Connect with us

india

മണിപ്പൂര്‍ ബിജെപിയില്‍ ഭിന്നത രൂക്ഷം; മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നിന്ന് 19 എം.എല്‍.എമാര്‍ വിട്ടുനിന്നു

സംസ്ഥാന സര്‍ക്കാര്‍ വംശീയ കലാപം നിയന്ത്രിക്കുന്നതിലും സമാധാനം പുനഃസ്ഥാപിക്കുന്നതിലും പൂര്‍ണമായി പരാജയപ്പെട്ടുവെന്ന് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയ്ക്ക് അയച്ച കത്തില്‍ എന്‍.പി.പി തുറന്നടിച്ചു.

Published

on

മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങിന്റെ യോഗത്തില്‍നിന്ന് വിട്ടുനിന്ന് 19 ബി.ജെ.പി എം.എല്‍.എമാര്‍. കലാപം രൂക്ഷമായിരിക്കുന്ന സംസ്ഥാനത്തെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനും അക്രമകാരികള്‍ക്കെതിരേ നടപടിയെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനും വിളിച്ച യോഗമാണ് 37 ബി.ജെ.പി. എം.എല്‍.എ മാരില്‍ 19 പേരും ബഹിഷ്‌കരിച്ചത്. ഇതോടെ സംസ്ഥാനത്തെ ബി.ജെ.പിയിലെ ഭിന്നത രൂക്ഷമായിരിക്കുകയാണ്.

ജിരിബാമില്‍ കുക്കികള്‍ ബന്ദികളാക്കിയ മെയ്തി കുടുംബത്തിലെ 6 പേര്‍ കൊല്ലപ്പെട്ടിരുന്നു. മൂന്ന് കുട്ടികളും മൂന്ന് സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. അക്രമികള്‍ക്കെതിരേ നടപടിയെടുക്കാനുള്ള പ്രമേയം പാസാക്കുന്നതിനാണ് യോഗം സംഘടിപ്പിച്ചത്. യോഗം ബഹിഷ്‌കരിച്ചവരില്‍ ഇരുവിഭാഗത്തിലുംപെട്ട മന്ത്രിമാരടക്കമുള്ള എം.എല്‍.എമാര്‍ ഉള്‍പ്പെടുന്നു. ഇവരോട് വിശദീകരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നോട്ടീസ് അയച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസമാണ് ജിരിബാമില്‍ ബി.ജെ.പി നേതാക്കള്‍ കൂട്ടത്തോടെ രാജി പ്രഖ്യാപിച്ചത്. ജിരിബാം മണ്ഡലം പ്രസിഡന്റ് കെ ജഡു സിങ്, ജനറല്‍ സെക്രട്ടറിമാരായ മുത്തും ഹേമന്ത് സിങ്, പി ബിരാമണി സിങ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുത്തും ബ്രോജേന്ദ്രോ സിങ്, മേഘാജിത്ത് സിങ്, എല്‍ ചവ്വോബ സിങ് തുടങ്ങിയവരാണ് രാജിവെച്ചത്. കലാപം നിയന്ത്രിക്കാന്‍ കഴിയാത്ത വിധം സര്‍ക്കാര്‍ നിസ്സഹായാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജി.

കൂടാതെ, മണിപ്പൂരില്‍ സഖ്യ സര്‍ക്കാരില്‍നിന്ന് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി.) പിന്‍മാറുകയും ചെയ്തു. സഖ്യത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയാണ് എന്‍.പി.പി. ഏഴ് എല്‍.എല്‍.എമാരാണ് പാര്‍ട്ടിക്കുള്ളത്. സംസ്ഥാനത്തെ സംഘര്‍ഷാവസ്ഥ നിയന്ത്രിക്കുന്നതില്‍ ബീരേന്‍ സിങ് സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നാരോപിച്ചാണ് പിന്മാറ്റം.

സംസ്ഥാനത്തെ നിലവിലുള്ള ക്രമസമാധാന സാഹചര്യങ്ങളില്‍ അതീവ ഉത്കണ്ഠ പ്രകടിപ്പിച്ചുകൊണ്ടാണ് കോണ്‍റാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. സംസ്ഥാന സര്‍ക്കാര്‍ വംശീയ കലാപം നിയന്ത്രിക്കുന്നതിലും സമാധാനം പുനഃസ്ഥാപിക്കുന്നതിലും പൂര്‍ണമായി പരാജയപ്പെട്ടുവെന്ന് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയ്ക്ക് അയച്ച കത്തില്‍ എന്‍.പി.പി തുറന്നടിച്ചു.

india

നാഗ്പൂര്‍ സംഘര്‍ഷത്തില്‍ അറസ്റ്റിലായ മുസ്‌ലിം യുവാവിന്റെ വീട് ബുള്‍ഡോസ് ചെയ്തു

കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആവശ്യമെങ്കില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീട് തകര്‍ക്കാമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.

