ക്വാലാലംപൂര്‍: 2014 മാര്‍ച്ചില്‍ ക്വാലാലംപൂരില്‍നിന്ന് ബീജിങ്ങിലേക്കുള്ള യാത്രാമധ്യേ ദുരൂഹതയിലേക്ക് മറഞ്ഞ എംഎച്ച്370 വിമാനത്തിനുവേണ്ടിയുള്ള തെരച്ചില്‍ മലേഷ്യ അവസാനിപ്പിച്ചു. തെരച്ചില്‍ അവസാനിപ്പിച്ച വിവരം മലേഷ്യന്‍ ഭരണകൂടമാണ് അറിയിച്ചത്. മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിനും അതിലുണ്ടായിരുന്ന 239 യാത്രക്കാര്‍ക്കും എന്തു സംഭവിച്ചെന്ന ചോദ്യം ഉത്തരം കിട്ടാതെ ഇപ്പോഴും അവശേഷിക്കുകയാണ്.
വ്യോമയാന ചരിത്രത്തിലെ ഏറ്റവും രഹസ്യമായി വിമാനം തുടരും. ഏപ്രിലില്‍ തന്നെ തെരച്ചില്‍ ഔദ്യോഗികമായി അവസാനിപ്പിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ മെയ് 29 വരെ നീട്ടുകയായിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 120,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ കടലില്‍ അരിച്ചുപെറുക്കിയിട്ടും വിമാനത്തെക്കുറിച്ച് തുമ്പൊന്നും കിട്ടിയിട്ടില്ല. ഓസ്‌ട്രേലിയയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര തെരച്ചില്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ തന്നെ നിര്‍ത്തിവെച്ചിരുന്നു. വിമാന യാത്രക്കാരുടെ ബന്ധുക്കളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ഓഷ്യന്‍ ഇന്‍ഫിനിറ്റിയെന്ന അമേരിക്കന്‍ കമ്പനിയെ ഉപയോഗിച്ച് മലേഷ്യ നടത്തിയ തെരച്ചിലാണ് ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുന്നത്. വിമാനത്തിന്റെ അവശിഷ്ടങ്ങളോ ബ്ലാക്ക് ബോക്‌സുകളോ കണ്ടെത്തുകയാണെങ്കില്‍ പണം തന്നാല്‍ മതിയെന്ന വ്യവസ്ഥയിലായിരുന്നു കമ്പനി തെരച്ചില്‍ ആരംഭിച്ചത്. മലേഷ്യയുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ കമ്പനി ജനുവരിയില്‍ തെരച്ചില്‍ ആംരംഭിക്കുകയായിരുന്നു. അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് കടലിന്റെ അടിത്തട്ടില്‍ തെരച്ചില്‍ തുടര്‍ന്നെങ്കിലും വിമാനത്തിന്റെ സൂചനയൊന്നും ലഭിച്ചില്ല. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അന്താരാഷ്ട്ര സംഘം തെരച്ചില്‍ നടത്തിയ ഭാഗത്തിന്റെ വടക്ക് ഭാഗത്ത് 25,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലായിരുന്നു അമേരിക്കന്‍ കമ്പനി അന്വേഷണത്തിനിറങ്ങിയത്. ദൗത്യം പരാജയപ്പെട്ട സാഹചര്യത്തില്‍ ദു:ഖഭാരത്തോടെ പിന്മാറുകയാണെന്ന് ഓഷ്യന്‍ ഇന്‍ഫിനിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഒളിവര്‍ പ്ലങ്കറ്റ് അറിയിച്ചു. വിമാനം കണ്ടെത്താന്‍ മലേഷ്യ കാണിച്ച താല്‍പര്യവും ശ്രമങ്ങളും ഏറെ വിലപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. സോണാറുകളും ക്യാമറകളും ഘടിപ്പിച്ച എട്ട് ഡ്രോണുകള്‍ ഉപയോഗിച്ചാണ് കമ്പനി തെരച്ചില്‍ നടത്തിയത്. 6000 മീറ്റര്‍ താഴെ വരെ കമ്പനിയുടെ ഡ്രോണുകള്‍ വിമാനത്തിന്റെ അവശിഷ്ടവും തേടി അലഞ്ഞു. പക്ഷെ, അന്വേഷണം വിഫലമാവുകയായിരുന്നു. മലേഷ്യന്‍ വിമാനത്തിന്റേതെന്ന് സ്ഥിരീകരിച്ച മൂന്ന് ഭാഗങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ പടിഞ്ഞാറന്‍ തീരത്തുനിന്ന് ലഭിച്ചിട്ടുണ്ട്. വിമാനത്തിന്റെ ചിറകിന്റെ ഭാഗവും ഇതില്‍ പെടും. വിമാനം കടലില്‍ തകര്‍ന്നു വീഴുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നതായി ഓസ്‌ട്രേലിയന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.