സൂപ്പര്‍ താരം ലയണല്‍ മെസ്സിയും മിഡ്ഫീല്‍ഡ് മാന്ത്രികന്‍ ആന്ദ്രേ ഇനിയസ്റ്റയും ബാര്‍സലോണയില്‍ തുടരുന്ന കാര്യത്തില്‍ സംശയമില്ലെന്ന് ക്ലബ്ബ് തലവന്‍ ജോസപ് മരിയ ബര്‍ത്തമ്യൂ. അടുത്ത സീസണോടെ നിലവിലെ കരാര്‍ അവസാനിക്കുന്ന മെസ്സി ഇതുവരെ പുതിയ കരാറില്‍ ഒപ്പുവെച്ചിട്ടില്ലെങ്കിലും, പുതിയ കരാറിനു കീഴിലാണ് കളിക്കുന്നതെന്ന് ബര്‍ത്തമ്യൂ പറഞ്ഞു. ആന്ദ്രെ ഇനിയസ്റ്റയുമായി ചര്‍ച്ച നടന്നുവരികയാണെന്നും അദ്ദേഹത്തിന്റെ കാര്യം പ്രത്യേകമായാണ് പരിഗണിക്കുന്നതെന്നും ബര്‍ത്തമ്യൂ പറഞ്ഞു.

നെയ്മര്‍ പി.എസ്.ജിയിലേക്ക് കൂടുമാറിയതിനു പിന്നാലെ മെസ്സിയും ക്ലബ്ബ് വിടുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ഫിലിപ് കുട്ടിന്യോയെ ടീമിലെത്തിക്കാന്‍ കഴിയാത്തതില്‍ അര്‍ജന്റീനാ താരം ക്ഷുഭിതനാണെന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. എങ്കിലും പുതിയ സീസണില്‍ മികച്ച ഫോമിലാണ് മെസ്സി. അഞ്ച് മത്സരങ്ങളില്‍ നിന്നായി എട്ട് ഗോളാണ് താരത്തിന്റെ സമ്പാദ്യം.

‘മെസ്സി കരാറിലൊപ്പുവെക്കുന്ന ഫോട്ടോ ഈ വര്‍ഷം അവസാനിക്കുന്നതിനു മുമ്പു തന്നെ ഞങ്ങള്‍ എടുക്കും. അദ്ദേഹത്തിന്റെ കാര്യങ്ങള്‍ നോക്കുന്ന പിതാവ് ഞങ്ങളുമായി കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. 2021 വരെയാണ് പുതിയ കരാര്‍. മെസ്സി നിലവില്‍ കളിക്കുന്നതും അതിനു കീഴിലാണ്.’ ബര്‍ത്തമ്യു പറഞ്ഞു.

ഈ സീസണ്‍ അവസാനത്തോടെയാണ് 33-കാരനായ ഇനിയസ്റ്റയുടെ കരാര്‍ അവസാനിക്കുന്നത്. മിഡ്ഫീല്‍ഡില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്പാനിഷ് താരത്തിന്റെ കരാര്‍ പുതുക്കണമെന്ന ആരാധകരുടെ ആവശ്യം ശക്തമാണ്. എന്നാല്‍, ഇതുവരെ താന്‍ ഭാവി തീരുമാനിച്ചിട്ടില്ലെന്ന് ഇനിയസ്റ്റ വ്യക്തമാക്കിയിരുന്നു.

‘ഇനിയസ്റ്റയുമായുള്ള കരാര്‍ പ്രത്യേകമായിരിക്കും. അദ്ദേഹമായതിനാല്‍ അത് തീര്‍ത്തും വ്യത്യസ്തമായിരിക്കും. സ്വകാര്യ ചര്‍ച്ചകളുടെ ഭാഗമായതിനാല്‍ അതേപ്പറ്റി കൂടുതല്‍ പറയാനാവില്ല. ഇനി കളിക്കാന്‍ കഴിയില്ല എന്ന അവസ്ഥ വരെ അദ്ദേഹം ഇവിടെ കളിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.’ – ബര്‍ത്തമ്യു പറഞ്ഞു.