സി.ബി മുഹമ്മദലി

കേരളത്തെയാകെ പിടിച്ചുകുലുക്കിയ തലശ്ശേരി വര്‍ഗീയ കലാപം നടന്നിട്ട് 47 വര്‍ഷം. 1971 ഡിസംബര്‍ 30, 31, 1972 ജനുവരി 1, 2 തിയ്യതികളിലാണ് തലശ്ശേരി നഗരത്തെയും പരിസര പഞ്ചായത്തുകളെയും ചാമ്പലാക്കിയ നിഷ്ഠൂരമായ കലാപം അരങ്ങേറിയത്. ഡിസംബര്‍ 30ന് രാത്രിയായിരുന്നു ലഹളയുടെ തുടക്കം. തലശ്ശേരി ഒ.വി റോഡിലെ നൂര്‍ജഹാന്‍ ഹോട്ടലില്‍ നിന്ന് അമ്പലത്തിലേക്കുള്ള കലശ ഘോഷയാത്രക്ക് നേരെ ചെരിപ്പെറിഞ്ഞു എന്ന കള്ളക്കഥയുണ്ടാക്കിയാണ് ലഹളക്ക് തുടക്കം കുറിച്ചത്. വളരെ ആസൂത്രിതമായി ഉണ്ടാക്കിയ ലഹളയില്‍ ന്യൂനപക്ഷ സമുദായത്തില്‍ പെട്ടവരുടെ വീടുകളും കടകളും പള്ളികളും മദ്രസകളും മറ്റ് ന്യൂനപക്ഷ സ്ഥാപനങ്ങളും തിരഞ്ഞുപിടിച്ച് ആക്രമങ്ങളും കൊള്ളയും കൊള്ളിവെപ്പും തലശ്ശേരി നഗരത്തില്‍ മാത്രമല്ല പരിസര പ്രദേശങ്ങളിലും ആസൂത്രിതമായ കലാപത്തിന്റെ താണ്ഡവം കാരണം വിറങ്ങലിച്ചു. ന്യൂനപക്ഷങ്ങളുടെ സാമ്പത്തിക സ്ഥിരതയും സംഘടിത ശക്തിയും ഭരണ പങ്കാളിത്തവുമെല്ലാം എതിരാളികളില്‍ അസഹിഷ്ണുത നിറച്ചു എന്നതാണ് ലഹളയുടെ കാരണമായി പറയപ്പെടുന്നത്.

ആര്‍.എസ്.എസാണ് കലാപത്തിന് തുടക്കം കുറിച്ചതെങ്കിലും പിന്നീട് എല്ലാ പാര്‍ട്ടികളും പങ്കാളികളായി. ന്യൂനപക്ഷ സംരക്ഷകരാണെന്ന് ഗീര്‍വാണ പ്രസംഗം നടത്തുന്ന സാക്ഷാല്‍ സി.പി.എം ആണ് കലാപത്തില്‍ മുഖ്യ പങ്കുവഹിച്ചതെന്നാണ് തലശ്ശേരി കലാപത്തെപ്പറ്റി അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജോസഫ് വിതയത്തിന്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയത്. നാലു ദിവസം നടന്ന കലാപത്തില്‍ ഒരാള്‍ക്ക് പോലും ജീവഹാനി സംഭവിച്ചില്ല എന്നതാണ് തലശ്ശേരി കലാപത്തിന്റെ പ്രത്യേകത എന്നാല്‍ ഒരു വിഭാഗത്തെ സാമ്പത്തികമായി തകര്‍ക്കുക എന്നതായിരുന്നു മുഖ്യ ലക്ഷ്യം ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടാക്കിയത്. നിരവധി പള്ളികളും മദ്രസകളും മറ്റ് മത സ്ഥാപനങ്ങളും തകര്‍ക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്യുക മാത്രമല്ല നൂറുക്കണക്കിന് വീടുകള്‍ കൊള്ളയടിക്കുകയും ആയിരക്കണക്കിന് പവന്‍ സ്വര്‍ണാഭരണങ്ങളും കറന്‍സികളും