്‌ലൈറ്റ് ഡാറ്റ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ക്വാലാലംപൂരില്‍നിന്ന് ബീജിങ്ങിലേക്കുള്ള യാത്രയില്‍ നടപടി ക്രമങ്ങളെല്ലാം കൃത്യമായി പാലിച്ചിരുന്നു.