വാഷിങ്ടണ്‍: സാറ്റലൈറ്റ് അടിസ്ഥാനമാക്കിയുള്ള പുതിയ സാങ്കേതികവിദ്യയുമായി ഐഫോണ്‍ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങുന്നു. നെറ്റ്വര്‍ക്ക് കണക്ഷനില്ലാത്ത സാഹചര്യത്തിലും ചില ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കാനാകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം, ആപ്പിള്‍ മാപ്പും മെസേജുകളും നിയന്ത്രിക്കാനും വായിക്കാനും, ചിത്രങ്ങള്‍ വരെ അയയ്ക്കാനുമാകുമെന്ന് വ്യക്തമാക്കുന്നു. അടിയന്തര ഘട്ടങ്ങളിലും നെറ്റ് കണക്ഷന്‍ ലഭ്യമല്ലാത്ത സ്ഥലങ്ങളിലും ഉപയോക്താക്കള്‍ ഒറ്റപ്പെടാതിരിക്കാന്‍ ലക്ഷ്യമിട്ടാണ് ആപ്പിളിന്റെ പുതിയ പരീക്ഷണം.
ഇതിനു മുമ്പ്, സാറ്റലൈറ്റ് വഴി അടിയന്തര എസ്ഒഎസ് സേവനം 2022-ല്‍ പുറത്തിറങ്ങിയ ഐഫോണ്‍ 14-ലാണ് ആദ്യമായി അവതരിപ്പിച്ചത്. അപകടസാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തകരെ ബന്ധപ്പെടാനാണ് ആ സേവനം ഉപയോഗിക്കപ്പെട്ടിരുന്നത്. പിന്നീട് റോഡ് അപകടങ്ങള്‍ ഉള്‍പ്പെടെ വിവിധ അടിയന്തര സാഹചര്യങ്ങളില്‍ സേവനം വ്യാപിപ്പിച്ചു.
ഇപ്പോള്‍ ഈ സംവിധാനത്തെ മെച്ചപ്പെടുത്തി നിത്യജീവിതത്തില്‍ കൂടുതല്‍ ഉപയോഗിക്കുന്ന മാപ്പും മെസേജും ഉള്‍പ്പെടുത്തുകയാണ് കമ്പനി. ഇതിനായി ആപ്പിളിന്റെ ആഭ്യന്തര സാറ്റലൈറ്റ് കണക്ടിവിറ്റി ഗ്രൂപ്പ് പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കുകയാണ്. നിലവില്‍ എസ്ഒഎസ് സേവനം കൈകാര്യം ചെയ്യുന്ന ഗ്ലോബല്‍ സ്റ്റാര്‍ കമ്പനിയും ഈ പദ്ധതിയില്‍ പങ്കാളിയാണ്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഫോണ്‍ പോക്കറ്റിലോ, കാറിലോ, ബാഗിലോ ഇരിക്കുമ്പോഴും കണക്ഷന്‍ സാധ്യമാക്കുന്ന സംവിധാനമായിരിക്കും പുതിയത്.
പുതിയ ഫീച്ചര്‍ ഏത് മോഡലില്‍ ലഭ്യമാകുമെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും, 2026-ല്‍ പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ 18 സീരീസിലാണ് ഈ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തപ്പെടാന്‍ സാധ്യത. മുമ്പ് പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം, ഐഫോണ്‍ 18 എയര്‍ മോഡലില്‍ രണ്ടെണ്ണം ക്യാമറകള്‍ ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.