കൊള്ളയടിക്കപ്പെട്ട ശേഷം വീടുകള്‍ക്ക് തീയിടുകയുമായിരുന്നു. എല്ലായിടത്തും ഒരേ രീതിയിലുള്ള കൊള്ളയാണ് നടന്നത്. ചില വലിയ തറവാട് വീടുകളില്‍ ചെങ്കൊടിയും പിടിച്ച് കാവല്‍ നില്‍ക്കുന്നവരാണെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടില്‍ കയറി ഉള്ളത് മുഴുവനും കൊള്ളയടിച്ചു. സ്വര്‍ണാഭരണങ്ങള്‍ ചുകപ്പ് കൊടിയില്‍ പൊതിഞ്ഞുകൊണ്ടുപോയ സംഭവങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്. സംഘ്പരിവാറിനെപോലെ സി.പി.എമ്മും കലാപത്തില്‍ പങ്കെടുത്തത് പലരെയും ഞെട്ടിപ്പിച്ചുകളഞ്ഞു.

ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍ എഴുതിയ ‘ജീവിതാമൃത’ എന്ന പുസ്തകത്തില്‍ തലശ്ശേരിയില്‍ നടന്ന വര്‍ഗീയ കലാപം ആസൂത്രണം ചെയ്തത് സി.പി.എമ്മാണെന്ന് തെളിവ് സഹിതം പ്രതിപാദിക്കുന്നുണ്ട്. സി.പി.എം കലാപം നടത്തുന്നതില്‍ ഗൂഢാലോചന നടത്തിയതായി കണ്ടെത്താന്‍ കഴിഞ്ഞുവെന്ന് രാജഗോപാല്‍ പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നു. മുസ്‌ലിംലീഗ് ഇ.എം.എസ് മന്ത്രിസഭയില്‍ നിന്ന് പുറത്തുപോയതോടെ മാര്‍ക്‌സിസ്റ്റ് കേന്ദ്രങ്ങളില്‍ സി.പി.എമ്മുകാരും ലീഗ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം പതിവായി. ഇതിനെ അതിജീവിക്കാന്‍ സി.പി.എമ്മിന് കഴിയാതെ വന്നപ്പോള്‍ അവര്‍ തേടിയ കുറുക്കുവഴിയായിരുന്നു കലാപമെന്ന് പുസ്തകത്തില്‍ തെളിവ് സമര്‍ത്ഥിക്കുന്നു. സി.പി.എം പ്രവര്‍ത്തകര്‍ ജയ് ആര്‍.എസ്.എസ് എന്ന് വിളിച്ചു മുസ്‌ലിം പള്ളികളും മുസ്‌ലിം സ്ഥാപനങ്ങളും അക്രമിക്കുകയും ഇത് ചെയ്തത് ആര്‍.എസ്.എസ്‌കാരാണെന്ന് മുസ്‌ലിംകള്‍ ധരിച്ചുകൊള്ളുമെന്ന് മാര്‍ക്‌സിസ്റ്റുകാര്‍ കരുതുകയും ചെയ്തു. കലാപത്തില്‍ മാര്‍ക്‌സിസ്റ്റ് ഗ്രാമമായ പിണറായിയിലെ പുരാതനമായ വലിയ പള്ളി തകര്‍ന്നു. മുസ്‌ലിംകളെ പൊതുധാരയില്‍ നിന്ന് അകറ്റാനുള്ള ഗൂഢ ശ്രമമാണ് നടന്നതെന്ന് ആത്മകഥയില്‍ ഒ. രാജഗോപാല്‍ വിവരിക്കുന്നുണ്ട് സി.പി.എമ്മിന്റെ ഘടക കക്ഷിയായ സി.പി.ഐ ആണ് സി.പി.എമ്മിന് തലശ്ശേരി വര്‍ഗീയ കലാപത്തില്‍ മുഖ്യ പങ്കുണ്ടെന്ന് ജോസഫ് വിതയത്തിന്‍ മുമ്പാകെ തെളിവ് സഹിതം മൊഴി നല്‍കിയത്.