Published

on

ഔറംഗസേബിന്റെ ശവകുടീരവുമായി ബന്ധപ്പെട്ട് നാഗ്പൂരിലുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായ മുസ്‌ലിം യുവാവിന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. വീടിന്റെ പ്ലാനിന് നഗരസഭയുടെ അനുമതിയില്ലെന്ന് കാണിച്ചാണ് നടപടി.

സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റിലായ ഫഹീം ഖാന്റെ വീടാണ് നാഗ്പൂര്‍ നഗരസഭ തകര്‍ത്തത്. കലാപത്തിന് ശേഷം, മാര്‍ച്ച് 20ന് നഗരസഭാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഫഹീം ഖാന്റെ വീട് മഹാരാഷ്ട്ര റീജിയണല്‍ ആന്‍ഡ് ടൗണ്‍ പ്ലാന്‍ ആക്ട് ലംഘിച്ച് നിര്‍മിച്ചതാണെന്ന് കണ്ടെത്തിയത്.

ഫഹീം ഖാന്റെ അമ്മയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത 86.48 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള വീടിന്റെ ഒരു ഭാഗമാണ് അധികൃതര്‍ പൊളിച്ചത്. കൈയേറ്റം ആരോപിച്ചാണ് വീടിന്റെ ഒരു ഭാഗം ഇടിച്ച് നിരത്തിയത്.

എന്നാല്‍ വീടിന്റെ ബാക്കിനില്‍ക്കുന്ന ഭാഗങ്ങള്‍ എന്ത് ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതുസംബന്ധിച്ച് നഗരസഭാ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. പൊളിക്കല്‍ നടപടിക്ക് മുന്നോടിയായി വലിയ പൊലീസ് സന്നാഹമാണ് സ്ഥലത്ത് സജ്ജമാക്കിയിരുന്നത്. പക്ഷെ നടപടിക്കെതിരെ കാര്യമായ പ്രതിഷേധങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫഹീം ഖാന്‍ നിലവില്‍ ജയിലില്‍ കഴിയുകയാണ്. കലാപത്തിന്റെ മുഖ്യസൂത്രധാരന്‍ എന്ന് ആരോപിച്ചാണ് ഫഹീം ഖാനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആവശ്യമെങ്കില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീട് തകര്‍ക്കാമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.

ഇതിനുപുറമെ നാഗ്പൂരിലെ സംഘര്‍ഷത്തിലുണ്ടായ നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരം കലാപകാരികളില്‍ നിന്ന് തന്നെ ഈടാക്കുമെന്നും ഫഡ്നാവിസ് പറഞ്ഞു. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും അവ വില്‍ക്കുമെന്നും ഫഡ്നാവിസ് മുന്നറിയിപ്പ് നല്‍കി.

ആരെയും വെറുതെ വിടില്ലെന്നും അക്രമത്തിനെതിരെ സര്‍ക്കാരിന് ഉറച്ച നിലപാടുകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നാഗ്പൂരിലുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ 104 പേരെ തിരിച്ചറിയുകയും അതില്‍ 92 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഫഡ്നാവിസ് അറിയിച്ചു.

നാഗ്പൂരില്‍ വി.എച്ച്.പി പ്രവര്‍ത്തകരുള്‍പ്പെടെ നടത്തിയ സംഘര്‍ഷത്തില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും കല്ലേറുണ്ടാവുകയും ചെയ്തിരുന്നു. സംഘര്‍ഷത്തില്‍ പത്ത് കമാന്റോകള്‍ക്കും രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കും രണ്ട് ഫയര്‍മാന്‍മാര്‍ക്കുമാണ് പരിക്കേറ്റത്.

ആര്‍.എസ്.എസ് ആസ്ഥാനത്ത് നിന്നാണ് വി.എച്ച്.പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം ആരംഭിച്ചത്.

Continue Reading

india

വീട്ടില്‍ നിന്ന് നോട്ട് കണ്ടെത്തിയ സംഭവം: ആരോപണവിധേയനായ ജഡ്ജിയെ കോടതി കാര്യങ്ങളിൽനിന്ന് ഒഴിവാക്കി ഡൽഹി ഹൈക്കോടതി

സുപ്രീം കോടതിയുടെ നിർദേശം അനുസരിച്ചാണ് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യയ, യശ്വന്ത് വർമ്മയുടെ ജുഡീഷ്യൽ ചുമതലകൾ പിൻവലിച്ചത്

Published

on

ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ ജുഡീഷ്യൽ ചുമതലകൾ പിൻവലിച്ചു. സുപ്രീം കോടതിയുടെ നിർദേശം അനുസരിച്ചാണ് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യയ, യശ്വന്ത് വർമ്മയുടെ ജുഡീഷ്യൽ ചുമതലകൾ പിൻവലിച്ചത്. യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ പണം കണ്ടെത്തിയത് സംബന്ധിച്ച് സുപ്രീം കോടതി നിയോഗിച്ച 3 അംഗ ആഭ്യന്തര അന്വേഷണസമിതി ഉടൻ നടപടികൾ ആരംഭിക്കും.

