Connect with us

columns

വെടിയുണ്ട നെഞ്ചിലേറ്റിയ മാതാഗിനി

മുറിവേറ്റതിനു ശേഷവും മുന്നോട്ടു കുതിച്ച മാതംഗിനിക്കു നേരെ പൊലീസ് തുടര്‍ച്ചയായി നിറയൊഴിച്ചു. വന്ദേ മാതരം ഉച്ചരിച്ചുകൊണ്ട് വീരമരണം. രക്തത്തില്‍ കുളിച്ചുകിടന്ന അവരെ കണ്ടെത്തുമ്പോഴും ദേശീയ പതാക മുറുകെ പിടിച്ചിരുന്നു.

Published

on

ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ ഭാഗമായി മിഡ്‌നാപൂരില്‍ പൊലീസ് സ്റ്റേഷന്‍ പിടിച്ചെടുക്കല്‍ സമരത്തില്‍ പങ്കെടുത്ത് ബ്രിട്ടീഷ് പൊലീസിന്റെ വെടിയേറ്റ്, എഴുപത്തിരണ്ടാം വയസില്‍ വീരമൃത്യു വരിച്ച ധീര വനിതയാണ് മാതാഗിനി ഹസ്ര. ഗാന്ധി മുത്തശി എന്നാണ് വിളിപ്പേര്. 1870 ഒക്ടോബര്‍ 19ന് പശ്ചിമ ബംഗാളിലെ മിഡ്‌നാപൂര്‍ ജില്ലയില്‍ തംലുക്ക് പൊലീസ് സ്റ്റേഷന്റെ കീഴിലുള്ള ഹോഗ്ല ഗ്രാമത്തിലാണ് മാതംഗിനി മൈതി ജനിച്ചത്. കുടുംബത്തിന്റെ കടുത്ത ദാരിദ്ര്യം കാരണം പ്രാഥമിക വിദ്യാഭ്യാസം പോലും നേടാനായില്ല. ഒരു കൊച്ചു മകനുള്ള സമ്പന്നനായ ത്രിലോചന്‍ ഹസ്രയുടെ ബാല വധുവാകാന്‍ കഷ്ടപ്പാടുകള്‍ അവരെ നിര്‍ബന്ധിതയാക്കി. പന്ത്രണ്ടാം വയസിലാണ് ഈ വിവാഹം. പതിനെട്ടു വയസുള്ളപ്പോള്‍ ഭര്‍ത്താവ് മരിച്ചു.

ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ ആകൃഷ്ടയായാണ് കോണ്‍ഗ്രസിലെത്തുന്നത്. 1905ല്‍, ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ സജീവമാകാന്‍ തീരുമാനിച്ചു. ആയിരക്കണക്കിന് സ്ത്രീകളുടെ പങ്കാളിത്തമായിരുന്നു മിഡ്‌നാപൂരിലെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളുടെ പ്രത്യേകത. മാതംഗിനി അവരുടെ നേതാവായി.സെറാംപൂരിലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്ത് പൊലീസിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായി. 1932 ജനുവരി 26ന്, രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പ്രദേശത്തെ പുരുഷന്മാര്‍ ഘോഷയാത്ര നടത്തി. അവളുടെ കുടിലിലിനു മുമ്പിലൂടെ കടന്നുപോകുമ്പോള്‍ അവള്‍ അവരോടൊപ്പം ചേര്‍ന്നു. മഹാത്മാഗാന്ധിയുടെ നിയമലംഘന പ്രസ്ഥാനത്തില്‍, പ്രത്യേകിച്ച് ഉപ്പ് സത്യഗ്രഹത്തില്‍ അവര്‍ ശക്തമായി പങ്കെടുത്തു. പരേതനായ ഭര്‍ത്താവിന്റെ ഗ്രാമമായ അലീനനില്‍ ഉപ്പ് നിര്‍മ്മാണത്തില്‍ അവള്‍ പങ്കെടുത്തു. ചൗക്കിദാരി നികുതി നിര്‍ത്തലാക്കാനുള്ള സമരത്തിലും പങ്കെടുത്തു. എല്ലാ പ്രക്ഷോഭകരെയും ശിക്ഷിക്കാനുള്ള ഗവര്‍ണറുടെ കടുത്ത തീരുമാനത്തില്‍ പ്രതിഷേധിച്ച് കോടതി മന്ദിരത്തിലേക്ക് നടത്തിയ മാര്‍ച്ചിനിടെ, മാതംഗിനിയെ വീണ്ടും അറസ്റ്റ് ചെയ്യുകയും ബഹരംപൂര്‍ ജയിലില്‍ ആറ് മാസത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു. 1933ല്‍, സെറാംപൂരില്‍ (പശ്ചിമ ബംഗാള്‍) നടന്ന സബ് ഡിവിഷണല്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്ത അവര്‍ക്ക് പൊലീസ് ലാത്തി ചാര്‍ജില്‍ പരിക്കേറ്റു. പിന്നീട് 1933ല്‍ ബംഗാള്‍ ഗവര്‍ണറായിരുന്ന സര്‍ ജോണ്‍ ആന്‍ഡേഴ്‌സണ്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ തംലുക്ക് സന്ദര്‍ശിച്ചപ്പോള്‍, മാതംഗിനി തന്ത്രപൂര്‍വം വേദിയിലെത്തുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു. 1942 ഓഗസ്റ്റില്‍, ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ബാനറിന് കീഴില്‍, പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മിഡ്‌നാപൂര്‍ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളും സര്‍ക്കാര്‍ ഓഫീസുകളും ഉപരോധിക്കാന്‍ പദ്ധതിയിട്ടു. 72 കാരിയായ മാതംഗിനി ഹസ്രയാണ് ഇതിന് മുന്‍കൈ എടുത്തത്. സ്ത്രീകള്‍ ഉള്‍പ്പെടെ ആറായിരത്തോളം പേര്‍ പങ്കെടുത്ത മാര്‍ച്ചിനു നേരെ പൊലീസ് വെടിയുതിര്‍ത്തു. മുറിവേറ്റതിനു ശേഷവും മുന്നോട്ടു കുതിച്ച മാതംഗിനിക്കു നേരെ പൊലീസ് തുടര്‍ച്ചയായി നിറയൊഴിച്ചു. വന്ദേ മാതരം ഉച്ചരിച്ചുകൊണ്ട് വീരമരണം. രക്തത്തില്‍ കുളിച്ചുകിടന്ന അവരെ കണ്ടെത്തുമ്പോഴും ദേശീയ പതാക മുറുകെ പിടിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

