തിരുവനന്തപുരം: പുതുവൈപ്പിനില്‍ സമരക്കാര്‍ക്കെതിരെ പൊലീസ് നടത്തിയ ക്രൂരമായ ലാത്തിച്ചാര്‍ജിനെതിരെ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. പൊലീസ് നടപടി തെറ്റാണെന്നും സമരങ്ങളെ അടിച്ചമര്‍ത്തുന്നത് സര്‍ക്കാര്‍ നയമല്ലെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. അതേസമയം എല്‍പിജി നിര്‍മാണം നിര്‍ത്തിവെക്കുമെന്ന് താന്‍ നടത്തിയ ചര്‍ച്ചയില്‍ സമരസമിതി നേതാക്കള്‍ക്ക് ഉറപ്പു നല്‍കിയിട്ടില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ചര്‍ച്ചയിലെ തീരുമാനങ്ങള്‍ തെറ്റായിട്ടാണ് വ്യാഖ്യാനിക്കപ്പെട്ടത്. സമരക്കാര്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
പൊലീസിനെതിരെ സിപിഐയും നേരത്തെ രംഗത്തുവന്നിരുന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ക്കെതിരെ ക്രൂരമായ ലാത്തിച്ചാര്‍ജ്ജ് നടത്തിയ ഡിസിപി യതീഷ് ചന്ദ്രയെ സസ്‌പെന്‍ഡു ചെയ്യണമെന്ന് സിപിഐ ആവശ്യപ്പെട്ടു.