സംഭവസ്ഥലത്തുനിന്നു ഡൽഹി പൊലീസ് പകർത്തി ഡൽഹി ചീഫ് ജസ്റ്റിസിനു കൈമാറിയ വിഡിയോയും ചിത്രങ്ങളും സുപ്രീം കോടതി പുറത്തുവിട്ടിട്ടുണ്ട്. ഈ ദൃശ്യങ്ങളിൽ നോട്ടുകെട്ടുകൾ കത്തുന്നതും അഗ്നിരക്ഷാസേനാംഗങ്ങൾ തീകെടുത്താൻ ശ്രമിക്കുന്നതും വ്യക്തമായി കാണാം. ജസ്റ്റിസ് യശ്വന്ത് വർമയുടെ വസതിയിൽ തീപിടിത്തമുണ്ടായതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ സമയം അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല.

അതേസമയം, ഹൈക്കോടതി ചീഫ് ജസ്റ്റിസ് നൽകിയ റിപ്പോർട്ടും യശ്വന്ത് വർമ്മയുടെ വിശദീകരണവും പരിശോധിച്ച ശേഷം വസതിയിലെ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തനാണ് തീരുമാനം. പൊലീസും വർമ്മയും നൽകിയ വിവരങ്ങളിലുള്ള വൈരുദ്ധ്യം അന്വേഷണസംഘം വിശദമായി പരിശോധിക്കും.
14 ന് രാത്രി 11.30 ഓടെ പണം കേണ്ടത്തിയെങ്കിലും, അടുത്ത ദിവസം വൈകീട്ട് 4.30 ഓടെ മാത്രമാണ് പൊലീസ് വിവരം ചീഫ് ജസ്റ്റിസിനെ അറിയിച്ചത്. മാത്രമല്ല പൊലീസ് രേഖകളിൽ എവിടെയും പണം കണ്ടെത്തിയ കാര്യം പരാമർശിച്ചിട്ടില്ല.

Continue Reading

india

സെക്കന്ദ്രാബാദില്‍ ട്രെയിന്‍ യാത്രക്കിടെ പീഡന ശ്രമം; ട്രെയിനില്‍ നിന്ന് ചാടിയ യുവതിക്ക് ഗുരുതര പരിക്ക്

രക്ഷപ്പെടാന്‍ വേണ്ടി ട്രെയിനില്‍ നിന്ന് ചാടിയ യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

on

ട്രെയിനില്‍ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്കു നേരെ പീഡന ശ്രമം. രക്ഷപ്പെടാന്‍ വേണ്ടി ട്രെയിനില്‍ നിന്ന് ചാടിയ യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെക്കന്ദ്രാബാദില്‍ നിന്ന് മേഡ്ചലിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് യുവാവ് യുവതിയെ കടന്നു പിടിക്കാന്‍ ശ്രമിച്ചത്. ലേഡീസ് കമ്പാര്‍ട്‌മെന്റില്‍ യാത്രക്കാര്‍ കുറഞ്ഞ സമയത്തായിരുന്നു ഇയാള്‍ യുവതിയെ സമീപിച്ചത്. ലൈംഗിക തൊഴിലാളിയാണോ എന്ന് യുവാവ് യുവതിയോട് ചോദിക്കുകയായിരുന്നു. അല്ലെന്നു മറുപടി നല്‍കി യുവതി ഒഴിഞ്ഞു മാറിയതോടെ പ്രതി ബലം പ്രയോഗിച്ചു യുവതിയെ കടന്നു പിടിക്കുകയായിരുന്നു.

പരിഭ്രമിച്ച യുവതി ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് എടുത്തു ചാടുകയായിരുന്നു. തലപൊട്ടി രക്തത്തില്‍ കുളിച്ചു കിടന്ന യുവതിയെ പ്രദേശവാസികള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

അതേസമയം യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്. പോലീസും റയില്‍വേ പോലീസുമെത്തി യുവതിയുടെ മൊഴി രേപ്പെടുത്തി. യുവതി നല്‍കിയ തിരിച്ചറിയല്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.

 

Continue Reading

Trending