കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാണാതായ നാലംഗ മലയാളി കുടുംബത്തിലെ ആണ്‍കുട്ടി സിദ്ധാന്തിന്റെ മൃതദേഹവും കണ്ടെത്തി. ഇതോടെ കാണാതായ മുഴുവന്‍ പേരുടെയും മൃതദേഹങ്ങള്‍ ലഭിച്ചെന്ന് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കാണാതായ സൗമ്യയുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. സന്ദീപിന്റെയും മകളുടെയും മൃതദേഹങ്ങള്‍ തിങ്കളാഴ്ചയാണ് കണ്ടെത്തിയത്. ഈല്‍ നദിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവര്‍ സഞ്ചരിച്ച വാഹനവും കരക്കെത്തിച്ചു

സന്റാ ക്ലരിറ്റയില്‍ താമസിച്ച് വരികയായിരുന്ന കുടുംബത്തെ ഏപ്രില്‍ അഞ്ചു മുതലാണ് കാണാതാകുന്നത്. വിനോദ യാത്രക്ക് പോയ കുടുംബം സഞ്ചരിച്ച എസ്യുവി ഏപ്രില്‍ ആറിന് ഈല്‍ നദിയിലേക്ക് പതിച്ചാണ് അപകടമെന്നാണ് കരുതുന്നത്.

സാന്റാക്ലാരിറ്റയില്‍ നിന്നും ഒറേഗോണിലേക്ക് റോഡ് ട്രിപ്പ് പോയതായിരുന്നു കുടുംബം. വ്യാഴാഴ്ചവരെ ഇന്ത്യയിലുള്ള കുടുംബവുമായി നാലുപേരും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. വെള്ളിയാഴ്ച സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഒരു ബന്ധുവിനെ സന്ദര്‍ശിക്കേണ്ടിയിരുന്ന കുടുംബാംഗങ്ങള്‍ എത്താതിരുന്നതിനെ തുടര്‍ന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും ഇവര്‍ക്കായുള്ള അന്വേഷണം ആരംഭിക്കുന്നത്.

യൂണിയന്‍ ബാങ്ക് ട്രഷറി ടെക്‌നോളജി വൈസ് പ്രസിഡന്റ് ആയ സന്ദീപ് തോട്ടപ്പിള്ളിയുടെ അച്ഛനും അമ്മയും ഗുജറാത്തിലാണ് കഴിയുന്നത്. ഗുജറാത്ത് സര്‍വ്വകലാശാലയില്‍ നിന്നാണ് സന്ദീപ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.