ഹൈദരാബാദ്: ഇന്ത്യ സന്ദര്‍ശനത്തിന്റെ ഭാഗമായി കഴിഞ്ഞ ശനിയാഴ്ചയാണ് മെസ്സി ഇന്ത്യയിലെത്തിയത്. കൊല്‍ക്കത്തയിലായിരുന്നു ആദ്യ സന്ദര്‍ശനം. കൊല്‍ക്കത്തയില്‍ നിന്ന് മെസി നേരെ പോയത് ഹൈദരാബാദിലേക്കാണ്. അവിടെ മെസിയെ കാണാനും സംസാരിക്കാനുമായി മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമുണ്ടായിരുന്നു.
മെസിയോടൊപ്പമുള്ള രാഹുല്‍ ഗാന്ധിയും നടപ്പും സംസാരവുമൊക്കെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കെ മെസിയുടെ പരിഭാഷകയ്ക്ക് പറ്റിയൊരു അമളിയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി. രാഹുല്‍ ഗാന്ധിയെ ഇന്ത്യയുടെ പ്രധാനമന്ത്രി എന്നാണ് ട്രാന്‍സിലേറ്റര്‍ വിശേഷിപ്പിച്ചത്.
ഉപ്പല്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികളെ സ്പാനിഷിലാണ് മെസി അഭിസംബോധന ചെയ്തത്. ഇതിന്റെ ട്രാന്‍സിലേഷന്‍ നിര്‍വഹിക്കുന്നതിനിടെയാണ് പരിഭാഷക രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി എന്ന് വിശേഷിപ്പിച്ചത്. പരിപാടി കണ്ടവര്‍ക്കത് പെട്ടെന്ന് തിരിച്ചറിയാനും കഴിഞ്ഞില്ല. ഉപ്പല്‍ സ്റ്റേഡിയത്തിലെ ഓരോ പരിപാടിക്കും മെസിക്കൊപ്പം രാഹുല്‍ ഗാന്ധിയുമുണ്ടായിരുന്നു.