ന്യൂഡല്‍ഹി: ലഖിംപൂര്‍ സംഭവത്തില്‍ കര്‍ഷകരെ അനുകൂലിച്ച് സംസാരിച്ചതിനു പിന്നാലെ മനേക ഗാന്ധിയെയും മകന്‍ വരുണ്‍ ഗാന്ധിയെയും ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് പുറത്താക്കി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ ഇന്നു പുറത്തുവിട്ട 80 അംഗ നിര്‍വാഹക സമിതിയില്‍ ഇരുവരുടെയും പേരുകളില്ല.

ലഖിംപൂരില്‍ കര്‍ഷക സംഘത്തിനുമേല്‍ വാഹനമിടിച്ചു കയറ്റുന്ന ദൃശ്യങ്ങള്‍ രണ്ടുദിവസം മുമ്പ് വരുണ്‍ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. അതിന്റെ കൂടുതല്‍ വ്യക്തമായ ദൃശ്യങ്ങള്‍ ഇന്ന് വീണ്ടും ട്വീറ്റ് ചെയ്തു.

”വളരെ വ്യക്തമായ വിഡിയോ ആണിത്. കൊലപാതകത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദരാക്കാനാകില്ല. നിരപരാധികളായ കര്‍ഷകരുടെ രക്തം വീഴ്ത്തിയവര്‍ ഉത്തരവാദിത്തം ഏല്‍ക്കണം. കര്‍ഷകരുടെ മനസ്സില്‍ വിദ്വേഷത്തിന്റെയും ക്രൂരതയുടെയും സന്ദേശം പരക്കും മുന്‍പ് നീതി ലഭ്യമാക്കണം” – ട്വിറ്റില്‍ വരുണ്‍ കുറിച്ചു. ഇതിനു പിന്നാലെ ഇരുവരെയും പുറത്താക്കുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ നിന്നുള്ള ലോക്‌സഭാ എംപിയാണ് വരുണ്‍ ഗാന്ധി. സുല്‍ത്താന്‍പുരില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് മനേക. ഒന്നാംമോദി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന മനേകയെ രണ്ടാം മോദി സര്‍ക്കാരില്‍ ഉള്‍പെടുത്തിയിരുന്നില്ല.