ന്യൂനപക്ഷങ്ങളെ കൊലക്കത്തിക്കിരയാക്കിയ ചരിത്രമല്ലാതെ അവരെ സംരക്ഷിച്ച ചരിത്രം സി.പി.എമ്മിനില്ല. തലശ്ശേരി വര്‍ഗീയ കലാപത്തില്‍ സംഘ്പരിവാറിന് പങ്കുണ്ടെങ്കിലും കലാപം ആളിപ്പടര്‍ത്തിയത് സാക്ഷാല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തന്നെ. കാരണം സി.പി.എം പാര്‍ട്ടി ഗ്രാമങ്ങളിലായിരുന്നു കലാപം രൂക്ഷമായത്. സി.പി.എം അറിയാതെ ഒരു ഈച്ചക്ക് പോലും പറന്നുപോകാന്‍ സാധിക്കാത്ത പാര്‍ട്ടി ഗ്രാമങ്ങളില്‍ താമസിക്കുന്ന ചെറു ന്യൂനപക്ഷമായ മുസ്‌ലിംകളായിരുന്നു കലാപത്തിന് കൂടുതലും ഇരയായത്. പാര്‍ട്ടി ഗ്രാമങ്ങളില്‍ പള്ളികള്‍ തകര്‍ക്കപ്പെടുകയും മുസ്‌ലിം വീടുകള്‍ കൊള്ളയടിക്കപ്പെടുകയും ചെയ്തപ്പോള്‍ അത് തടയാന്‍ ഒരു സഖാവിനെപ്പോലും കണ്ടില്ല. സി.പി.എമ്മിലെ മുസ്‌ലിം സഖാക്കള്‍ക്കും നേതാക്കള്‍ക്കുപോലും രക്ഷ കിട്ടിയില്ല. കലാപത്തിനിരയായ പാര്‍ട്ടി ഗ്രാമങ്ങളിലെ മുസ്‌ലിം കുടുംബങ്ങള്‍ അടുത്ത പ്രദേശങ്ങളിലേക്കും ബന്ധുവീടുകളിലേക്കും പാലായനം ചെയ്യേണ്ടിവന്നു. യഥാര്‍ത്ഥത്തില്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്ന് മുസ്‌ലിം കുടുംബങ്ങളെ തുടച്ചുമാറ്റപ്പെടുകയാണുണ്ടായത്. സി.പി.എം കോട്ടകളായ കോടിയേരി, പിണറായി, കതിരൂര്‍, എരഞ്ഞോളി, പാറപ്പുറം, തട്ടാരി തുടങ്ങിയ പ്രദേശങ്ങളിലും മുസ്‌ലിം സഖാക്കളടക്കം ഒരൊറ്റ മുസ്‌ലിമിനും മുസ്‌ലിം കുടുംബങ്ങള്‍ക്കും രക്ഷ കിട്ടിയില്ല. സി.പി.എം പാര്‍ട്ടി ഗ്രാമങ്ങളില്‍ ആര്‍.എസ്.എസുകാര്‍ വന്നു പള്ളി തകര്‍ക്കുമെന്ന് കരുതാനാവില്ല. സി.പി.എം മുസ്‌ലിം രക്ഷകരായിരുന്നുവെങ്കില്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ കലാപം നടക്കുകയുമില്ല. കലാപത്തില്‍ പിണറായി പാറപ്പുറത്തെ വലിയ പള്ളികള്‍ തകര്‍ക്കപ്പെട്ട കേസില്‍ പിണറായി വിജയന്റെ മൂത്ത സഹോദരന്‍ കുമാരന്‍ പ്രതിയായിരുന്നു. ആര്‍.എസ്.എസിനെ വെള്ളപൂശാന്‍ ആരും തുനിയില്ല. കാരണം ആര്‍.