മുംബൈ: ഭാര്യയുടെ പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് നല്‍കാന്‍ ജനലിലൂടെ ഫ്‌ളാറ്റില്‍ കടക്കാന്‍ ശ്രമിച്ച യുവാവ് വീണ് മരിച്ചു. മുംബൈയില്‍ ഐ.ടി പ്രൊഫഷണലായ തേജസ് ഡുബ്ലൈ (32) ആണ് ദാരുണമായി മരിച്ചത്. 2014 മുതല്‍ ബെല്‍ജിയത്തില്‍ ജോലി നോക്കുകയാണ് തേജസ്. ഭാര്യ പൂനെയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ്.

ഭാര്യയുടെ പിറന്നാളായതിനാല്‍ വെള്ളിയാഴ്ചയാണ് തേജസ് മുംബൈയിലെത്തിയത്. അന്ന് കൂട്ടുകാരന്റെ ഫ്‌ളാറ്റില്‍ തങ്ങി. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിവരെ ഇരുവരും ചര്‍ച്ച ചെയ്താണ് ഫ്‌ളാറ്റിന്റെ ജനലിലൂടെ ഉള്ളില്‍ കയറി ഭാര്യക്ക് സര്‍പ്രൈസ് നല്‍കാന്‍ തീരുമാനിച്ചത്. രാവിലെ അഞ്ചരയോടെ തേജസ് ഫ്‌ളാറ്റിന്റെ മുമ്പിലെത്തി. ജനലിലൂടെ ഉള്ളിലേക്ക് കടക്കുന്നതിനിടെ നിലതെറ്റി താഴേക്ക് വീഴുകയായിരുന്നു.

വാച്ച്മാനാണ് തേജസിനെ ആശുപത്രിയിലെത്തിച്ചത്. സാഹസിക സര്‍പ്രൈസ് നല്‍കുന്നതിന് മുമ്പ് ഇയാളും കൂട്ടുകാരനും നന്നായി മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.