ബെര്‍ലിന്‍: ലോകത്തെ ഫുട്‌ബോള്‍ പ്രേമികളെ ഞെട്ടിച്ചുകൊണ്ടാണ് റഷ്യന്‍ ലോകകപ്പിനുള്ള ജര്‍മന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഈ ലോകകപ്പിന്റെ താരമാകുമെന്ന് വരെ വിശേഷിപ്പിക്കപ്പെട്ടിരുന്ന മാഞ്ചസ്റ്റര്‍ സിറ്റി താരം ലിറോയ് സാനെ ഇല്ലാതെയാണ് ജോക്കിം ലോ ജര്‍മന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. സിറ്റിക്കായി കഴിഞ്ഞ സീസണില്‍ 14 ഗോളുകളുടേയും 17 അസിസ്റ്റുകളുടേയും ഉടമയായ ഈ 22 വയസുകാരന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ലോകത്തെ മികച്ച യുവതാരങ്ങളിലൊരാളായ സാനെ എന്തുകൊണ്ട് തഴയപ്പെട്ടുവെന്നതാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ ചര്‍ച്ച. ജര്‍മന്‍ ക്യാമ്പില്‍ സാനെയുടെ മോശം സ്വഭാവമാണ് അദ്ദേഹത്തെ ടീമിലെടുക്കാതിരിക്കാന്‍ കാരണമെന്ന് ‘ദി സണ്‍’ റിപ്പോര്‍ട്ട് ചെയ്തു. സാനെയുടെ മോശം സ്വഭാവം മൂലം പല ജര്‍മന്‍ താരങ്ങള്‍ക്കും അദ്ദേഹത്തോട് അതൃപ്തിയുണ്ട്. സാനെയെ ടീമിലുള്‍പ്പെടുത്തിയാല്‍ അത് ടീമിന്റെ ഒത്തൊരുമയെ ബാധിക്കാന്‍ സാധ്യതയുള്ളതിനാലാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

ലിറോയ് സാനെ അല്ലെങ്കില്‍ ജൂലിയന്‍ ബ്രാന്‍ഡിറ്റ് എന്നിവരുടെ പേരായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്നത്. ടീമിലേക്ക് കൂടുതല്‍ ഫിറ്റ് ബ്രാന്‍ഡിറ്റാണെന്നതിനാല്‍ അദ്ദേഹത്തെ തിരഞ്ഞെടുക്കുകയായിരുന്നു. സാനെ നല്ല കഴിവുള്ള കളിക്കാരനാണ്. അദ്ദേഹത്തിന് ഇനിയും മികച്ച സാധ്യതകളുണ്ട്- ജര്‍മന്‍ കോച്ച് ജോ കിം ലോ പറഞ്ഞു.