പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ പ്രചരിപ്പിച്ച ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ മൊറേന ജില്ലയിലാണ് സംഭവം. ബിജെപിയുടെ ന്യൂനപക്ഷ സെല്‍ അംഗം അസ്ലംഖാനാണ് അറസ്റ്റിലായത്. മോദിയുടെ കഴുത്തില്‍ ചെരിപ്പ്മാല തൂക്കിയിട്ട തരത്തിലുള്ള ഫോട്ടോയാണ് ഇയാള്‍ പ്രചരിപ്പിച്ചത്.

പ്രധാനമായും ബിജെപി പ്രവര്‍ത്തകരുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഖാന്‍ ഫോട്ടോ ഷെയര്‍ ചെയ്തത്. ഇത് ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ ആക്ഷേപത്തിനിടയാക്കിയതോടെ പ്രാദേശിക ബിജെപി നേതാവ് രംബാരന്‍ മാവായുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഈ ചിത്രം രാജ്യത്തിന് അപകീര്‍ത്തികരമാണെന്നും ഏതെങ്കിലും തരത്തില്‍ പ്രധാനമന്ത്രിയെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ വെച്ചുപൊറുപ്പിക്കില്ലെന്നും മാവാ പറഞ്ഞു.

മൊറേനയില്‍ മൊബൈല്‍ റിപ്പയറിങ് ഷോപ്പ് നടത്തുന്ന അസ്ലം ഖാനെതിരെ സെക്ഷന്‍ 505(2) പ്രകാരമാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇയാളെ ജയിലിലേക്കയച്ചു. ചോദ്യം ചെയ്യലില്‍ മോദിയുടെ നോട്ട് നിരോധനത്തില്‍ തൃപ്തനല്ലായിരുന്നുവെന്ന് അസ്ലം പറഞ്ഞു.