More

മാധ്യമ നിയന്ത്രണം: കേന്ദ്രം മുട്ടുമടക്കി വിവാദ ഉത്തരവ് പിന്‍വലിച്ചു

By chandrika

April 03, 2018

ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെടുന്നതിന്റെ മറപിടിച്ച് മാധ്യമ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം പാളി. മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം കൊണ്ടുവന്ന വിവാദ ഉത്തരവ് പ്രതിഷേധത്തെതുടര്‍ന്ന് പിന്‍വലിച്ചു. പ്രധാനമന്ത്രി ഇടപെട്ടാണ് ഉത്തരവ് പിന്‍വലിപ്പിച്ചതെന്നും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുമ്പാകെ മാത്രമേ മാത്രമങ്ങള്‍ മറുപടി പറയേണ്ടതുള്ളൂവെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്നലെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. തിങ്കളാഴ്ചയാണ് കേന്ദ്ര സര്‍ക്കാര്‍ വിവാദ ഉത്തരവ് പുറത്തിറക്കിയത്. പ്രിന്റ്, ഇലക്ട്രോണിക് മീഡിയകളില്‍ വരുന്ന വാര്‍ത്ത വ്യാജമെന്ന് ബോധ്യപ്പെട്ടാല്‍ റിപ്പോര്‍ട്ടര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന അക്രഡിറ്റേഷന്‍(അംഗീകാരം) തടഞ്ഞുവെക്കാനോ പിന്‍വലിക്കാനോ വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന് അധികാരമുണ്ടെന്നായിരുന്നു ഉത്തരവിലെ പരാമര്‍ശം. പി.ഐ.ബി അക്രഡിറ്റേഷന്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയത്.