ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക നില മികച്ച രീതിയില്ല മുന്നോട്ടു പോകുന്നതെന്ന് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മന്‍മോഹന്‍സിങ്. രാജ്യത്തിന്റെ സാമ്പത്തിക നില 6.6 ശതമാനമായി കുറയുമെന്ന് അന്താരാഷ്ട്ര നാണയ നിധി പോലെയുള്ള ഏജന്‍സികള്‍ പ്രവചിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍ ധനമന്ത്രി പി.ചിദംബരവുമൊത്ത് ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്‍മോഹന്‍. ബജറ്റിന് മുന്നോടിയായി സര്‍ക്കാര്‍ പുറത്തിറക്കുന്ന സാമ്പത്തിക സര്‍വേയ്ക്ക് മുമ്പ് ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ കുറിച്ച് കോണ്‍ഗ്രസ് പുറത്തിറക്കുന്ന രേഖകളും ഇരുവരും പുറത്തിറക്കി.

വിജയ് മല്യക്ക് സഹായങ്ങളൊന്നും ചെയ്തിട്ടില്ലെന്ന് മന്‍മോഹന്‍ സിങ് വ്യക്തമാക്കി. എല്ലാ പ്രധാനമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കും വ്യവസായ പ്രമുഖരില്‍ നിന്ന് നിരവധി കത്തുകള്‍ ലഭിക്കാറുണ്ട്. രാജ്യത്തെ നിയമപ്രകാരമേ എല്ലാ കാര്യങ്ങളും ചെയ്തിട്ടുള്ളൂ. മല്യക്ക് അതിരുവിട്ട് ഒന്നും നല്‍കിയിട്ടില്ല- മന്‍മോഹന്‍ വ്യക്തമാക്കി. പെരുപ്പിച്ച് കാട്ടുന്ന കണക്കുകള്‍ കൊണ്ട് ജനങ്ങളെ വഞ്ചിക്കാന്‍ കഴിയില്ലെന്ന് പി.ചിദംബരം പറഞ്ഞു.

തൊഴിലിനെ കുറിച്ച് ചോദിച്ചു നോക്കൂ. നിങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം ലഭിക്കില്ല. ഇവിടെ തൊഴിലില്ല, മൂലധന നിക്ഷേം താഴ്ന്നു കൊണ്ടേയിരിക്കുന്നു. രാഷ്ട്രത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് സര്‍ക്കാറിന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കാം. എന്നാല്‍ അത് യഥാര്‍ത്ഥ മൂല്യനിര്‍ണയത്തില്‍ നിന്ന് വിദൂരമാകരുത്. നാളെ പുറത്തിറക്കുന്ന എന്‍.ഡി.എയുടെ സാമ്പത്തിക സര്‍വേ അതിശയോക്തി നിറഞ്ഞതാവാനാണ് സാധ്യത. എന്നാല്‍ തങ്ങളുടെ ഗവേഷണമാണ് സത്യത്തോട് ഏറെ അടുത്തു നില്‍ക്കുക- ചിദംബരം പറഞ്ഞു.