kerala

പ്രസവിച്ച് രണ്ടാഴ്ചക്കുള്ളിൽ പരീക്ഷ; മലയാളികളില്‍ ഒന്നാമതായി മാളവിക ജി നായര്‍

By webdesk14

April 22, 2025

മലപ്പുറം: പത്തനംതിട്ട തിരുവല്ല മുത്തൂർ സ്വദേശി മാളവിക ജി. നായർക്ക് യു.പി.എസ്.സി സിവിൽ സർവിസ് പരീക്ഷയിൽ മിന്നും ജയം നേടാനായത് അവസാന ശ്രമത്തിലാണ്. ആറാമത്തെ അവസരത്തിൽ 45ാം റാങ്ക് നേടിയ മാളവിക ഏറെ കൊതിച്ച ഐ.എ.എസ് തിളക്കം ഒടുവിൽ സ്വന്തമാക്കി.

2019ൽ യു.പി.എസ്.സി പരീക്ഷ പാസ്സായ മാളവിക 2020 ബാച്ചിലെ ഇന്ത്യൻ റവന്യൂ സർവിസ് ഉദ്യോ​ഗസ്ഥയാണ്. മകൻ ആദിശേഷിനെ പ്രസവിച്ച് 13ാം ദിവസമായിരുന്നു ഇത്തവണ പരീക്ഷ എഴുതിയത്. കുഞ്ഞുമായി പരീക്ഷക്ക് തയാറെടുക്കുമ്പോൾ വീട്ടുകാരുടെ നല്ല പിന്തുണ ലഭിച്ചത് കൊണ്ടാണ് നന്നായി എഴുതാനായതെന്ന് മാളവിക പറയുന്നു.

മലപ്പുറം മഞ്ചേരി പൊലീസ് സ്റ്റേഷന്‍റെ ചുമതലയുള്ള ഐ.പി.എസ് ട്രെയിനിയായ ഡോ. നന്ദഗോപനാണ് മാളവികയുടെ ഭർത്താവ്. കുടുംബത്തിലേക്ക് ഐ.പി.എസിനൊപ്പം ഐ.എ.എസ് തിളക്കവും കൊണ്ടുവന്നിരിക്കുകയാണ് മാളവിക. ഇന്റർവ്യൂവിന് തയ്യാറെടുക്കുമ്പോൾ ഐ.പി.എസ് ട്രെയിനിയായ ഭർത്താവിന്‍റെ ഏറെ സഹായം ലഭിച്ചിരുന്നു. അച്ഛൻ അജിത് കുമാറും അമ്മ ​ഗീതാകുമാരിയും സഹോദരി മൈത്രേയിയും വളരെ അധികം പിന്തുണച്ചെന്നും മാളവിക പറയുന്നു.

നിലവില്‍ ഇന്ത്യന്‍ റവന്യൂ സര്‍വിസില്‍ ഡെപ്യൂട്ടി കമീഷണറാണ് മാളവിക. 2023ലെ പരീക്ഷയിൽ 172ാം റാങ്ക് നേടിയെങ്കിലും സർവിസിൽ മാറ്റംവന്നില്ല. ഇത്തവണ അവസാന ശ്രമത്തില്‍ റാങ്ക് ലിസ്റ്റിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്ര മികച്ച റാങ്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മാളവിക പറഞ്ഞു.

ആദ്യ നൂറ് റാങ്കിൽ മാളവിക ഉൾപ്പെടെ അഞ്ച് മലയാളികളാണ് ഇടം നേടിയത്. 33ാം റാങ്കുമായി ആൽഫ്രഡ് തോമസാണ് പട്ടികയിലുള്ള ആദ്യ മലയാളി. 42ാം റാങ്കുമായി പി. പവിത്രയും 47ാം റാങ്കുമായി നന്ദനയും പട്ടികയിലുണ്ട്. സോനറ്റ് ജോസ് 54ാം റാങ്ക് കരസ്ഥമാക്കി.