മെല്‍ബണ്‍: മെല്‍ബണില്‍ മലയാളിയായ സാം എബ്രഹാമിനെ കൊലപ്പെടുത്തിയ കേസില്‍ സാമിന്റെ ഭാര്യ സോഫിയക്കും കാമുകന്‍ അരുണ്‍ കമലാസനനും കോടതി ശിക്ഷ വിധിച്ചു. അരുണ്‍ കമലാസനന് 27 വര്‍ഷവും സോഫിയക്ക് 22 ഉം വര്‍ഷം തടവാണ് കോടതി വിധിച്ചിരിക്കുന്നത്.

2015 ഒക്ടോബര്‍ 14-നായിരുന്നു കൊല്ലം പുനലൂര്‍ സ്വദേശിയായ സാം എബ്രഹാമിനെ മെല്‍ബണ്‍ എപ്പിംഗിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സയനൈഡ് കൊടുത്തു കൊലപ്പെടുത്തുകയായിരുന്നു സോഫിയ. ഭാര്യക്കും ആറു വയസുള്ള മകനുമൊപ്പം ഉറങ്ങിക്കിടന്ന സാമിനെ രാവിലെ മരിച്ച നിലയില്‍ കാണുകയായിരുന്നു എന്നാണ് ഭാര്യ പൊലീസിനെ അറിയിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സയനൈഡ് ഉള്ളില്‍ ചെന്നാണ് സാമിന്റെ മരണമെന്ന് വ്യക്തമാകുകയായിരുന്നു. ഇതിന് ശേഷം മാസങ്ങള്‍ നീണ്ട രഹസ്യാന്വേഷണത്തിലൂടെയാണ് പൊലീസ് സോഫിയയെയും അരുണിനെയും അറസ്റ്റ് ചെയ്തത്.

സോഫിയയുമായുള്ള കമലാസനനുള്ള അവിഹിത ബന്ധമാണ് സാമിന്റെ കൊലപാതകത്തിന് കാരണമെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ഒരുവര്‍ഷത്തോളം ഒളിവില്‍ പോയ പ്രതികളെ ചില രഹസ്യ നീക്കങ്ങളിലൂടെയാണ് പിടികൂടാനായതെന്ന് കോടതി വിശദമാക്കി. അരുണിന്, 23 വര്‍ഷം കഴിയാതെയും സോഫിയക്ക് 18 വര്‍ഷം കഴിയാതെയും പരോള്‍ ലഭിക്കില്ലെന്ന് കോടതി അറിയിച്ചു. ‘സോഫിയ ഇപ്പോഴും ചെയ്തുപോയതില്‍ പശ്ചാത്തപിക്കുന്നതായി കരുതാന്‍ കഴിയില്ല’ എന്നു വ്യക്തമാക്കിക്കൊണ്ടാണ് കോടതി വിധി. ഇതിനു സമാനമായ മറ്റൊരു കേസു പോലും തനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും ജസ്റ്റിസ് കോഗ്ലാന്‍ വ്യക്തമാക്കി. അതേസമയം, ഒന്‍പതുകാരനായ മകനെ പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് സോഫിയ ആവശ്യപ്പെട്ടെങ്കിലും കോടതി അത് നിരാകരിക്കുകയായിരുന്നു.