ഖര്‍ളാവി: വിവാദങ്ങളെ മറികടന്ന പ്രതിഭ- അശ്‌റഫ് തൂണേരി

അറബ് ലോകത്തേയും ഗള്‍ഫിലേയും പണ്ഡിതന്മാരെ ഒരുമിച്ചിരുത്താനും വിവിധ വിഷയങ്ങളില്‍ പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയ്യെടുക്കാനും ദോഹ കേന്ദ്രീകരിച്ച് നിരന്തരം ശ്രമിച്ചുവന്ന അദ്ദേഹം 2002ല്‍ ആഗോള മുസ്‌ലിം പണ്ഡിത സഭയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. അറബ് രാഷ്ട്രങ്ങള്‍ ഇത്തരമൊരു സഭയുടെ ആസ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതോടെ അയര്‍ലണ്ടിലെ ഡബ്ലിന്‍ തന്നെയായി ഇതിന്റെ ആസ്ഥാനം മാറി. ഐറിഷ് നിയമം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു.

Published

on

അശ്‌റഫ് തൂണേരി

പ്രതിഭയുടെ തെളിച്ചംകൊണ്ട് വേറിട്ട തലം തീര്‍ത്ത ലോകപ്രശസ്ത ഇസ്‌ലാമിക ചിന്തകന്‍ ദൈവത്തിങ്കലേക്ക് മടങ്ങിയിരിക്കുന്നു. യൂസുഫുല്‍ ഖര്‍ളാവി. പിറവിക്കുമുമ്പേ പിതാവും പിച്ചവെച്ചു തുടങ്ങിയ ഒന്നാം വയസില്‍ മാതാവും നഷ്ടമായ ബാല്യം. അമ്മാവന്റേയും അമ്മായിയുടേയും കൂടെയായിരുന്നു പിന്നെ ജീവിതം. ആശ്രിതവാത്സല്യത്തില്‍ അവര്‍ അവനെ ഈജിപ്ഷ്യന്‍ നാട്ടുനടപ്പുരീതികളിലേക്ക് ക്ഷണിച്ചു. ദാരിദ്ര്യം രൂക്ഷമായതിനാല്‍ ചെറുപ്പത്തിലേ ആശാരിപ്പണി പഠിപ്പിക്കാമെന്നും കച്ചവട സഹായിയായി നിര്‍ത്താമെന്നും പ്രേരിപ്പിച്ചു. പക്ഷേ അവയെല്ലാം നിരാകരിച്ച് മതം പഠിക്കാനാവന്‍ തീരുമാനിച്ചത്. ദരിദ്ര കുടുംബാംഗങ്ങള്‍ക്ക് അന്ന് സാധ്യമല്ലാതിരുന്ന ആ പഠനം പ്രതിഭയിലൂടെ നേടിയെടുക്കുകയായിരുന്നു ഖര്‍ളാവി. പത്താം ജന്മദിനത്തലേന്നേക്ക് ഖുര്‍ആന്‍ മുഴുവന്‍ ഹൃദിസ്ഥമാക്കിയാണ് കുഞ്ഞു ഖര്‍ളാവി മതപഠനത്തിന് ശിലയിട്ടത്. സെക്കണ്ടറി പൂര്‍ത്തിയാക്കിയ ഉടന്‍ ലോക പ്രശസ്തമായ അല്‍അസ്ഹര്‍ സര്‍വകലാശാലയില്‍ സ്‌കോളര്‍ഷിപ്പോടെ പ്രവേശനം നേടി. 1953ല്‍ അല്‍അസ്ഹറില്‍ നിന്ന് ബിരുദം നേടുമ്പോള്‍ അറബി ഭാഷയിലുള്ള മറ്റൊരു ബിരുദവും സഹപാഠികളില്‍ അഞ്ഞൂറ് വിദ്യാര്‍ഥികളില്‍ ഒന്നാമനായി ഖര്‍ളാവി നേടിയെടുത്തിരുന്നു. 1954ല്‍ അറബി ഭാഷ പഠിപ്പിക്കാനുള്ള അന്തര്‍ദേശീയ ലൈസന്‍സോടെയുള്ള ഡിഗ്രിയും സ്വന്തം. ഈജിപ്തിലെ വഖഫ് മന്ത്രാലയത്തിന് കീഴിലുള്ള ഇമാം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഉടന്‍ ജോലി നേടാനായി. പിന്നീട് അസ്ഹറിലെ ഇസ്‌ലാമിക സാംസ്‌കാരിക വിഭാഗത്തിലും ജോലി ചെയ്തു. എഴുത്തും പ്രഭാഷണവും തുടങ്ങുന്നത് അക്കാലത്താണ്. അധ്യാപനത്തിലും മികവു പുലര്‍ത്തി. കൈറോയിലെ പള്ളികളില്‍ മതപ്രഭാഷകനായി പേരെടുത്തു. 1961ല്‍ പണ്ഡിതന്മാരെ പരസ്പരം കൈമാറുന്ന നയപരമായ തീരുമാനത്തിന്റെ ഭാഗമായാണ് അദ്ദേഹം ഖത്തറിലെത്തുന്നത്. ദോഹയില്‍ റിലീജ്യസ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നടത്തിപ്പുകാരനായി മാറി. 1973ല്‍ ഖത്തര്‍ സര്‍വകലാശാലയില്‍ ഇസ്‌ലാമിക ഗവേഷണ വിഭാഗം തുടങ്ങി. ഗവേഷണം കൂടെക്കൊണ്ടുനടന്നിരുന്നതിനാല്‍ അതേവര്‍ഷം തന്നെ ഡിസ്റ്റിംഗ്ഷനോടെ അല്‍അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്ന് പി.എച്ഛ്.ഡിയും നേടി. ‘സാമൂഹ്യപ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ സക്കാത്തിന്റെ പ്രാതിനിധ്യം’ എന്ന വിഷത്തിലായിരുന്നു ഗവേഷണം പൂര്‍ത്തിയാക്കിയത്. 1973ല്‍ തന്നെ ഖത്തര്‍ സര്‍വകലാശാലയില്‍ ഇസ്‌ലാമിക ഗവേഷണ വിഭാഗത്തിന് തുടക്കമിടാനും ഖര്‍ളാവിക്ക് കഴിഞ്ഞു.

