മഞ്ചേശ്വരം: ഹൊസങ്കടിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി ആര്‍.എസ്.എസ് അക്രമം. ഹൊസങ്കടി അങ്ങാടിപദവിലെ സയ്യിദ് ഷറഫുദ്ദീന്‍ തങ്ങള്‍ക്കും കുടുംബത്തിനും നേരെയാണ് അക്രമമുണ്ടായത്. ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് അക്രമം. യാതൊരു പ്രകോപനവുമില്ലാതെ ഒരു സംഘം വീട്ടില്‍ കയറി അക്രമം അഴിച്ചുവിടുകയായിരുന്നു. അക്രമത്തില്‍ പരിക്കേറ്റ ഷറഫുദ്ദീന്‍ തങ്ങളും ഭാര്യയും കുമ്പള സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

ചികിത്സയില്‍ കഴിയുന്ന ഉസ്താദിനെയും കുടുംബത്തെയും മുസ്ലിം ലീഗ് മഞ്ചേശ്വര മണ്ഡലം ജനറല്‍ സെക്രട്ടറി എം. അബ്ബാസ്, എ.കെ ആരിഫ്, അസീസ് കളത്തൂര്‍, സൈഫുള്ള തങ്ങള്‍, എ. മുഖ്താര്‍, മുസ്തഫ ഉദ്യാവര്‍, നാസിര്‍ ഇടിയ, ഫാറൂഖ് ചെക്ക്‌പോസ്റ്റ്, ഇര്‍ഷാദ് ചെക്ക്‌പോസ്റ്റ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ അക്രമികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കണമെന്ന് യൂത്ത് ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നാട്ടില്‍ വര്‍ഗീയ കലാപം ഉണ്ടാകാന്‍ സംഘപരിവാര്‍ ശ്രമിക്കുകയാണെന്നും ഇതിനെതിരെ കര്‍ശന നടപടിവേണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.