ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുന്നത് വരെ ദേശീയ പതാക ഉയര്‍ത്തില്ലെന്ന് പിഡിപി നേതാവ് മഹബൂബ മുഫ്തി. കശ്മീരിന്റെ പ്രത്യേക പദവിയും പതാകയും പുനഃസ്ഥാപിക്കണം. ഞങ്ങള്‍ കശ്മീരിനെ കൈയൊഴിഞ്ഞെന്ന് കരുതുന്നവര്‍ക്ക് തെറ്റിയെന്നും മഹബൂബ മുഫ്തി. 14 മാസത്തെ വീട്ടു തടങ്കലിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘സംസ്ഥാന പതാക തിരിച്ചെത്തിയാല്‍ മാത്രമേ ഞങ്ങള്‍ ദേശീയ പതാക ഉയര്‍ത്തുകയുള്ളൂ. ഈ പതാകയും ഭരണഘടനയും ഉള്ളതുകൊണ്ടുമാത്രമാണ് ഇവിടെ ദേശീയ പതാകയുള്ളത്. ഈ പതാക മൂലമാണ് ഞങ്ങള്‍ രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത്’.-മെഹ്ബൂബ മുഫ്തി പറഞ്ഞു.

കേന്ദ്രം പിന്‍വലിച്ച പ്രത്യേക പദവി പുനഃസ്ഥാപിക്കാനുള്ള ഭരണഘടനാപരമായ പോരാട്ടം പാര്‍ട്ടി ഉപേക്ഷിക്കില്ല. കൊള്ളയടിച്ച വസ്തുക്കളെല്ലാം കൊള്ളക്കാരന് തിരിച്ചു നല്‍കേണ്ടിവരും. അതാണ് സംഭവിക്കാന്‍ പോകുന്നതെന്ന് ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു. നമ്മുടെ കൈയില്‍നിന്ന് അപഹരിച്ചത് തിരിച്ചുതരും വരെ പോരാട്ടം തുടരും- മെഹ്ബൂബ മുഫ്തി പറഞ്ഞു.

ബിഹാറില്‍ ആര്‍ട്ടിക്കിള്‍ 370നെ കുറിച്ച് സംസാരിച്ചതിനെയും അവര്‍ എതിര്‍ത്തു. യഥാര്‍ത്ഥ പ്രശ്‌നങ്ങളെ മറന്ന് വോട്ട് ബാങ്കിനായി ആര്‍ട്ടിക്കിള്‍ 370 വലിച്ചിഴക്കുകയാണെന്നും അവര്‍ വിമര്‍ശിച്ചു.