മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്റെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.  കുവൈത്തില്‍ ഒഐസിസിയുടെ വേദിയില്‍ ഉമ്മന്‍ചാണ്ടിയടക്കം കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും തിങ്ങിനിറഞ്ഞ സദസ്സിലാണ് ഉമ്മന്‍ ചാണ്ടിയുടെ സഹധര്‍മ്മിണി മനസ്സുതുറന്നത്. എന്നെ പ്രസംഗിക്കാന്‍ വിളിച്ചത് മുതല്‍ ഭര്‍ത്താവിന് ഉള്‍ക്കിടിലമാണ് എന്നുപറഞ്ഞാണ് മറിയാമ്മ പ്രസംഗം തുടങ്ങുന്നത്.

”ഉമ്മന്‍ ചാണ്ടിയെപ്പറ്റി നിങ്ങള്‍ക്ക് നന്നായി അറിയാം. നാട്ടുകാരുടെ മുഴുവന്‍ ദുരിതങ്ങള്‍ കാണുന്ന ആളാണ്. ആഴ്ചയില്‍ എട്ടുദിവസം ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ഇടയ്ക്കിടെ ആഗ്രഹിച്ചുപോകാറുണ്ട്. ഒരു ദിവസം എനിക്കും കുടുംബത്തിനും അദ്ദേഹത്തെ കിട്ടുമോ..? എല്ലാരുടെയും കണ്ണീരൊപ്പുന്ന ആളാണ്. എന്റേം മക്കള്‍ടേം കണ്ണീര് ആരൊപ്പും..?” നിറഞ്ഞ കയ്യടികള്‍ക്കിടയിലാണ് ഈ വാക്കുകള്‍ മറിയാമ്മ ഉമ്മന്‍   പറഞ്ഞുതീര്‍ത്തത്.

ഞാന്‍ രാഷ്ട്രീയം അറിയാത്ത രാഷട്രീയക്കാരിയല്ല. എന്നാല്‍ പ്രസംഗിക്കാന്‍ ഒന്നുമറിയില്ല. ഒരുപാട് അസുഖങ്ങള്‍ ഒക്കെയുള്ള ഒരു പാവം വീട്ടമ്മയാണെന്നും അവര്‍ പറഞ്ഞു. എന്റെ ഭര്‍ത്താവ് കടന്നുവന്ന അഗ്‌നി പരീക്ഷകള്‍ നിങ്ങള്‍ക്കറിയാം. എന്ത് ടെന്‍ഷന്‍ വരുമ്പോഴും നിങ്ങള്‍ എന്നെ ഓര്‍ത്താല്‍ മതി. ടെന്‍ഷന്‍ മാറ്റാന്‍ എല്ലാവരും എപ്പോഴും ചിരിക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അവര്‍ സ്‌നേഹപൂര്‍വം ഉപദേശിച്ചു.