ന്യൂഡല്‍ഹി: അമേരിക്കയിലെ ആസ്പത്രിയിലേക്ക് മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തി ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. ചിലത് പറയാനുണ്ടെന്ന് അറിയിച്ചാണ് ആസ്പത്രി കിടക്കയില്‍ കഴിയുന്ന പരീക്കര്‍ മാധ്യമപ്രവര്‍ത്തകരോട് യു.എസിലെത്താന്‍ ആവശ്യപ്പെട്ടത്.

മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നാലു മാധ്യമപ്രവര്‍ത്തകരാണ് യു.എസിലെത്തിയത്. തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും മടങ്ങിവരവിനെക്കുറിച്ചും ഭരണത്തിലെ തന്റെ ഇടപെടലുകളെ കുറിച്ചും പറയാനാണ് മാധ്യമപ്രവര്‍ത്തകരെ വിളിപ്പിച്ചതെന്നാണ് വിവരം.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥര്‍ വഴിയാണ് പരീക്കര്‍ തങ്ങളെ വിളിപ്പിച്ചതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു.

‘ഏതു ആസ്പത്രിയിലാണ് കഴിയുന്നതെന്ന കാര്യം പരീക്കര്‍ ആദ്യം വെളിപ്പെടുത്തിയിരുന്നില്ല. അദ്ദേഹം ക്ഷീണിതനായിരുന്നു. രണ്ട് റൗണ്ട് കീമോതെറാപ്പി കഴിഞ്ഞിട്ടുണ്ട്. ഡോക്ടര്‍മാരുടെ അനുമതി ലഭിച്ചാല്‍ മാത്രമേ മടങ്ങി വരവിനെക്കുറിച്ച് ആലോചിക്കാന്‍ കഴിയുള്ളൂവെന്നാണ് അദ്ദേഹം പറഞ്ഞത്’, മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു.

ആസ്പത്രി കിടക്കയില്‍ ഇരുന്നും താന്‍ ഭരണം നിയന്ത്രിക്കുന്നുണ്ടെന്ന് പരീക്കര്‍ അറിയിച്ചു. ചീഫ് സെക്രട്ടറിയുമായും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായും എല്ലാ ദിവസം ഫോണില്‍ സംസാരിക്കാറുണ്ടെന്നും ഫയലുകളും ഡോക്യുമെന്റുകളും സ്‌കാന്‍ ചെയ്ത് ഇമെയില്‍ വഴിയും ഫാക്‌സ് വഴിയും അയക്കാറുണ്ടെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

തീരുമാനങ്ങള്‍ ഫോണിലും മെയില്‍ വഴിയും അറിയിക്കാറാണ് പതിവെന്നും പരീക്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് പരീക്കര്‍ അമേരിക്കയിലെത്തിയത്. പാന്‍ക്രിയാസ് കാന്‍സറിനെത്തുടര്‍ന്ന് ഫെബ്രുവരി 15 മുതല്‍ വിവിധ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.