വ്യവസ്ഥക്കെതിര്, ജയിലറകള്‍, വധശിക്ഷാ വിധി
അക്കാലത്ത് വ്യവസ്ഥക്കെതിരെയുള്ള ചിന്ത ഒപ്പം കൊണ്ടുനടന്നയാളായിരുന്നു ഖര്‍ളാവി. അതുകൊണ്ടുതന്നെ 1940കളിലും 1950ന്റെ തുടക്കത്തിലും അദ്ദേഹം അഴിക്കുള്ളിലായി. മുസ്‌ലിം ബ്രദര്‍ഹുഡിലെ അംഗത്വമായിരുന്നു മുഖ്യകാരണം. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ നീക്കങ്ങള്‍ ഭരണകൂട വിരുദ്ധമെന്ന് കണ്ടെത്തി 1954ല്‍ സംഘടനയെ ഈജിപ്തില്‍ നിരോധിച്ചു. ഈജിപ്തിലെ ജനാധിപത്യവിരുദ്ധ നയങ്ങള്‍ക്കെതിരെ എന്നും നിലപാടെടുത്തിരുന്നു അദ്ദേഹം. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ച് അബ്ദുല്‍ഫത്താഹ് സിസി അധികാരം പിടിച്ചെടുത്തതിനെതിരെ കര്‍ശനമായി വിമര്‍ശിച്ച അദ്ദേഹത്തിന് അക്കാലത്ത് ഈജിപ്തിലേക്ക് പോവാന്‍ കഴിഞ്ഞിരുന്നില്ല. ഈജിപ്തിലില്ലെങ്കിലും ഖര്‍ളാവിയെ അസാന്നിധ്യത്തില്‍ വിചാരണ ചെയ്ത് വധശിക്ഷക്ക് വിധിച്ച അപൂര്‍വ തീരുമാനവും അല്‍സീസി എടുത്തു.

പ്രവര്‍ത്തനങ്ങള്‍
ആഗോള തലത്തിലേക്ക്
ഇതിനകം വൈവിധ്യ രചനകളും ലേഖനങ്ങളും പുറത്തിറക്കിയ ഖര്‍ളാവി വേറിട്ട ചിന്തകള്‍ക്കൊണ്ട് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. 1997ല്‍ ഡബ്ലിന്‍ ആസ്ഥാനമാക്കി യൂറോപ്യന്‍ കൗണ്‍സില്‍ ഫോര്‍ ഫത്‌വാ ആന്റ് റിസേര്‍ച്ച് സ്ഥാപിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചാണ് തന്റെ പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തിലേക്ക് വ്യാപിപ്പിച്ചത്. യൂറോപ്പിലേയും പശ്ചിമേഷ്യയിലേയും മുസ്‌ലിം ജനവിഭാഗത്തിന് ഏറെ പ്രയോജനകരമായിരുന്നു ആ നീക്കം. അറബ് ലോകത്തേയും ഗള്‍ഫിലേയും പണ്ഡിതന്മാരെ ഒരുമിച്ചിരുത്താനും വിവിധ വിഷയങ്ങളില്‍ പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയ്യെടുക്കാനും ദോഹ കേന്ദ്രീകരിച്ച് നിരന്തരം ശ്രമിച്ചുവന്ന അദ്ദേഹം 2002ല്‍ ആഗോള മുസ്‌ലിം പണ്ഡിത സഭയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. അറബ് രാഷ്ട്രങ്ങള്‍ ഇത്തരമൊരു സഭയുടെ ആസ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതോടെ അയര്‍ലണ്ടിലെ ഡബ്ലിന്‍ തന്നെയായി ഇതിന്റെ ആസ്ഥാനം മാറി. ഐറിഷ് നിയമം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു.

