മട്ടന്നൂര്‍: മാലൂരില്‍ ഓട്ടോറിക്ഷ ഡ്രൈവറെ കരിങ്കല്‍ ക്വാറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിട്ടാറമ്പിലെ കരിയട്ടയില്‍ വീട്ടില്‍ കോരമ്പത്ത് സജീഷിനെ(28)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ എട്ടരയോടെയാണ് ചിത്രവട്ടം കൂവ്വക്കരയിലെ കരിങ്കല്‍ ക്വാറിയില്‍ കണ്ടത്.

തിങ്കളാഴ്ച്ച രാത്രി ഓട്ടം കഴിഞ്ഞ് സജീഷ് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ മാലൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും പൊലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കരിങ്കല്‍ ക്വാറിയില്‍ കണ്ടെത്തിയത്. മൃതദേഹം പാറക്കല്ലുകള്‍ക്ക് മുകളിലായിരുന്നു. സജീഷിന്റെ ഓട്ടോ ക്വാറിയില്‍ നിര്‍ത്തിയിട്ട നിലയിലായിരുന്നു.

പേരാവൂര്‍ സി.ഐ കുട്ടികൃഷ്ണന്‍, മാലൂര്‍ എസ്.ഐ ഷിജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. ഫോറന്‍സിക് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബാലന്‍-രാധ ദമ്പതികളുടെ മകനായ സജീഷ് അവിവാഹിതനാണ്.