കോഴിക്കോട്: താനൂരിലെ സംഘര്‍ഷത്തില്‍ പോലീസിനെതിരെ ന്യൂനപക്ഷ കമ്മീഷന്‍. സംഘര്‍ഷത്തില്‍ പോലീസും അക്രമികളെപ്പോലെ പെരുമാറി. സംഭവവുമായി ബന്ധമില്ലാത്തവരുടെ വീടുകള്‍ ആക്രമിച്ച് നാശനഷ്ടം വരുത്തിയ പോലീസ് നടപടിയില്‍ കേസെടുക്കണമെന്നും ഇരകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ ഹനീഫയും അംഗം അഡ്വ ബിന്ദു. എം തോമസുമണ് അന്വേഷണം നടത്തിയത്. ‘മാധ്യമം’ പത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

മാര്‍ച്ച് 12നാണ് സംഘര്‍ഷം ഉണ്ടാവുന്നത്. താനൂര്‍ തീരദേശ മേഖലയായ കോര്‍മന്‍ കടപ്പുറം, ചാപ്പപ്പടി, ആല്‍ബസാര്‍ തുടങ്ങിയ ഇടങ്ങളില്‍ വ്യത്യസ്ഥ രാഷ്ട്രീയപാര്‍ട്ടികളിലെ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വീടുകളും വാഹനങ്ങളും തകര്‍ന്നിരുന്നു. ഇവിടെ ന്യൂനപക്ഷങ്ങള്‍ക്ക് പോലീസിന്റെ ഭാഗത്തുനിന്ന് അക്രമവും മര്‍ദ്ദനവും ഉണ്ടാതായി ന്യൂനപക്ഷ കമ്മീഷന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കി. ഇതിലാണ് പോലീസിനെതിരെ വിമര്‍ശനമുള്ളത്.

താനൂരിലും ഊട്ടപുറത്തിലും പോലീസ് ആക്രമണം നടത്തുകയായിരുന്നു. ഇരുപാര്‍ട്ടികളിലും ഉള്‍പ്പെടാത്തവരായിട്ടും പോലീസ് ഈ പ്രദേശത്തെ വീടുകള്‍ നശിപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. നഷ്ടം നികത്താന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും റിപ്പോര്‍ട്ട് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവരില്‍ ചിലര്‍ നിരപരാധികളുണ്ടെന്നും അത് അന്വേഷണ വിധേയമാക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്.