കൊച്ചി: കാമുകിയുടെ ഭര്‍ത്താവിന്റെ കിടപ്പറ രംഗങ്ങള്‍ മൊബൈല്‍ കാമറ വഴി പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനും ആലപ്പുഴയിലെ ഒരു സ്വകാര്യ ബാങ്കിലെ ജീവനക്കാരനുമായ അമ്പലപ്പുഴ വാണ്ടാനം പൊതുവ വീട്ടില്‍ അജിത്ത് (32) നെയാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. എളമക്കര സ്വദേശിയുടെ പരാതിയില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ഇന്നലെ വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ വ്യവസ്ഥകളോടെ ജാമ്യത്തില്‍ വിട്ടു.

പരാതിക്കാരന്റെ ഭാര്യയുമായി ബന്ധം പുലര്‍ത്തിയിരുന്ന അജിത്ത് മൊബൈല്‍ ആപ്പിന്റെ സഹായത്തോടെയാണ് രംഗങ്ങള്‍ തന്റെ മൊബൈലിലേക്ക് പകര്‍ത്തിയത്. പ്രതിയുടെ നിര്‍ദേശ പ്രകാരം പരാതിക്കാരന്റെ ഭാര്യ തന്നെയാണ് ഇദ്ദേഹത്തിന്റെ മൊബൈലില്‍ ഫോണില്‍ ആപ്പ് ഇന്‍സ്‌റ്റോള്‍ ചെയ്തത്. ആപ്പ് പ്രവര്‍ത്തിക്കുന്ന ഘട്ടത്തില്‍ അജിത്ത് തന്റെ മൊബൈല്‍ ഫോണ്‍ വഴി പരാതിക്കാരന്റെ മൊബൈല്‍ കാമറ പ്രവര്‍ത്തിപ്പിച്ച് രംഗങ്ങള്‍ ചിത്രീകരിച്ചു. പിന്നീട് ഇതുപയോഗിച്ച് പരാതിക്കാരനെ ബ്ലാക്ക്‌മെയില്‍ ചെയ്തു. ഐ.ടി ആക്ടിലെ 66 ഇ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൂന്ന് വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സഹായിച്ച പരാതിക്കാരന്റെ ഭാര്യയെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.