കണ്ണൂര്‍: വാട്‌സ്ആപ്പിലൂടെ മുഖ്യമന്ത്രിയെ അവഹേളിക്കുകയും ചീത്തവിളിക്കുകയും ചെയ്‌തെന്ന പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാവിലായി സ്വദേശി പൊയ്യയില്‍ വീട്ടില്‍ വൈഷ്ണവ് (20) ആണ് അറസ്റ്റിലായത്.

കൊയക്കട്ടാസ് എന്ന വാട്‌സ്ആപ് ഗ്രൂപ്പിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. ഇത് കാണിച്ച് മാവിലായി സി.പി.എം ബ്രാഞ്ച് സെക്രട്ടറി എടക്കാട് പൊലീസില്‍ നല്‍കിയ പരാതിയെതുടര്‍ന്നാണ് നടപടി. വൈഷ്ണവ് നടത്തിയ പരാമര്‍ശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളുള്‍പ്പെടെയായിരുന്നു പരാതി നല്‍കിയിരുന്നത്. പ്രതിയെ എടക്കാട് സ്റ്റേഷനിലെത്തിച്ച് കേസ് ചാര്‍ജ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.