ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മുസ്‌ലിം യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് മരത്തില്‍ കെട്ടിയിട്ട് അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ബറെയ്‌ലി ജില്ലയിലാണ് സംഭവം. 32കാരനായ ബാസിത്ത് ഖാന്‍ ആണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സര്‍ക്കാര്‍ ഓഫീസില്‍ നിന്ന് ചില സാധനങ്ങള്‍ മോഷ്ടിച്ചുവെന്നാരോപിച്ചാണ് മര്‍ദിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാസിത്ത് വെള്ളിയാഴ്ചയാണ് മരിച്ചത്.

ക്രൂരമായി മര്‍ദിച്ച ശേഷം നാട്ടുകാര്‍ ബാസിത്തിനെ പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. തന്നെ ക്രൂരമായി മര്‍ദിച്ചതായി ബാസിത്ത് പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ പുറമേക്ക് പരിക്കില്ലാത്തതിനാല്‍ ആശുപത്രിയിലെത്തിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. ബാസിത്തിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.