വാഷിങ്ടണ്‍: രണ്ടുകുപ്പി വെള്ളം മാത്രം വാങ്ങിയ ആള്‍ ഹോട്ടലിലെ വെയ്റ്റര്‍ക്ക് ടിപ്പായി നല്‍കിയത് 10000 ഡോളര്‍ (ഏകദേശം 7,37,950 രൂപ). അമേരിക്കയിലെ നോര്‍ത്ത് കരോലീനയിലാണ് സംഭവം. ഗ്രീന്‍വില്ലെയിലെ സപ് ഡോഗ്‌സ് എന്ന ഭക്ഷണശാലയിലെ ജീവനക്കാരിയായ അലിയാന കസ്റ്റര്‍ക്കാണ് വന്‍തുക ടിപ്പായി ലഭിച്ചതെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

‘മിസ്റ്റര്‍ ബീസ്റ്റ്’ എന്ന പേരില്‍ അറിയപ്പെടുന്ന യൂ ട്യൂബ് താരമാണ് അലിയാനക്ക് വന്‍തുക ടിപ്പ് നല്‍കിയത്. യൂട്യൂബില്‍ 89 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരുള്ളയാളാണ് മിസ്റ്റര്‍ ബീസ്റ്റ്. സ്വാദിഷ്ഠമായ വെള്ളത്തിന് നന്ദി എന്നൊരു കുറിപ്പിനൊപ്പമാണ് പണം ടിപ്പായി വെച്ചിരുന്നത്. നൂറിന്റെ നോട്ടുകളുടെ ഒരു വലിയ കെട്ടാണ് വെച്ചിരുന്നതെന്നും ആരോ തന്നെ കളിപ്പിക്കുകയാണെന്നാണ് വിചാരിച്ചതെന്നും അലിയാന ദ ന്യൂസ് ആന്‍ഡ് ഒബ്‌സര്‍വറിനോട് പറഞ്ഞു.

ടിപ്പ് കിട്ടയതിന് ശേഷമുള്ള അലിയാനയുടെ ഭാവം ഫോട്ടോയില്‍ പകര്‍ത്താന്‍ രണ്ടുപേരെ മിസ്റ്റര്‍ ബീസ്റ്റ് ചുമതലപ്പെടുത്തിയിരുന്നു. ശേഷം തിരികെയെത്തി അലിയാനയുടേയും സപ് ഡോഗ്‌സിലെ ജീവനക്കാരുടേയും സന്തോഷത്തില്‍ മിസ്റ്റര്‍ ബീസ്റ്റ് പങ്കുചേരുകയും ചെയ്തു.