ശ്രദ്ധേയ രചനകള്‍,
വിവാദങ്ങള്‍, നിരോധനം
ആധുനിക ജീവിതത്തിലെ ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന 120ലധികം ഗ്രന്ഥങ്ങള്‍ യൂസുഫുല്‍ ഖര്‍ളാവി രചിച്ചിട്ടുണ്ട്. ദ ലോഫുള്‍ ആന്റ് പ്രൊഹിബിറ്റഡ് ഇന്‍ ഇസ്‌ലാം, ഫിഖ്ഹ് അസ്സക്കാത്ത് ഒരു താരതമ്യ പഠനം, ഇസ്‌ലാം അവേക്കനിംഗ് ബിറ്റ്വീന്‍ റിജക്ഷന്‍ ആന്റ് എക്ട്രീമിസം, വര്‍ഷിപ്പ് ഇന്‍ ഇസ്‌ലാം, ഇന്‍ട്രഡക്ഷന്‍ ടു ദ സ്റ്റഡി ഓഫ് ഇസ്‌ലാമിക് ലോ, അപ്രോച്ചിംഗ് ദ സുന്ന, കറന്റ് ഇഷ്യു ഇന്‍ ഇസ്‌ലാമിക് ഫിഖ്ഹ് തുടങ്ങിയവ അവയില്‍ പ്രധാനപ്പെട്ടതാണ്. പല വിവാദ പ്രസ്താവനകളാല്‍ നിരന്തരം ചര്‍ച്ച ചെയ്യപ്പെട്ട പണ്ഡിതന്‍ കൂടിയായിരുന്നു ഖര്‍ളാവി. പല തരം വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്താനും ഇവ ഇടയാക്കി. 2005ല്‍ ദി ഗാര്‍ഡിയനുമായി സംസാരിക്കവെ സ്വവര്‍ഗാനുരാഗം, ലെസ്ബിയന്‍ വിഷയങ്ങളില്‍ അദ്ദേഹം നടത്തിയ പരാമര്‍ശം ഏറെ വിവാദമായി. ‘പാശ്ചാത്യര്‍ ക്രിസ്തുമതം കൈവിട്ടിട്ടുണ്ടോ എന്ന് ഞാന്‍ സംശയിക്കുന്നു. പാശ്ചാത്യരുടെ ചരിത്രവും വേരുകളും ക്രിസ്ത്യാനിറ്റിയിലാണെന്നത് മറക്കരുത്. സ്വവര്‍ഗ ലൈംഗികത ദൈവത്താല്‍ ശിക്ഷിക്കപ്പെട്ടതാണെന്ന് തോറ പറയുന്നു. ഇതില്‍ മുസ്‌ലിംകള്‍ ഒറ്റയ്ക്കാണെന്ന ധാരണ നാം നല്‍കരുത്’ ഖര്‍ളാവിയുടെ പ്രസ്താവന ഇതായിരുന്നു. ഫലസ്തീന്‍ കുട്ടികള്‍ ചാവേറാവുന്നതിനെക്കുറിച്ചുള്ള 2004ലെ മറ്റൊരു പ്രസ്താവനയും അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ചാവേര്‍ ബോംബര്‍മാര്‍ എന്തുകൊണ്ടുണ്ടാവുന്ന എന്ന വിശദീകരണമായിരുന്നു വിഷയം. ജിഹാദിന്റെ (വിശുദ്ധയുദ്ധം) ഭാഗമാണിതെന്ന ഫത്‌വ അദ്ദേഹം നല്‍കിയെന്നായിരുന്നു ബി.ബി.സി ഉള്‍പ്പെടെ അന്ന് ആരോപിച്ചത്. 2002ല്‍ ഖര്‍ളാവി അല്‍ജസീറ ടെലിവിഷനിലെ വാരപംക്തിയിലാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ”ഇസ്രാഈലികള്‍ക്ക് അണുബോംബുകള്‍ ഉണ്ടായിരിക്കാം, പക്ഷേ ഞങ്ങള്‍ക്ക് ‘കുട്ടികളുടെ ബോംബ്’ ഉണ്ട്, ഈ മനുഷ്യ ബോംബുകള്‍ വിമോചനം വരെ തുടരണം.” ഇതായിരുന്നു പരാമര്‍ശം. എന്നും അമേരിക്കയുടേയും ഇസ്രാഈലിന്റേയും ക്രൂരതകളും അധിനിവേശവും നിശിതമായി വിമര്‍ശിച്ചിരുന്നു. തന്റെ ഖുതുബയിലും ചാനല്‍ പരിപാടിയും പ്രഭാഷണങ്ങളിലും കോളങ്ങളിലുമെല്ലാം അത് അദ്ദേഹം തുറന്നടിച്ചു. പലപ്പോഴും പാശ്ചാത്യമാധ്യമങ്ങളും ചില യൂറോപ്യന്‍ മാധ്യമങ്ങളും അതിനെ തീവ്രവാദ അനുകൂല ചാപ്പ നല്‍കാന്‍ ശ്രമിക്കുകയും ചെയ്തു. ശക്തമായ ആ നിലപാട് മൂലം 1999ല്‍ അമേരിക്ക അദ്ദേഹത്തിന്റെ പത്തുവര്‍ഷത്തെ വിസ അസാധുവാക്കിയിരുന്നു. പക്ഷേ ബ്രിട്ടനിലെ ലണ്ടന്‍ മേയര്‍ കെന്നിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് അത് നീക്കി. 2017ല്‍ തുണീഷ്യ മുസ്‌ലിം ബ്രദര്‍ഹുഡ് ബന്ധമാരോപിച്ച് വിലക്കേര്‍പ്പെടുത്തി. അതേ വര്‍ഷം തന്നെ സഊദി അറേബ്യ അദ്ദേഹത്തിന്റെ രചനകള്‍ നിരോധിച്ചു. ഖര്‍ളാവിയുടെ നേതൃത്വത്തിലുള്ള ഫത്‌വാ ആപ്പ് ഗൂഗിള്‍ നിരോധിക്കാനും ഇടയായി. 2019ലായിരുന്നു വെറുപ്പ് പടര്‍ത്തുന്നുവെന്നാരോപിച്ച് യൂറോ ഫത്‌വ ആപ് ഗൂഗിള്‍ നിരോധിച്ചത്. ഇത്തരം വിവാദങ്ങളും നിരോധനങ്ങളുമെല്ലാമുണ്ടായിരിക്കെയും വ്യവസ്ഥയുടെ തിട്ടൂരങ്ങള്‍ക്ക് വഴങ്ങാതെ മുമ്പോട്ടുപോയ പണ്ഡിതന്‍ എന്ന നിലയില്‍ ഖര്‍ളാവി കൂടുതല്‍ ശ്രദ്ധേയനാവുന്നു.

Continue Reading

columns

ജോഡോ യാത്ര മലപ്പുറം തൊടുമ്പോള്‍- പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ

ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ രണസ്മരണകള്‍ തുടിച്ചുനില്‍ക്കുന്ന മലപ്പുറം മണ്ണില്‍ ചവിട്ടിയുള്ള രാഹുല്‍ഗാന്ധിയുടെ യാത്രക്ക് രാഷ്ട്രീയവും ചരിത്രപരവും സാംസ്‌കാരികവുമായ മാനങ്ങളേറെയുണ്ട്.

