ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ തനിക്ക് ചെറുപ്പത്തില്‍ ഇഷ്ടമായിരുന്നുവെന്നും ഇപ്പോഴും ആ ഇഷ്ടം നിലനില്‍ക്കുന്നുവെന്നും ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കട്ജു ജയലളിതയോടുള്ള തന്റെ ഇഷ്ടം തുറന്നടിച്ചത്. ‘ചെറുപ്പത്തില്‍ സുന്ദരിയായിരുന്ന ജയലളിതയുടെ ചിത്രം കണ്ട് എനിക്കവരോട് പ്രണയം തോന്നി. എന്നാല്‍ ജയലളിതയോട് അത് പറഞ്ഞിരുന്നില്ല. അതിനാല്‍ തിരിച്ചുകിട്ടാത്ത സ്‌നേഹമായിരുന്നു അത്. ഇപ്പോഴും ജയലളിത സുന്ദരിയാണ്. എനിക്കവരോട് ഇപ്പോഴും ഇഷ്ടമാണ്. എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു’- കട്ജു പറഞ്ഞു. സിംഹിയായ ജയലളിതയുടെ എതിരാളികള്‍ വാനരന്മാരാണെന്ന് തുറന്നടിച്ച കട്ജു തമിഴ്‌നാട് മുഖ്യമന്ത്രിയുടെ നാശം സ്വപ്നം കാണുന്നവര്‍ നിരാശരാവുമെന്നും പറഞ്ഞു. ജീവിതത്തില്‍ രണ്ടു തവണയാണ് ജയലളിതയെ നേരിട്ട് കണ്ടത്. 2004 നവംബറില്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ സത്യപ്രതിജ്ഞാ ചടങ്ങിലാണ് ആദ്യമായി കണ്ടത്. ഇംഗ്ലീഷില്‍ തന്നോടും ഭാര്യയോടും അവര്‍ സംസാരിച്ചു. പ്രസ് കൗണ്‍സില്‍ പ്രസിഡന്റായിരിക്കെയാണ് രണ്ടാമത്തെ കൂടിക്കാഴ്ച. വിരമിച്ച ജഡ്ജിമാര്‍ക്ക് സഹായം ആവശ്യപ്പെട്ടുള്ള നിവേദനം കൈമാറുന്നതിനു വേണ്ടിയായിരുന്നു അന്നത്തെ കൂടിക്കാഴ്ചയെന്നും കട്ജു ഓര്‍ത്തു.

jayalalithaa