എസ്.എസിന്റെ ലക്ഷ്യം ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യലാണ്. ഗുജറാത്തിലും മറ്റും അത് കണ്ടതാണ്. എന്നാല്‍ കേരളത്തില്‍ സി.പി.എമ്മിന് ആര്‍.എസ്.എസിന്റെ മുഖമാണ്. ആര്‍.എസ്.എസിന്റെ പണി കേരളത്തില്‍ സി.പി.എം ചെയ്യുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിം ന്യൂനപക്ഷം കൊലക്കത്തിക്കിരയായത് ആര്‍.എസ്.എസിനെക്കാള്‍ കൂടുതല്‍ സി.പി.എമ്മിന്റെ കൈകള്‍ കൊണ്ടാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

മുസ്‌ലിം ന്യൂനപക്ഷ സംരക്ഷകരാണെന്ന് നാഴികക്ക് നാല്‍പത് വട്ടം വിളിച്ചുകൂവുന്നത് വെറും കാപട്യമാണ്. തലശ്ശേരി, മാടായി, എട്ടിക്കുളം, നാദാപുരം പന്നിയൂര്‍ കലാപങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ അതനുഭവിച്ചതാണ്. തലശ്ശേരി കലാപത്തില്‍ സി.പി.എമ്മിന്റെ വികൃതമായ വര്‍ഗീയ മുഖം സംരക്ഷിക്കാന്‍ ഉണ്ടാക്കിയ കള്ളക്കഥയായിരുന്നു; മെരുവമ്പായി പള്ളിക്ക് കാവല്‍ നിന്ന സഖാവ് യു.കെ കുഞ്ഞിരാമന്‍ ആര്‍.എസ്.എസുകാരാല്‍ കൊല്ലപ്പെട്ടു എന്ന പെരും നുണ. കള്ള്ഷാപ്പ് പരിസരത്ത് വെച്ച് വാക്ക്തര്‍ക്കത്തെ തുടര്‍ന്ന് വെട്ടേറ്റ് മരിച്ച കുഞ്ഞിരാമനെ പള്ളിക്ക് കാവല്‍ നിന്നതിന്റെ പേരിലാണ് കൊല്ലപ്പെട്ടതെന്ന് പ്രചരിപ്പിച്ചു. തലശ്ശേരി കലാപവുമായി യാതൊരു ബന്ധവും ഇല്ലാത്ത ഈ കൊലപാതകം നുണപ്രചരണമാക്കുകയായിരുന്നു. നാലര പതിറ്റാണ്ട് കാലം ഈ നുണ ആവര്‍ത്തിക്കുകയായിരുന്നു. എന്നിട്ടെങ്കിലും ജനം ഇതൊന്ന് വിശ്വസിക്കട്ടെ എന്നതാണ് സി.പി.എം ലക്ഷ്യം. പക്ഷെ ഈ ഗീബത്സിയന്‍ തന്ത്രം വിലപ്പോയില്ല. നുണ സത്യമാവാത്തത് കാരണം അതിപ്പോഴും ആവര്‍ത്തിക്കുകയാണ്. തലശ്ശേരിയില്‍ നടന്ന വര്‍ഗീയ കലാപത്തോടെ ആസൂത്രണം ചെയ്തതാണ് മുസ്‌ലിം ന്യൂനപക്ഷത്തെ സാമ്പത്തികമായി തകര്‍ക്കുക എന്ന സി.പി.എമ്മിന്റെ ഹിഡന്‍ അജണ്ട. അത് ഇപ്പോഴും ഉത്തര കേരളത്തില്‍ നടപ്പാക്കുന്നുണ്ട്.