Published

on

പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ

മതേതര ഭാരതത്തിന്റെ പ്രാര്‍ഥനയും പിന്തുണയുമായി രാഹുല്‍ ഗാന്ധി ചുവട്‌വെക്കുകയാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഛിദ്രശക്തികളില്‍നിന്ന് നാടിനെ മോചിപ്പിക്കാനുള്ള പ്രയാണമാണിത്. രണ്ട് നൂറ്റാണ്ട് നീണ്ട ബ്രിട്ടീഷ് വാഴ്ചയില്‍നിന്ന് സ്വാതന്ത്ര്യവും അനന്തരം അഭിമാനകരമായ വളര്‍ച്ചയും നേട്ടങ്ങളും സമ്മാനിച്ച കുടുംബത്തിന്റെ പിന്മുറക്കാരന്‍ എന്ന നിലയില്‍ രാഹുല്‍ ഏറ്റെടുത്ത ദൗത്യം ലക്ഷ്യം കാണാതിരിക്കില്ല. ജോഡോ യാത്ര ഇന്ന് മലപ്പുറത്തിന്റെ മണ്ണിലേക്ക് പ്രവേശിക്കുകയാണ്.

ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ രണസ്മരണകള്‍ തുടിച്ചുനില്‍ക്കുന്ന മലപ്പുറം മണ്ണില്‍ ചവിട്ടിയുള്ള രാഹുല്‍ഗാന്ധിയുടെ യാത്രക്ക് രാഷ്ട്രീയവും ചരിത്രപരവും സാംസ്‌കാരികവുമായ മാനങ്ങളേറെയുണ്ട്. ഇന്ത്യനധിനിവേശക്കാലത്ത് ബ്രിട്ടന്‍ നേരിട്ട അതിശക്തമായ ചെറുത്തു നില്‍പെന്ന് ചരിത്രംകുറിച്ചുവെച്ച 1921 ലെ പോരാട്ടത്തിന്റെ ഓര്‍മകള്‍ ജ്വലിക്കുന്ന ഭൂമിയാണ് മലപ്പുറം. മമ്പുറം തങ്ങള്‍, ഉമര്‍ ഖാസി, ആലി മുസ്‌ല്യാര്‍, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എം.പി നാരായണമേനോന്‍, കട്ടിലശേരി മുഹമ്മദ് മുസ്‌ല്യാര്‍ തുടങ്ങി എത്രയോ ധീരന്‍മാരായ രാജ്യസ്‌നേഹികളുടെ വീര്യ കൃത്യങ്ങള്‍ സദാസ്മരിക്കപ്പെടുന്ന ദേശമാണിത്. ഐ.സി.എച്ച്.ആറിന്റെ കാര്‍മികത്വത്തില്‍ സംഘ്പരിവാര്‍ ഭരണകൂടം പുതുതായി രചിച്ച രക്തസാക്ഷി നാമ കോശത്തില്‍ ഉള്‍പ്പെടാതെപോയ അസംഖ്യം ധീര ദേശാഭിമാനികളുടെ ഇതിഹാസ സമാനമായ പോരാട്ടവീര്യത്തിന്റെ കഥ പറയുന്ന നാട്. പിറന്ന നാടിന് വേണ്ടി ജീവത്യാഗം ചെയ്തവരുടെ ഓര്‍മകള്‍ രാഹുല്‍ഗാന്ധിയുടെ ഓരോ ചുവടുവെപ്പിനും കരുത്തേകും. ജോഡോ യാത്രയുടെ സന്ദേശത്തെ മലപ്പുറം ഏറ്റെടുക്കുന്നത് അത്തരം ഓര്‍മകളുടെ കടലിരമ്പത്തിലായിരിക്കും. ഭരണകൂടത്തിന്റെ രക്തസാക്ഷിപ്പട്ടികയില്‍ ഇടം ലഭിക്കാതെപോയ മലബാര്‍ സമര പോരാളികളുടെ മഹത്വത്തിന്റെ മാറ്റ് വര്‍ധിച്ചിരിക്കുകയാണ്. സ്വന്തം കാല്‍ പാദങ്ങളൂന്നാന്‍ മണ്ണിലൊത്തിരി ഇടംപോലും നിങ്ങള്‍ക്ക് നിഷേധിക്കുകയാണെന്ന് പ്രഖ്യാപിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടം ചുട്ടെടുക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന്റെ സിരാ കേന്ദ്രം കൂടിയാണ് മലപ്പുറം.

മതേതര ബോധത്തെയും ആധുനിക രാഷ്ട്ര മൂല്യങ്ങളെയും പ്രാണനെപ്പോലെ പ്രണയിക്കാന്‍ മലപ്പുറത്തിന് ലഭിച്ചൊരു ശിക്ഷണമുണ്ട്. ദുരിതവും മാരക രോഗങ്ങളും ദാരിദ്ര്യവും ചവിട്ടിമെതിച്ച നിരാലംബരായ ഒരു ജനതയെ ഏറ്റവും സംസ്‌കൃതരായ ഒരു മാതൃകാസമൂഹമായി പരിവര്‍ത്തിപ്പിച്ച മഹത്തായൊരു രാഷ്ട്രീയ ദര്‍ശനമായിരുന്നു ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ സര്‍ഗാത്മകമായ ആവിഷ്‌കാരത്തില്‍ വിശ്വാസമര്‍പ്പിച്ച പൂര്‍വിക നേതാക്കളുടെയും തന്റെ മുന്‍ഗാമികളുടെയും വഴിയേയാണ് മലപ്പുറത്തിന്റെ ഹരിത വീഥികളില്‍ രാഹുല്‍ഗാന്ധിയുടെ ത്രിദിന പ്രയാണം നടക്കുന്നത്. മതേതര ജനാധിപത്യ ആശയങ്ങളാല്‍ ബന്ധിതമായ സൗഹൃദവും ഇണക്കവുമാണ് മുസ്‌ലിംലീഗും കോണ്‍ഗ്രസും എല്ലാ കാലത്തും നിലനിര്‍ത്തിയിട്ടുള്ളത്. ന്യൂനപക്ഷ ജനതയുടെമേല്‍ പരിഷ്‌ക്കാരങ്ങളുടെ പേരില്‍ നടക്കുന്ന കൊടിയ ധ്വംസനത്തിനെതിരായ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അമരക്കാരന്റെ ചുവടിന് കരുത്തേകാന്‍ മലപ്പുറത്തിന്റെ ധാര്‍മിക പിന്തുണയാണ് പ്രയാണവീഥിയില്‍ ഏറ്റുവാങ്ങാന്‍ പോകുന്നത്.

