ലക്‌നോ: ഉത്തര്‍പ്രദേശില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ മുസ്‌ലിം ഭൂരിപക്ഷ മേഖലയായ മൂന്ന് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്ന പരാമര്‍ശവുമായി വിവാദ ബി.ജെ.പി എം.എല്‍.എ സുരേഷ് റാണ. കരൈന, ദിയോബന്ദ്, മൊറാദാബാദ് എന്നീ മുസ്‌ലിം മേഖലകളില്‍ കര്‍ഫ്യൂ നടപ്പാക്കുമെന്നാണ് എം.എല്‍.എയുടെ ‘വാഗ്ദാനം’.

ശ്യാംലി ജില്ലയില്‍പ്പെട്ട താന ഭവനിലെ ബി.ജെ.പി സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു റാണ. വിദ്വേഷ പ്രസംഗം നടത്തിയതിന് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. പ്രസ്താവന വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്നതാണെന്നും പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും താനഭവന്‍ സി.ഐ സുനില്‍കുമാര്‍ വ്യക്തമാക്കി. മതത്തിന്റെ പേരില്‍ വോട്ട് ചോദിക്കരുതെന്ന് കഴിഞ്ഞദിവസമാണ് സുപ്രീം കോടതി ഉത്തരവിട്ടത്.

ഇതിനു പിന്നാലെയാണ് മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എപരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. മുസഫര്‍ നഗര്‍ കലാപത്തില്‍ റാണക്ക് പങ്കുണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.