ഇന്ത്യന്‍ ബഹുസ്വരതയുടെ മുഴുവന്‍ സൗന്ദര്യവും നിറകതിര്‍ ചാര്‍ത്തുന്ന ജില്ലയാണ് മലപ്പുറം. മത ജാതി ഭേദങ്ങള്‍ക്കപ്പുറം മനുഷ്യനെ ഒന്നായി കാണുന്ന നാട്. മാനവിക മൂല്യങ്ങളാല്‍ ഉള്‍ച്ചേര്‍ക്കലിന്റെ സന്ദേശം മുഴങ്ങിക്കേട്ട പ്രദേശം. ശാന്തിയുടെയും സമാധാനത്തിന്റെയും സ്‌നേഹഗീതങ്ങളാല്‍ വെറുപ്പും ഹിംസയും അലിഞ്ഞില്ലാതായതാണ് മലപ്പുറത്തിന്റെ പാരമ്പര്യം. കേരളത്തിലെ പത്താമത്തെ ജില്ലയായി 1969ല്‍ പിറന്നു വീണപ്പോള്‍ മലപ്പുറത്തിനെതിരായി വര്‍ഗീയ വിധ്വംസക ശക്തികള്‍ ഉയര്‍ത്തിവിട്ട വിഷലിപ്തമായ പ്രചാരണ കോലാഹലങ്ങളെ സ്‌നേഹംകൊണ്ട് തോല്‍പിച്ച അനുഭവമുള്ള ജില്ല. തെന്നിന്ത്യയിലെ ക്ഷേത്ര നഗരിയെന്ന് വിശേഷിപ്പിക്കാവുന്ന അങ്ങാടിപ്പുറത്തുണ്ട് ക്ഷേത്രവും മസ്ജിദും തൊട്ടുരുമ്മി നില്‍ക്കുന്ന സൗഹാര്‍ദ്ദത്തിന്റെ കണ്‍കുളിര്‍ക്കുന്ന ദൃശ്യം. മൈത്രിയുടെ ഉജ്വലമായ മാതൃകകളും സ്മരണകളും ഇമ്പമുള്ള ഗീതമായി രാഹുലിന്റെ പദനിസ്വനത്തിലുണ്ടാകും.

ബ്രിട്ടീഷ് ഭരണത്തിന്റെ തടവറയില്‍ രക്തസാക്ഷിയായ ധീര ദേശാഭിമാനി പാണക്കാട് സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍, മഹാമനീഷികളായ പി.എം.എസ്.എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവരുടെ കര്‍മഭൂമിയിലേക്കാണ് ഇന്ത്യയുടെ വീണ്ടെടുപ്പിനായുള്ള രാഹുല്‍ഗാന്ധിയുടെ ജോഡോ യാത്ര കടന്നുവരുന്നത്. മലപ്പുറത്തിന്റെ യാത്രാവീഥിയിലുടനീളം പാണക്കാട് സയ്യിദ് പരമ്പര കാഴ്ചവെച്ച സാഹോദര്യത്തിന്റെ പറഞ്ഞാല്‍ തീരാത്ത പെരുമകള്‍ രാഹുല്‍ഗാന്ധിക്ക് മുന്നോട്ട് ഗമിക്കാനുള്ള കരുത്തും പ്രചോദനവുമാകും. വിനയം ലാളിത്യം ശാന്തത സ്‌നേഹം എന്നിവയാല്‍ ഒരു ജനസമൂഹത്തിന്റെ മാനസാന്തരങ്ങളില്‍ പടര്‍ന്നുകയറിയ വികാരമാണ് പാണക്കാട് സയ്യിദ് വംശം. അണമുറിയാത്ത ആ പ്രവാഹത്തിന്റെ തീരത്ത് ആത്മസംയമനത്തോടെ കഴിയുന്ന ഒരു ജനസഞ്ചയമാണ് രാഹുല്‍ഗാന്ധിക്കൊപ്പം അണിചേരാന്‍ കാത്തിരിക്കുന്നത്. ആത്മീയപ്രഭ ചൊരിയുന്ന പണ്ഡിതരുടെയും സ്ഥാപനങ്ങളുടെയും സാന്നിധ്യമേറെയുണ്ട് വഴിത്താരയില്‍. പതിനായിരക്കണക്കിന് പണ്ഡിതരെ പ്രബോധനരംഗത്ത് സമര്‍പ്പിച്ച തെന്നിന്ത്യയിലെ അത്യുന്നത മത കലാലയമായ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക്കോളജ് വഴിയാണ് ജോഡോ കടന്നുപോകുന്നത്. മതേതര നായകന് മഹാ പണ്ഡിതന്‍മാരായ അധ്യാപകരുടെയും നൂറ് കണക്കിന് വിദ്യാര്‍ഥികളുടെയും അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങാനാകും. മതമൗലികവാദത്തെയും തീവ്രവാദ ചിന്തകളെയും വര്‍ഗീയതയെയും പടിയടച്ച് അകറ്റിനിര്‍ത്തിയ മലപ്പുറത്തിന്റെ മഹാമാതൃകയാകട്ടെ രാഹുലിന്റെ ഭാരതമെന്നാണ് ഈ നാടിന്റെ പ്രാര്‍ഥനയും അഭ്യര്‍ഥനയും.

സാഹിത്യ സാംസ്‌കാരിക ചക്രവാളത്തിലും ചെറുതല്ല മലപ്പുറത്തിന്റെ സ്ഥാനം. ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തഛന്റെ മണ്ണ്. വള്ളത്തോള്‍, കുട്ടികൃഷ്ണമാരാര്‍, ഇടശ്ശേരി, മേല്‍പത്തൂര്‍, തത്വചിന്താപരമായ വരികളാല്‍ പച്ച മലയാളത്തിന്റെ സൗന്ദര്യം അനാവരണം ചെയ്ത പൂന്താനം, ചെറുകാടും നന്തനാരും ഉറൂബും തൊട്ട് എത്രയോ പ്രതിഭകള്‍ ജീവിതത്തിന്റെ ഉദാത്തമായ ഭാവത്തെ തൂലികത്തുമ്പാല്‍ ധന്യമാക്കിയ സഹിഷ്ണുതയുടെ തീര്‍ഥ തീരത്തേക്കാണ് ജോഡോ ചുവട് വെക്കുന്നത്.

കായിക പാരമ്പര്യത്തിലും മലപ്പുറത്തിന് ദേശാന്തര ഖ്യാതികള്‍ ഒട്ടേറെയുണ്ട്. ഫുട്‌ബോളിന്റെ ഈറ്റില്ലമായാണ് ലോകത്ത് മലപ്പുറം അറിയപ്പെടുന്നത്. സാഹോദര്യത്തിന്റെ ഉത്സവ മേളങ്ങളാണ് നൂറ് കണക്കിന് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍. കളിക്കളത്തില്‍ നിന്നുയരുന്ന ഒരുമയുടെ സന്ദേശം തന്നെയാണ് ജോഡോ യാത്ര പറയുന്നതും.

വിദ്യാഭ്യാസ വൈജ്ഞാനിക രംഗത്ത് മലപ്പുറം നടത്തിയ മുന്നേറ്റം ന്യൂനപക്ഷങ്ങളുടെ ജനസംഖ്യാ സാന്ദ്രത ഏറെയുള്ള ഇതര ഇന്ത്യന്‍ പ്രദേശങ്ങള്‍ക്കാകെ മാതൃകയാണ്. കലാപത്തിന്റെ കാര്‍മേഘ പാളികള്‍ പെയ്തിറങ്ങാത്ത ശാന്തതയില്‍ ഒരു സമൂഹത്തിന്റെ വളര്‍ച്ചയിലേക്കുള്ള ജൈത്രയാത്ര വിസ്മയാവഹമാണ്. രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ക്ഷണനേരം കൊണ്ട് മലയാളീകരിച്ച് സദസ്സിനെ കോരിത്തരിപ്പിച്ച കരുവാരക്കുണ്ടിലെ പെണ്‍കുട്ടി ഒരു പ്രതീകമാണ്. ജോഡോയുടെ പ്രയാണത്തിന് പ്രചോദനമേകുന്ന ആവേശമായി മലപ്പുറത്തെ മുന്നേറ്റം മാറുമെന്ന പ്രത്യാശയോടെയാണ് ഈ മതേതര ഭൂമിക ജോഡോ യാത്രയെ വരവേല്‍ക്കുന്നത്.

Continue Reading

columns

നിലപാടില്‍ വേറിട്ടുനിന്ന വ്യക്തിത്വം- എഡിറ്റോറിയല്‍

രാഷ്ട്രീയ നിലപാടില്‍ പലരും അദ്ദേഹത്തോട് വിയോജിക്കുന്നുണ്ടെങ്കിലും ഈ വിടവാങ്ങല്‍ ഇസ്‌ലാമിക ലോകത്തിന് കനത്ത നഷ്ടമാണ്.

Published

on

നിലപാട്‌കൊണ്ട് ചരിത്രം രചിച്ച ലോക പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനായിരുന്നു ഇന്നലെ അന്തരിച്ച ശൈഖ് യൂസഫ് അല്‍ ഖര്‍ളാവി. സമഗ്ര ഇസ്‌ലാമിക വ്യവസ്ഥയെ കാലികമായി സമര്‍പ്പിച്ച ഖര്‍ളാവി ആധുനിക ലോകത്ത് ബഹുമത സംവാദത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. സമകാലിക ഇസ്‌ലാമിക സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ മുസ്‌ലിം ലോകത്തിന്റെ തന്നെ നിലപാടെന്ന നിലക്കാണ് വിലയിരുത്തപ്പെടാറുള്ളത്. ഒട്ടേറെ ഇസ്‌ലാമിക വിഷയങ്ങളില്‍ അദ്ദേഹം നല്‍കിയ ഫത്‌വ ശ്രദ്ധേയമാണ്. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ അദ്ദേഹം ഒമ്പതാം വയസില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയിരുന്നു.

തന്റെ നിലപാട് കാരണം ജന്മനാടായ ഈജിപ്തില്‍ നിന്നും ഓടിപ്പോകേണ്ടിവന്നു. പിന്നീട് മരണം വരെ ഖത്തറിലായിരുന്നു താമസിച്ചിരുന്നത്. ഈജിപ്തിലെ ഇമാം ശഹീദ് ഹസനുല്‍ ബന്നയുടെ പ്രസ്ഥാനമായ മുസ്‌ലിം ബ്രദര്‍ഹുഡില്‍ ആകൃഷ്ടനായ അദ്ദേഹത്തെ നിരവധി തവണ ഭരണകൂടം തടവിലിട്ടിട്ടുണ്ട്. 1949, 54, 56 കാലങ്ങളില്‍ ജയില്‍വാസമനുഷ്ഠിച്ചു. കര്‍ക്കശമായ സാമ്രാജ്യത്വവിരുദ്ധ നിലപാടുകളായിരുന്നു സ്വീകരിച്ചിരുന്നത്. അന്തര്‍ദേശീയ മുസ്‌ലിം പണ്ഡിതസഭയുടെ രൂപവത്കരണ യോഗത്തില്‍ പങ്കെടുക്കാനായി ബ്രിട്ടനിലെത്തിയെങ്കിലും ബ്രിട്ടനും അമേരിക്കയും ഫ്രാന്‍സും വിസാനിരോധമേര്‍പ്പെടുത്തുകയായിരുന്നു. 2008 ഫെബ്രുവരി ഏഴിന് അദ്ദേഹത്തിന്റെ വിസാ അപേക്ഷ ബ്രിട്ടന്‍ നിരസിക്കുകയുണ്ടായി. ചികിത്സാര്‍ഥമാണ് അദ്ദേഹം സന്ദര്‍ശനാനുമതി തേടിയത്. സംഘടനാ, രാഷ്ട്രീയ ഭേദമന്യേ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച സാമ്രാജ്യത്വ വിരുദ്ധ സമീപനങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഇസ്രാഈലുമായി യാതൊരു വിട്ടുവീഴ്ചക്കും തയാറായിരുന്നില്ല. ഫലസ്തീനില്‍ പോരാടുന്ന ജനതക്കൊപ്പമായിരുന്നു. എന്നാല്‍ തീവ്രവാദത്തെ ഒരിക്കലും അംഗീകരിച്ചിരുന്നുമില്ല. 2004 ലാണ് ഖര്‍ളാവി അവസാനമായി ബ്രിട്ടന്‍ സന്ദര്‍ശിച്ചത്. അന്തര്‍ദേശീയ മുസ്‌ലിം പണ്ഡിതസഭയുടെ രൂപവത്കരണ യോഗത്തില്‍ പങ്കെടുക്കാനായിരുന്നു യാത്ര. അന്നത് ബ്രിട്ടനില്‍ വന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഫലസ്തീനിലെ ചാവേറാക്രമണത്തെ പിന്തുണക്കുന്നതിനാല്‍ വിസയനുവദിക്കരുതെന്ന് തീവ്ര വലതുപക്ഷ കക്ഷികള്‍ ടോണിബ്ലയര്‍ സര്‍ക്കാറിനോടാവശ്യപ്പെട്ടു. ലണ്ടന്‍ മേയര്‍ കെന്‍ ലിവിങ്സ്റ്റണ്‍ ഈ സമയത്ത് അദ്ദേഹവുമായി വേദി പങ്കിടുകയും അദ്ദേഹത്തെ ന്യായീകരിക്കുകയുമാണ് ചെയ്തത്. ഫലസ്തീനില്‍ അധിനിവേശം നടത്തി നിലവില്‍ വന്ന ഇസ്രാഈലിന്റെ അസ്തിത്വം പോലും അംഗീകരിക്കരുതെന്ന വാദക്കാരനാണദ്ദേഹം. സയണിസ്റ്റുകളുമായുള്ള ചര്‍ച്ചകളെയും അദ്ദേഹം നിരാകരിച്ചു.

ഏകാധിപതികള്‍ അടക്കി വാണിരുന്ന നാടുകളില്‍ ജനാധിപത്യത്തിന്റെ തിരികൊളുത്താന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് സാധിച്ചിട്ടുണ്ട്. അറബ് ലോകത്തും മധ്യ പൗരസ്ത്യ ദേശങ്ങളിലും രൂപപ്പെട്ട സ്വേച്ഛാധിപരായ ഭരണാധികാരികള്‍ക്കെതിരെയുണ്ടായ ജനകീയ സ്വാതന്ത്ര്യ പോരാട്ടങ്ങളെ ശക്തമായി പിന്തുണച്ചു. സമകാലിക അറബ് ലോകത്ത് സയണിസ്റ്റ് വിരുദ്ധ വികാരം വളര്‍ത്തുന്നതില്‍ അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ട്. വര്‍ത്തമാന ഇസ്‌ലാമിക ലോകത്തെ മധ്യമനിലപാടിന്റെ മുന്നണിപ്പോരാളിയായ അദ്ദേഹം പക്ഷേ ഭരണാധികാരികള്‍ക്ക് സ്തുതിഗീതമോതാന്‍ ഒരിക്കലും തയ്യാറായില്ല. സമഗ്ര ഇസ്‌ലാമിക വ്യവസ്ഥയെ കാലികമായി സമര്‍പ്പിച്ചു. മുസ്‌ലിം ഐക്യത്തിന്റെ ശക്തനായ വക്താവായ ഖര്‍ളാവി വിവിധ ഇസ്‌ലാമിക ചിന്താധാരകള്‍ക്കിടയില്‍ സംവാദ പരിപാടികള്‍ക്ക് മുന്‍കൈയെടുക്കുന്നു. ആധുനിക ലോകത്ത് ബഹുമത സംവാദത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ശൈഖ് ഖര്‍ളാവിയുടെ ആശയധാര പരന്നുകിടക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ എല്ലാ നിലപാടുകളും മുസ്‌ലിം ലോകത്തിന് അംഗീകരിക്കാനാകുന്നതായിരുന്നില്ല. പല നിലപാടുകളും വിമര്‍ശന വിധേയമായിട്ടുണ്ട്. പല രചനകള്‍ക്കും ചില രാജ്യങ്ങളില്‍ വിലക്കുമുണ്ട്. സര്‍വ മത നിന്ദക്കെതിരായ അദ്ദേഹത്തിന്റെ നിലപാടുകള്‍ ശ്രദ്ധേയമാണ്. വിവിധ രാജ്യങ്ങളില്‍ പരന്നുകിടക്കുന്ന നിരവധി ശിഷ്യന്‍മാര്‍ അദ്ദേഹത്തിനുണ്ട്. കേരളത്തില്‍ രണ്ട് തവണ സന്ദര്‍ശനം നടത്തി. നൂറിലേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. പല പുസ്തകങ്ങളും മലയാളത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ നിലപാടില്‍ പലരും അദ്ദേഹത്തോട് വിയോജിക്കുന്നുണ്ടെങ്കിലും ഈ വിടവാങ്ങല്‍ ഇസ്‌ലാമിക ലോകത്തിന് കനത്ത നഷ്ടമാണ്.

Continue Reading

Trending